| Wednesday, 1st July 2026, 1:26 pm

ഡെലൂലു സോങ് 'സർവം മായ'യിലേതാണെന്ന് കരുതി ഒരു മ്യൂസിക് ഡയറക്ടർ വരെ വിളിച്ചു: ഫെജോ

കെ.എസ് ഷാബിന

ഹൈ വോൾട്ടേജ് റാപ്പ് ഗാനങ്ങളിലൂടെ മലയാളി ആസ്വാദകരെ ആവേശം കൊള്ളിക്കുന്ന പ്രമുഖ മല്ലു റാപ്പറാണ് ഫെജോ (ഫെബിൻ ജോസഫ്). തന്റേതായ വരികളിലൂടെ മലയാളം റാപ്പ് സംഗീത മേഖലയിൽ സ്വന്തം സാമ്രാജ്യം തീർത്ത ഫെജോ, ഇന്ന് ഇൻഡസ്ട്രിയിലെ മുൻനിര റാപ്പർമാരിൽ ഒരാളാണ്.

മോഹൻലാൽ ചിത്രമായ ‘തുടരും’ എന്ന സിനിമയിലെ ‘തലയുടെ വിളയാട്ടം’ എന്ന ഗാനത്തിലൂടെയാണ് ഫെജോ മലയാള സിനിമയിലേക്ക് വരവറിയിച്ചത്. ‘കൂട്ടിലിട്ട തത്ത’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗാനം. ഹേയ് നിമ, ആയിരം ഓറ, എന്തരോ മഹാനുഭാവുലു, വഴികാട്ടി എന്നിവയാണ് ഫെജോയുടെ ഹിറ്റ്ലിസ്റ്റുകൾ.

ഫെജോ.Photo:Spotify

നിവിൻ പോളി പ്രഭേന്ദു ആയും, റിയ ഷിബു ഡെലൂലു ആയും വേഷമിട്ട സത്യൻ അന്തിക്കാട് ചിത്രം ‘സർവം മായ’ റിലീസ് ചെയ്തതു മുതൽ റിയ ഷിബുവിന്റെ ഡെലൂലു എന്ന കഥാപാത്രത്തിന്റെ മൂവി സീനുകൾ കോർത്തിണക്കി, പശ്ചാത്തലത്തിൽ ‘ഡെലൂലു ഡെലൂലു മൈ ട്രഡീഷണൽ ഡെലൂലു’ എന്ന ഗാനം ചേർത്തായിരുന്നു റീലുകൾ വൈറലായത്. എന്നാൽ, ഈ ഗാനം സത്യത്തിൽ ലുക്മാൻ നായകനായ ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിലേതായിരുന്നു.

തന്റെ ‘ഡെലൂലു’ എന്ന റാപ്പ് സോങ് ‘സർവം മായ’ എന്ന സിനിമയിലേതാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചതിനെക്കുറിച്ച് ഫെജോ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണിപ്പോൾ.

അതിഭീകര കാമുകൻ .സർവം മായ.Photo;IMDB

‘ഡെലൂലു സോങ് ഇത്രയും വലിയ ഹിറ്റാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. അത് സത്യത്തിൽ ലുക്മാന്റെ ‘അതിഭീകര കാമുകൻ’ എന്ന സിനിമയിലെ പാട്ടാണ്. പക്ഷേ, എല്ലാവരും അത് ‘സർവം മായ’യിലെ പാട്ടാണെന്നാണ് കരുതിവെച്ചിരിക്കുന്നത്. എന്നെ ഒരു പ്രമുഖ മ്യൂസിക് ഡയറക്ടർ വിളിച്ചു ‘സർവം മായ’ സിനിമയുടെ ക്രെഡിറ്റ് ലിസ്റ്റിൽ ഫെജോയുടെ പേര് കണ്ടില്ലല്ലോ, എന്തുപറ്റി അവർ കട്ട് ചെയ്തോ എന്നാണ് അദ്ദേഹം ചോദിച്ചത്. അപ്പോഴാണ് ഞാൻ പറയുന്നത് അത് ‘സർവം മായ’യിലെയല്ല, വേറെ സിനിമയിലെ പാട്ടാണെന്ന്. റീൽസ് കണ്ടിട്ട് ആ സോങ് സർവം മായയിലേതാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. റീലുകൾക്ക് താഴെ ‘അയ്യോ പടം മാറിപ്പോയി ബ്രോ’ എന്നാണ് ഇപ്പോൾ വരുന്ന ടോപ്പ് കമന്റ്,’ ഫെജോ പറഞ്ഞു.

Content Highlight: Fejo says even a music director called him thinking the ‘Delulu’ song was from ‘Sarvam Maya’

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more