ന്യൂദല്‍ഹി: യു.പി.ഐ മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ 0.4% മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിനെതിരെ ഒക്ടോബര്‍ രണ്ടിന് നോ യു.പി.ഐ ഡേ ആചരിക്കാനൊരുങ്ങി മൊബൈല്‍ വ്യാപാരികള്‍.
2,000 രൂപയ്ക്ക് മുകളിലുള്ള ചില പ്രത്യേക വ്യാപാര ഇടപാടുകള്‍ക്ക് 0.4 ശതമാനം മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഓള്‍ ഇന്ത്യ മൊബൈല്‍ റീട്ടെയ്ലര്‍ അസോസിയേഷനാണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഗാന്ധി ജയന്തി ദിനത്തില്‍ മൊബൈല്‍ ഷോപ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള യു.പി.ഐ ക്യുആര്‍ കോഡുകള്‍ കറുത്ത തുണികൊണ്ട് മൂടുകയും, അന്നേ ദിവസം ഡിജിറ്റല്‍ യു.പി.ഐ പേയ്മെന്റുകള്‍ സ്വീകരിക്കാതെയിരിക്കുകയും ചെയ്യും.
പുതിയ എം.ഡി.ആര്‍ നിരക്ക് നടപ്പിലാകുന്നതോടെ പ്രതിമാസം അഞ്ച് ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ യു.പി.ഐ വഴി ഇടപാട് നടത്തുന്ന ചെറുകിട വ്യാപാരികള്‍ക്ക് മാസംതോറും 2,000 രൂപ മുതല്‍ 12,000 രൂപ വരെ അധിക നഷ്ടമുണ്ടാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് നല്‍കിയ നിവേദനത്തില്‍ എ.ഐ.എം.ആര്‍.എ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ചെറുകിട മൊബൈല്‍ വ്യാപാരികള്‍ക്ക് ഇത് പ്രതിവര്‍ഷം 500 കോടിയോളം രൂപയുടെ അധിക സാമ്പത്തിക ഭാരമുണ്ടാക്കുമെന്നാണ് കണക്ക്. റെയില്‍വേ, ഇന്ധനം, ഇന്‍ഷുറന്‍സ്, ടെലികോം, കാര്‍ഷിക മേഖലകളില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപ മാത്രം നിരക്ക് ഈടാക്കും. ഇതോടെ കഴിഞ്ഞ ആറ് വര്‍ഷമായി നിലനിന്നിരുന്ന പൂര്‍ണ്ണ സൗജന്യ യു.പി.ഐ സംവിധാനത്തിനാണ് മാറ്റം വരുന്നത്.
എന്നാല്‍ പുതിയ ചാര്‍ജ്ജ് ഉപഭോക്താക്കളെ ബാധിക്കില്ലെന്നും വ്യാപാരികളും പേയ്മെന്റ് ബാങ്കുകളും ഉള്‍പ്പെടുന്ന ഇക്കോസിസ്റ്റമാണ് ഇത് വഹിക്കേണ്ടതെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഈ തുക സര്‍ക്കാരിലേക്കല്ല പോകുന്നതെന്നും സര്‍വീസ് പ്രൊവൈഡര്‍മാരാണ് ഈടാക്കുന്നതെന്നും മന്ത്രി വാദിച്ചു. വ്യാപാരികള്‍ ഇത് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ നിരീക്ഷിക്കും.
അതിനിടെ, പുതിയ എം.ഡി.ആര്‍ നിര്‍ദേശത്തിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മതിയായ സുതാര്യതയോ ചര്‍ച്ചകളോ ഇല്ലാതെയാണ് തീരുമാനമെന്ന ഹരജിയിലെ വാദങ്ങള്‍ കോടതി പരിശോധിക്കും.
Content Highlight: Fees for UPI transactions; mobile retailers announce ‘No UPI Day’ on October 2—QR codes in shops to be covered with black cloth.