| Thursday, 12th March 2026, 1:46 pm

ലയണല്‍ മെസിക്ക് ശേഷം 16 വര്‍ഷം കാത്തിരിക്കേണ്ടി വന്നു; ഒടുവില് റയല്‍, നാണക്കേടില്‍ സിറ്റി

ആദര്‍ശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡ്. റയലിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലോസ് ബ്ലാങ്കോസിന്റെ വിജയം. ഇതോടെ രണ്ടാം പാദ മത്സരത്തിന് മുമ്പ് മത്സരത്തില്‍ കൃത്യമായ മേല്‍ക്കൈ നേടാനും റയലിന് സാധിച്ചു.

എംബാപ്പെയടക്കമുള്ള പ്രധാന താരങ്ങളുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ ഫെഡ്രികോ വാല്‍വെര്‍ദെയുടെ ഹാട്രിക്കിലാണ് റയല്‍ ജയിച്ചുകയറിയത്. ആദ്യ പകുതി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വാല്‍വെര്‍ദെ മൂന്ന് ഗോളും വലയിലെത്തിച്ചിരുന്നു. മത്സരത്തിന്റെ 20, 27, 42 മിനിട്ടുകളിലായിരുന്നു വാല്‍വെര്‍ദെ ഗോളടിച്ചത്.

ഇതോടെ ഒരു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ ഫസ്റ്റ് ഹാഫ് ഹാട്രിക് നേടുന്ന താരങ്ങളുടെ പട്ടികയിലും വാല്‍വെര്‍ദെ ഇടം പിടിച്ചു.

നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഇംഗ്ലീഷ് ടീം ഹാട്രിക് വഴങ്ങുന്നത്. 2010ല്‍ ആഴ്‌സണലിനെതിരെ ലയണല്‍ മെസിയാണ് അവസാനമായി പ്രീമിയര്‍ ലീഗ് ക്ലബ്ബിനെതിരെ ചാമ്പ്യന്‍സ് ലീഗ് ഹാട്രിക് നേടുന്നത്.

2010 ഏപ്രില്‍ ഏഴിന് ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ മത്സരത്തില്‍ 4-1നാണ് ബാഴ്‌സ ഗണ്ണേഴ്‌സിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലെ നാല് ഗോളും മെസിയാണ് അടിച്ചെടുത്തത്.

ലയണല്‍ മെസി. Photo: FC Barcelona

മത്സരത്തിന്റെ 18ാം മിനിട്ടില്‍ നിക്ക്‌ലാസ് ബെന്‍ഡ്‌നറിലൂടെ പീരങ്കിപ്പടയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ആ ഗോള്‍ ആഘോഷമവസാനിക്കും മുമ്പ് 21ാം മിനിട്ടില്‍ മെസിയിലൂടെ ബാഴ്‌സ ഒപ്പമെത്തി. 37ാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടിയ താരം 42ാം മിനിട്ടില്‍ ഹാട്രിക്കും പൂര്‍ത്തിയാക്കി.

നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിട്ട് ശേഷിക്കെ ഒരിക്കല്‍ക്കൂടി മെസി ഗണ്ണേഴ്‌സ് ഗോള്‍ കീപ്പറെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു. മത്സരം 4-1ന് ബാഴ്‌സ വിജയിക്കുകയും ചെയ്തു.

അതേസമയം, സിറ്റിക്കെതിരായ മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനാണ് റയല്‍ അവലംബിച്ചത്. മറുവശത്ത് സിറ്റിസണ്‍സ് 4-2-3-1 എന്ന ഫോര്‍മേഷനിലും കളത്തിലിറങ്ങി.

ആദ്യ മിനിട്ടുകളില്‍ തന്നെ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി എതിര്‍ ഗോള്‍മുഖം വിറപ്പിച്ചു. 20ാം മിനിട്ടില്‍ ഗോള്‍ കീപ്പര്‍ തിബൗട് കോര്‍ട്വോ നീട്ടി നല്‍കിയ പന്ത് സ്വീകരിച്ച വാല്‍വെര്‍ദെ സിറ്റി ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡൊണാറൂമ്മയെ പരാജയപ്പെടുത്തി വലകുലുക്കി.

ആദ്യ ഗോള്‍ പിറന്ന് ഏഴാം മിനിട്ടില്‍ വാല്‍വെര്‍ദെ രണ്ടാം ഗോളും അടിച്ചെടുത്തു. ഇത്തവണ വിനീഷ്യസാണ് ഗോളടിക്കാന്‍ അവസരമൊരുക്കിയത്. 43ാം മിനിട്ടില്‍ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി വാല്‍വെര്‍ദെ കരുത്ത് കാട്ടി. തുടര്‍ന്നും ഇരുവരും ആക്രമിച്ചുകളിച്ചെങ്കിലും ഗോളടിക്കാന്‍ സാധിക്കാതെ പോയതോടെ റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം ആഘോഷിച്ചു.

മാര്‍ച്ച് 18നാണ് രണ്ടാം പാദ മത്സരം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയമാണ് വേദി.

Content Highlight: Federico Valverde becomes first player since Lionel Messi to score a hat-trick against a Premier League club in the Champions League

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more