| Saturday, 30th August 2025, 7:54 am

ട്രംപിന്റെ തീരുവ വര്‍ധനവ് നിയമവിരുദ്ധം; നടന്നത് അധികാര ദുര്‍വിനിയോഗമെന്ന് ഫെഡറല്‍ അപ്പീല്‍സ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നടപടി നിയമവിരുദ്ധമെന്ന് ഫെഡറല്‍ അപ്പീല്‍സ് കോടതി. ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്കണോമിക്കല്‍ ഫാക്റ്റ് എന്ന നിയമം ഉപയോഗിച്ചാണ് ട്രംപ് ഇന്ത്യ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങള്‍ക്കെതിരെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്.

രാജ്യം അടിയന്തര സാമ്പത്തിക സാഹചര്യം നേരിടുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ട നിയമമാണ് ഇത്. എന്നാല്‍ നിയമം ഉപയോഗിച്ച് ട്രംപ് ഏകപക്ഷീയമായ തീരുവ നടപ്പിലാക്കിയത് അധികാര ദുര്‍വിനിയോഗമാണെന്ന് ഫെഡറല്‍ അപ്പീല്‍സ് കോടതി ചൂണ്ടിക്കാട്ടി.

നടപ്പാക്കിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് നേരത്തെ കണ്ടെത്തിയ കീഴ് കോടതിയുടെ ഉത്തരവാണ് അപ്പീല്‍സ് കോടതി ശരി വെച്ചത്. എന്നാല്‍ മിഡ് ഒക്ടോബര്‍ വരെ നിലവിലെ തീരുവകള്‍ തുടരാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ കേസ് യു.എസ് സുപ്രീംകോടതിയില്‍ അപ്പില്‍ നല്‍കാനുള്ള സാവകാശമാണ് നല്‍കിയിരിക്കുന്നത്.

തീരുവ നിയമങ്ങള്‍ പോലുള്ള അധിക നിയമ നടപടികള്‍ കൈക്കൊള്ളാനുള്ള അവകാശം നിയമനിര്‍മാണ സഭയ്ക്ക് മാത്രമാണ്. പ്രസിഡന്‍ഡിന്റെ തീരുവ നടപടികള്‍ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇതോടെ ട്രംപിന്റെ പ്രതികരണവും വന്നിരുന്നു. നടപടികള്‍ നിര്‍ത്തിവച്ചാല്‍ രാജ്യത്തിന് ദോഷകരമായി ബാധിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. പക്ഷാപാതമായ വിധിയാണ് കോടതിയുടെതെന്ന് ട്രംപ് പ്രതികരിച്ചു.

ജനപ്രതിനിധി സഭയെ വിശ്വാസത്തില്‍ എടുക്കാത്ത പ്രസിഡന്‍ഡിന്റെ ഉത്തരവുകള്‍ അധികാര ദുര്‍വിനിയോഗം തന്നെയാണെന്ന് കോടതി എടുത്തുപറഞ്ഞു. വിധിക്കെതിരെ ട്രംപ് യു.എസ് സുപ്രീംകോടതിയില്‍ അപ്പില്‍ നല്‍കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Content Highlight: Federal appeals court Says US President Donald Trump’s tariff action is illegal

Latest Stories

We use cookies to give you the best possible experience. Learn more