വാഷിങ്ടണ്‍: ഹഷ് മണി കേസിലെ ക്രിമിനല്‍ കുറ്റവിധി തടയാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമത്തിന് അനുകൂല വിധിയുമായി ഫെഡറല്‍ അപ്പീല്‍ കോടതി. കേസ് ഫെഡറല്‍ കോടതിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കിക്കൊണ്ടാണ് കോടതി തിങ്കളാഴ്ച ഉത്തരവിട്ടത്. ഇതോടെ പ്രസിഡന്റിനുള്ള നിയമപരമായ പരിരക്ഷ ചൂണ്ടിക്കാട്ടി കേസും കുറ്റവിധിയും റദ്ദാക്കണമെന്ന് ട്രംപിന് ആവശ്യപ്പെടാനാകും.
ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് കോടതിയില്‍ തന്നെ കേസ് തുടരണമെന്ന കീഴ്ക്കോടതിയുടെ മുന്‍ ഉത്തരവ് മൂന്നംഗങ്ങളുള്ള യു.എസ് രണ്ടാം സര്‍ക്യൂട്ട് അപ്പീല്‍ കോടതിയാണ് റദ്ദാക്കിയത്. ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് കോടതിയില്‍നിന്ന് കേസ് ഫെഡറല്‍ കോടതിയിലേക്ക് മാറ്റണമെന്ന ട്രംപിന്റെ ആവശ്യം എത്രയും വേഗം പരിഗണിച്ച് തീരുമാനമെടുക്കാന്‍ ജഡ്ജിയോട് കോടതി നിര്‍ദേശിച്ചു.
ന്യൂയോര്‍ക്കിലെ സ്റ്റേറ്റ് കോടതിയില്‍ വിചാരണ നടത്തി ട്രംപ് 34 കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കേസിലാണ് പുതിയ നീക്കം. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമകളില്‍ (അഡല്‍ട്ട് മൂവി) അഭിനയിക്കുന്ന സ്റ്റോമി ഡാനിയല്‍സിന് 1.3 ലക്ഷം ഡോളര്‍ (ഏകദേശം 1,30,000 ഡോളര്‍) നല്കിയ വിവരം മറച്ചുവെക്കാന്‍ ബിസിനസ് രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് ട്രംപിനെതിരായ കുറ്റം.
കേസ് ഫെഡറല്‍ കോടതിയില്‍ തുടരാന്‍ തീരുമാനിച്ചാല്‍ പ്രസിഡന്റിനുള്ള നിയമപരമായ പരിരക്ഷയുടെ അടിസ്ഥാനത്തില്‍ കുറ്റവിധി റദ്ദാക്കണമെന്ന് ട്രംപിന് വാദിക്കാനാകും. ഇതോടെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് കോടതിയില്‍ ട്രംപ് സമാന്തരമായി നല്‍കിയിട്ടുള്ള അപ്പീല്‍ നടപടികളും താത്ക്കാലികമായി നിര്‍ത്തിവെക്കപ്പെടും.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന് ശിക്ഷയൊന്നും വിധിച്ചിരുന്നില്ല. ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
രണ്ട് പേജുള്ള ഉത്തരവിലാണ് അപ്പീല്‍ കോടതി നിലപാട് വ്യക്തമാക്കിയത്. ചരിത്രപ്രധാനമായ ഈ കേസ് സ്റ്റേറ്റ് കോടതിയില്‍നിന്ന് ഫെഡറല്‍ കോടതിയിലേക്ക് മാറ്റണമെന്ന ട്രംപിന്റെ ആവശ്യം നേരത്തെ തള്ളിയ അന്തരിച്ച യു.എസ് ജില്ലാ ജഡ്ജി ആല്വിന് ഹെല്ലര്‍സ്റ്റീന്റെ തീരുമാനത്തോട് വിയോജിക്കുന്നതായും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കേസുകള്‍ സ്റ്റേറ്റ് കോടതിയില്‍നിന്ന് ഫെഡറല്‍ കോടതിയിലേക്ക് മാറ്റുന്ന നടപടിയാണ് ‘റിമൂവല്‍’ എന്നറിയപ്പെടുന്നത്.
Content Highlight: Federal appeals court issues a ruling favorable to Donald Trump, paving the way for his exoneration