| Monday, 16th February 2026, 9:56 pm

ഫെബ്രുവരി 17; 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യൂ.സി.സി

രാഗേന്ദു. പി.ആര്‍

കൊച്ചി: ‘അവള്‍ക്കൊപ്പം’ ക്യാമ്പയിനുമായി മലയാള സിനിമാസംഘടനായ ഡബ്ല്യൂ.സി.സി (വിമണ്‍ ഇന്‍ സിനിമ കളക്ടീവ്). നാളെ (ഫെബ്രുവരി 17) സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ മെഴുകുതിരി തെളിയിച്ച് സംഘടന ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തും.

തിരുവനന്തപുരം മാനവീയം വീഥി, കൊച്ചിയിലെ അബ്ദുല്‍ കാലം മാര്‍ഗ്, മറൈന്‍ ഡ്രൈവ്, മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജ് എന്നിവിടങ്ങളിലാണ് മെഴുകുതിരി തെളിയിക്കുക.

അതിജീവിതയുടെ പോരാട്ടത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്ന തീരുമാനത്തോടെയാണ് ‘അവള്‍ക്കൊപ്പം’ എന്ന പ്രസ്ഥാനം പിറന്നതെന്ന് ഡബ്ല്യൂ.സി.സി പ്രസ്താവനയില്‍ പറഞ്ഞു. ഇരുട്ടിന്റെ മറനീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിയിക്കാമെന്നും ഡബ്ല്യൂ.സി.സി പ്രതികരിച്ചു.

2017 ഫെബ്രുവരി 17ന് രാത്രിയാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. അതൊരു ഇരുണ്ട ദിനമായിരുന്നുവെങ്കിലും ആ ദിവസം തന്നെയാണ് അതിജീവിത ധൈര്യത്തോടെ തെറ്റ് ചെയ്തവര്‍ക്കെതിരെ സംസാരിച്ചതെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.

ഡിസംബര്‍ എട്ടിന് എറണാകുളം സെഷന്‍സ് കോടതി നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പുറപ്പെടുവിച്ചിരുന്നു. കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി, ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ വെറുതെ വിടുകയായിരുന്നു.

ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരിലാണ് എട്ടാം പ്രതിയായ ദിലീപിനെ അടക്കം കോടതി വെറുതെ വിട്ടത്. ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം വരെ തടവും പിഴയുമായിരുന്നു കോടതി വിധിച്ചത്.

ഇത് ബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചായിരുന്നു കോടതിയുടെ ശിക്ഷാവിധി. പ്രതികള്‍ 40 വയസില്‍ താഴെയുള്ളവരാണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

വിചാരണക്കോടതിയുടെ വിധിയില്‍ അതൃപ്തിയുണ്ടെന്ന് അതിജീവിതയും പ്രോസിക്യൂട്ടറും വ്യക്തമാക്കിയിരുന്നു. പിന്നാലെ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Content Highlight: February 17; WCC with ‘Avalakkoppam’ campaign

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more