| Tuesday, 16th December 2025, 10:20 pm

ബി.ജെ.പി ഇന്ത്യയുടെ പേര് മാറ്റി ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ എന്നാക്കുമോയെന്നാണ് ഭയം: ഭഗവന്ത് മന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് വി.ബി.ജി റാം ജി എന്നാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിസിഹസിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. പേര് മാറ്റല്‍ ശീലമാക്കിയ ബി.ജെ.പി സര്‍ക്കാര്‍ വൈകാതെ രാജ്യത്തിന്റെ പേര് മാറ്റുമെന്ന ഭയത്തിലാണ് താനെന്ന് മന്‍ പറഞ്ഞു.

രാജ്യത്തിന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ എന്നാക്കി മാറ്റുമോയെന്നാണ് തന്റെ ഭയമെന്ന് മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നിരവധി നഗരങ്ങളുടെയും റെയില്‍വേ സ്‌റ്റേഷനുകളുടെയും പേര് മാറ്റിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ എന്ന് പേര് മാറ്റുമോയെന്ന് ഞാന്‍ പേടിക്കുന്നു.

യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമേ മാറ്റം കൊണ്ടുവരാനാകൂ, അല്ലാതെ പേര് മാറ്റുന്നത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ല,’ ഭഗവന്ത് മന്‍ പറഞ്ഞു.

‘ഷാരൂഖ് ഖാന്‍ എന്ന് ഒരാളുടെ പേര് മാറ്റിയെന്ന് കരുതുക. അതുകൊണ്ട് അയാള്‍ ഷാരൂഖ് ഖാന്‍ ആകുമോ? നിങ്ങളുടെ പേര് (ഒരു പത്രപ്രവര്‍ത്തകനെ ചൂണ്ടി) മെസി എന്നാക്കി മാറ്റിയാല്‍ നിങ്ങളെ കാണാന്‍ ആളുകള്‍ ചണ്ഡീഗഡിലേക്ക് വരുമോ? ‘ മന്‍ ചോദിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ പേര് വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) (വി.ബി.ജി റാം ജി) എന്നാക്കി മാറ്റാനും പഴയ പദ്ധതി റദ്ദാക്കാനുമുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഇത്തരത്തില്‍ പേര് മാറ്റുന്നതിലൂടെ എന്താണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും അനാവശ്യമായ ചെലവുകളാണ് ഇതിലൂടെ കേന്ദ്രം വരുത്തിവെയ്ക്കുന്നതെന്നും വിമര്‍ശിച്ചിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.

Content Highlight: Fears that BJP will change India’s name to Deendayal Upadhyaya Nagar: Bhagwant Mann

We use cookies to give you the best possible experience. Learn more