ലഖ്‌നൗ: കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെയും ഉത്തർപ്രദേശ് സർക്കാരിന്റെയും ആയുസ് അവസാന ഘട്ടത്തിലാണെന്ന് സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് തുറന്നടിച്ചു.
അധികാരം കൈവിട്ടുപോകുമെന്ന് വ്യക്തമായതോടെ, പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്ത് സ്വന്തം നേതാക്കളുടെ പോക്കറ്റ് വീർപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലഖ്‌നൗവിൽ പാർട്ടി ആസ്ഥാനത്തു വിവിധ രാഷ്ട്രീയ നേതാക്കളുടെ പാർട്ടി പ്രവേശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എസ്.പി അനുകൂല വോട്ടർമാരെ തഴയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും പരിശോധനകൾക്ക് മുതിർന്നേക്കാമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇതിനെതിരെ ബൂത്ത് തലം മുതൽ ശക്തമായ നിരീക്ഷണം വേണമെന്ന് അണികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
എസ്.ഐ.ആർ വഴി സാധാരണക്കാരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും വോട്ടവകാശം ഒഴിവാക്കപ്പെടാതിരിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും, ഏതെങ്കിലും തരത്തിലുള്ള ഒത്തുകളി നടക്കുന്നുണ്ടോയെന്ന് സസൂക്ഷ്മം നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ രാജ്യം കാണാത്ത വിധത്തിലുള്ള വൻ അഴിമതികളാണ് ബി.ജെ.പി സർക്കാരിന്റെ കാലത്തുണ്ടായതെന്ന് അഖിലേഷ് പറഞ്ഞു. നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണവും ഭീകരവാദവും തടയുമെന്ന് പ്രഖ്യാപിച്ചവർ രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്കാണ് നയിച്ചത് എന്ന് അദ്ദേഹം വിമർശിച്ചു.
പദ്ധതികളുടെ പേരിൽ പൊതുജനങ്ങളുടെ പണം സ്വന്തം കൂട്ടാളികൾക്ക് തിരിച്ചുവിടുന്ന ഏർപ്പാടാണ് ഇരു സർക്കാരുകളും ചെയ്യുന്നത്. ഇതിനുപുറമെ, പ്രതിപക്ഷ നേതാക്കളെയും ഇതര പാർട്ടികളെയും അപകീർത്തിപ്പെടുത്താൻ മാത്രമായി വിപുലമായ പ്രചാരണ ഫണ്ടാണ് ബി.ജെ.പി ഉപയോഗിക്കുന്നത്. തൊഴിൽ, നിക്ഷേപം എന്നീ വിഷയങ്ങളിൽ വാഗ്ദാനങ്ങൾ മാത്രമാണ് മിച്ചമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായുമലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവും മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ അഖിലേഷ് പരിഹസിച്ചു. രാഷ്ട്രീയപരമായി ബി.ജെ.പിയുടെ ഊർജ്ജം നഷ്ടപ്പെട്ടിരിക്കെ, അവർ അന്തരീക്ഷ ശുദ്ധീകരണത്തെക്കുറിച്ച് ചർച്ച നടത്തുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.
നോയിഡയിലെ വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലും ആവശ്യത്തിന് ഇരിപ്പിടങ്ങളോ പുസ്തകങ്ങളോ പോലും ലഭ്യമാക്കാതെ പൊതുവിദ്യാഭ്യാസത്തെ സർക്കാർ തകർത്തു.സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും അവതാളത്തിലാണെന്നും സ്വന്തം ജാതിയിൽപ്പെട്ടവർക്ക് പ്രത്യേക പരിരക്ഷ നൽകുന്ന പൊലീസ് സംവിധാനമാണ് യു.പിയിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
എസ്.പി എം.പി പപ്പു നിഷാദിന്റെ വാഹനത്തിനു നേരെയുണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണ്. പിന്നാക്ക, ദളിത്, ന്യൂനപക്ഷ (പി.ഡി.എ) നേതാക്കൾക്കെതിരെ വ്യാജ കേസുകൾ ചമയ്ക്കാനും ഭീഷണിപ്പെടുത്താനുമാണ് ഭരണകൂടം തുനിയുന്നതെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
ലോധി, നിഷാദ് സമുദായങ്ങളിൽപ്പെട്ട ജനപ്രതിനിധികളെയും നേതാക്കളെയും ലക്ഷ്യമിട്ട് പി.ഡി.എ സമൂഹത്തെ അടിച്ചമർത്താനാണ് ബി.ജെ.പിയും സർക്കാരും തുനിയുന്നതെന്ന് എക്സിലെ കുറിപ്പിൽ അഖിലേഷ് വിമർശിച്ചിരുന്നു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ നിരാശ മറികടക്കാൻ ജനാധിപത്യപരമായ വഴികൾക്ക് പകരം അധികാര ദുർവിനിയോഗമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ബിജെപിയുടെ നിഷേധാത്മക രാഷ്ട്രീയം ഇനി വിലപ്പോവില്ല. ഇത്തവണ പരാജയപ്പെട്ടാൽ അവർക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല,’ അദ്ദേഹം കുറിച്ചു.
സാമൂഹിക നീതി നടപ്പിലാക്കി സൗഹാർദപരമായ ഒരു രാജ്യം കെട്ടിപ്പടുക്കാൻ സമാജ്‌വാദി പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് അഖിലേഷ് കൂട്ടിച്ചേർത്തു.
ചൂഷണങ്ങളോ വിവേചനങ്ങളോ ഇല്ലാത്ത, യുവാക്കളുടെ ക്രിയാത്മക ചിന്തകളിൽ അധിഷ്ഠിതമായ ഒരു ‘നവഭാരതമാണ്’ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങൾക്ക് തുല്യതയുടെ അടിസ്ഥാനത്തിൽ വളരാനുള്ള സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight:Fearing the loss of power, the BJP is looting the people: Akhilesh Yadav