ശ്രീനഗര്‍: പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള തീരുമാനത്തിനു തൊട്ടുപിന്നാലെ ജമ്മു കശ്മീരിലാരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്താനായി സൈന്യം പെല്ലറ്റ് ആക്രമണം നടത്തിയതിന്റെ ചിത്രങ്ങളും ഇതോടകം പുറത്തുവന്നുകഴിഞ്ഞു.
എന്നാല്‍ തങ്ങളുടെ ശരീരത്തില്‍ തറച്ചുകയറിയ പെല്ലറ്റുകള്‍ സ്വയം ചവണയുപയോഗിച്ച് എടുത്തുകളയുകയാണ് പ്രതിഷേധക്കാര്‍. ഇതിനായി ആശുപത്രിയില്‍ പോയാല്‍ തങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെടുമോ എന്ന ആശങ്കയാണ് ഇവരെക്കൊണ്ട് സ്വയം ചികിത്സ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
ശ്രീനഗറിന് അടുത്തുള്ള അഞ്ചാര്‍ മേഖലയിലാണ് ഇക്കാലയളവില്‍ ഏറ്റവുമധികം പെല്ലറ്റാക്രമണത്തെ അതിജീവിച്ചവരുള്ളത്. ഓഗസ്റ്റ് അഞ്ചിനുശേഷം നടന്ന പെല്ലറ്റാക്രമണത്തിലും കണ്ണീര്‍ വാതക പ്രയോഗത്തിലും പരിക്കേറ്റത് ഇവിടെ ഇരുന്നൂറോളം യുവാക്കള്‍ക്കാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മാത്രമുണ്ടായ സംഘര്‍ഷത്തില്‍ ഇരുപതോളം യുവാക്കള്‍ക്കു പരിക്കേറ്റതായി പ്രദേശവാസികളെ ഉദ്ധരിച്ച് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്തു.
ശ്രീനഗറിലെ സിറ്റി ആശുപത്രിയാണ് ഇവര്‍ക്കു സമീപമുള്ള ചികിത്സാകേന്ദ്രം. അഞ്ചാറില്‍ നിന്ന് കേവലം ഒരു കിലോമീറ്റര്‍ ദൂരം മാത്രമേ ഇങ്ങോട്ടുള്ളൂ. എന്നാല്‍ ഇവിടെയെത്തുന്നവരെ നിരീക്ഷിക്കാനായി കശ്മീര്‍ പൊലീസിന്റെ സംഘം തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചത്തെ പെല്ലറ്റാക്രമണത്തില്‍ അതിഗുരുതരമായി പരിക്കേറ്റ ഒരാളുടെ നിലയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അയാളുടെ നെഞ്ച്, തോളുകള്‍, വയര്‍, കൈകള്‍, കാലുകള്‍, തല, നെറ്റി, വലത്തേ ചെവി എന്നിവയില്‍ ഒന്നിലധികം പെല്ലറ്റ് കൊണ്ടുള്ള മുറിവുകള്‍ കാണാം.
ഇരുപതിലധികം പെല്ലറ്റുകളാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് പ്രദേശവാസികള്‍ തന്നെ നീക്കിയത്.
അഞ്ചാറിലെ വീടുകള്‍ക്കൊന്നും തന്നെ ജനലുകളില്ലാതായെന്നുള്ള കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യം നടത്തുന്ന പെല്ലറ്റാക്രമണത്തെ പ്രതിരോധിക്കാനായി ടിന്‍ ഷീറ്റുകളും കാര്‍ഡ്‌ബോര്‍ഡുകളുമൊക്കെയാണ് ഇവര്‍ ജനലിനു പകരം ഉപയോഗിക്കുന്നത്.
വഴികളിലാവട്ടെ, മുഴുവന്‍ പൊട്ടിയ കല്ലുകളാണ്. ഭിത്തികളില്‍ സ്വാതന്ത്ര്യാനുകൂലവും പാക്കിസ്ഥാന്‍ അനുകൂലവുമായ മുദ്രാവാക്യങ്ങളാണ് എഴുതിയിട്ടുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അഞ്ചാറിലേക്കുള്ള വഴി മുഴുവന്‍ സ്റ്റീല്‍ കമ്പികള്‍ കൊണ്ടും തടികള്‍ കൊണ്ടും നിറച്ചിരിക്കുകയാണ്. സൈന്യത്തെ തടയാന്‍ വേണ്ടിയാണിത്. ‘കശ്മീരിന്റെ ഗാസ’ എന്നാണ് വിദേശമാധ്യമങ്ങള്‍ അഞ്ചാറിനെ വിശേഷിപ്പിക്കുന്നത്.
അഞ്ചാറിലെ ചില ചെറുപ്പക്കാര്‍ പെല്ലറ്റ് നീക്കം ചെയ്യുന്നതില്‍ വിദഗ്ധരായി മാറിയെന്ന് പ്രദേശത്തു കട നടത്തുന്ന മുംതാസ് ‘ദ വയറി’നോടു പറഞ്ഞു. പെല്ലറ്റ് നീക്കം ചെയ്തശേഷം ഇവര്‍ ആന്റിസെപ്റ്റിക് ക്രീം തേയ്ക്കുകയാണ് ചെയ്യുന്നതെന്നും മുംതാസ് പറഞ്ഞു.
25,000-ത്തോളം പേരാണ് അഞ്ചാറിലുള്ളത്. പ്രതിഷേധത്തില്‍ സ്ത്രികളും മുതിര്‍ന്നവരും അടക്കം പങ്കെടുക്കുന്നുണ്ട്. തങ്ങളുടെ സ്വത്വമാണ് ന്യൂദല്‍ഹി ഇന്ന് പിടിച്ചെടുത്തതെന്ന് അവരിലൊരാള്‍ പറഞ്ഞതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈകുന്നേരമായാല്‍ ഒരു സംഘം യുവാക്കള്‍ റോഡിലിറങ്ങി സൈന്യം വരുന്നതു നിരീക്ഷിക്കുന്നതു പതിവാണ്. പ്രതിഷേധത്തിനു ശേഷം ഓഗസ്റ്റ് ഒമ്പതിനു മൂന്നു യുവാക്കളെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. അതു തുടരുമോയെന്ന ആശങ്കയിലാണിത്.
സമീപമുള്ള മുസ്‌ലിം പള്ളിക്കു തൊട്ടുപിറകില്‍ പ്രദേശവാസികള്‍ സൈന്യം പ്രയോഗിച്ച ഷെല്ലുകളും മറ്റും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇതിന്റെ ചിത്രവും ദ വയര്‍ പുറത്തുവിട്ടു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ദ വയര്‍