ന്യൂദല്‍ഹി: എഫ്.സി.ആര്‍.എ ബില്‍ ഇന്ന് (ബുധനാഴ്ച) ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യില്ല. അടുത്ത സമ്മേളനത്തിലായിരിക്കും ബില്‍ പരിഗണിക്കുകയെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയം കാരണമാണ് കേന്ദ്രത്തിന്റെ പിന്മാറ്റമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ബഹളം കാരണം സഭ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
എഫ്.സി.ആര്‍.എ ബില്‍ ഉടനെ പിന്‍വലിക്കണം. ബില്‍ പിന്‍വലിക്കും വരെ പ്രക്ഷോഭം നടത്തും. ബില്‍ ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കാത്തത് കേന്ദ്ര സര്‍ക്കാരിന്റെ ഗിമ്മിക്കാണെന്നും കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍ വിമര്‍ശിച്ചിരുന്നു.
ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി എന്‍.ജി.ഒകളുടെയും താത്പര്യങ്ങളെ തടസപ്പെടുത്തുന്ന ഒരു ക്രൂരമായ നിയമമാണിത്. പ്രതിപക്ഷം ബില്ലിനെ ശക്തമായി അപലപിക്കുകയും എതിര്‍ക്കുകയും ചെയ്യും, ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.
ഇത് ക്രിസ്ത്യാനികളുടെയോ ഏതെങ്കിലും പ്രത്യേക സമൂഹത്തിന്റെയോ പ്രശ്‌നമല്ല. ന്യൂനപക്ഷങ്ങളുടെ പ്രത്യേകാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ബിജെപിയുടെ ആസൂത്രിത അജണ്ടയാണിതെന്ന് ആര്‍.എസ്.പി എം.പി എന്‍.കെ. പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.
ഇന്ത്യയിലെ വിദേശ സംഭാവനകളുടെ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണെന്ന് അവകാശപ്പെട്ടാണ് വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്‍-2026 ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരുന്നത്.
2010 ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തില്‍ കൂടുതല്‍ ഭേദഗതികള്‍ വരുത്താന്‍ ആവശ്യപ്പെടുന്ന ബില്ലാണിത്. വിഷയത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും തെറ്റിദ്ധാരണ പരത്തുകയാണെന്നും ഈ ഭേദഗതി ആര്‍ക്കും എതിരല്ലെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കൂടിയായ കരണ്‍ റിജിജു പ്രതികരിച്ചിരുന്നു.
Content Highlight: FCRA Bill: Center says bill will be discussed in next session; Opposition says election fears