| Tuesday, 31st March 2026, 2:28 pm

എഫ്.സി.ആര്‍.എ ഭേദഗതി: ഇനി ചര്‍ച്ചയില്ല, എല്ലാവരുമായി ആവശ്യമായ ചര്‍ച്ച നടത്തിയെന്ന് കിരണ്‍ റിജിജു; നിഷേധിച്ച് സഭ

അനിത സി

ന്യൂദല്‍ഹി: വിദേശഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി(എഫ്.സി.ആര്‍.എ)യില്‍ ഇനി ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു.

എല്ലാവരുമായി ആവശ്യത്തിലധികം ചര്‍ച്ചകള്‍ നടത്തിയെന്നും എഫ്.സി.ആര്‍.എ ഭേദഗതി സഭകളെ ബാധിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വിഷയത്തില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ന്യൂനപക്ഷ താത്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഹനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുമായി വിഷയത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സി.ബി.സി.ഐ നേതൃത്വം പ്രതികരിച്ചു. ചര്‍ച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് തെറ്റാണെന്നും അദ്ദേഹം എന്താണ് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും വൈദികന്‍ മാത്യു കോയിക്കല്‍ പറഞ്ഞു.

വിഷയത്തില്‍ ഏഴംഗ കോര്‍ കമ്മിറ്റിയെ സി.ബി.സി.ഐ നിയോഗിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ കേന്ദ്രത്തെ അറിയിക്കാന്‍ ശ്രമിക്കുകയാണ്. ചര്‍ച്ചകള്‍ക്കായി സഭയുടെ പരിശ്രമങ്ങള്‍ തുടരുമെന്നും മാത്യു കോയിക്കല്‍ പ്രതികരിച്ചു.

വിഷയത്തില്‍ ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിദേശ സംഭാവനകള്‍ കാരണം നാടിന് നേട്ടങ്ങളുണ്ടായിട്ടുണ്ട്. കണക്കുകളില്‍ പിഴവുകളുണ്ടെങ്കില്‍ കണ്ടെത്തണം. അല്ലാതെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനല്ല ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്തുന്ന ന്യൂനപക്ഷ പീഡനങ്ങളുടെ തുടര്‍ച്ചയായി മാത്രമേ ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ എഫ്.സി.ആര്‍.എ ഭേദഗതി ബില്ലിനെ കാണാന്‍ കഴിയൂ. ക്രൈസ്തവ മിഷനറിമാരുടെ ആരോഗ്യ, വിദ്യാഭ്യാസ ആരാധന സേവന സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് എഫ്.സി.ആര്‍.എ ഭേദഗതി ചെയ്യുന്നതെന്നുള്ള ആശങ്കയാണ് രാജ്യമാകെ ഉയര്‍ന്നിരിക്കുന്നത്.

അതിശക്തമായ പ്രതിഷേധവും പ്രതിരോധവും ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി പ്രതികരിച്ചു.

Content Highlight: FCRA Amendment: No more discussion, Kiren Rijiju says necessary discussions were held with everyone; CBCI denies

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more