പുല്‍വാമ ഭീകരാക്രമണത്തില്‍ നാല്‍പ്പത് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ട വേളയില്‍ തിരിച്ചടിക്കും എന്നായിരുന്നു എന്റെ പത്രത്തിന്റെ ലീഡ് തലക്കെട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെ കൊടുത്ത ലീഡ് തിരിച്ചടിച്ചു എന്നും. ഇപ്പോള്‍ നടക്കുന്നത് യുദ്ധക്കൊതിയാണ്, പിന്നില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയമാണ് എന്നൊക്കെ ആലോചിക്കുകയും പറയുകയും ചെയ്യുന്ന ഡസ്‌ക് മീറ്റിങിന് ശേഷമാണ് ഇത്തരമൊരു തലക്കെട്ടിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നത്.
ഉള്ളിന്റെ ഉള്ളില്‍ ഏതോ വായനക്കാരനെ തൃപ്തിപ്പെടുത്താനുള്ള, അല്ലെങ്കില്‍ രാജ്യദ്രോഹിയാകുമോ എന്ന ഉള്‍ഭയമുള്ള, അല്ലെങ്കില്‍ മറ്റു പത്രങ്ങളിലെ വിന്യാസങ്ങളോട് തോറ്റുപോകുമോ എന്ന പേടിയുള്ള ഒരു ഫാക്ടര്‍ ന്യൂസ് മുറിക്കകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ചാനലെന്നോ പത്രമെന്നോ വ്യത്യാസമില്ലാതെ ആ ഫാക്ടറുണ്ട്. ഫയലുകള്‍ വച്ച് മനോരമ ബോംബിങിന്റെ ഗ്രാഫിക്സ് ഉണ്ടാക്കുന്നതും പുതുതായി വന്ന ന്യൂസ് 24 ചാനല്‍ ഒരു യുദ്ധന്യൂസ് മുറി തന്നെ ഉണ്ടാക്കുന്നതും അങ്ങനെയാണ്. ടി.ആര്‍.പി റേറ്റിങും വായനക്കാരനെ പിടിച്ചു നിര്‍ത്തലും തന്നെ കാര്യം.
തെറ്റാണോ ശരിയാണോ എന്നു നോക്കുക പോലും ചെയ്യാതെയാണ് ചാനലുകള്‍ ദൃശ്യങ്ങള്‍ ഇട്ടലയ്ക്കുന്നതു പോലും. ഉദാഹരണത്തിന് ജെയ്ഷെ മുജാഹിദീന്‍ ക്യാംപില്‍ വ്യോമസേന നടത്തിയ ആക്രമണമെന്നു പറഞ്ഞ് ഇന്നലെ ദേശീയ മാദ്ധ്യമങ്ങള്‍ കാണിച്ച വിഷ്വല്‍സ് പോലും വ്യാജമായിരുന്നു. ന്യൂസ് 18 ചാനലാണ് എക്സ്‌ക്ലൂസീവ് എന്നു പറഞ്ഞ് ആ ദൃശ്യം ആദ്യമായി പുറത്തുവിട്ടത്. പിന്നീട ഇന്ത്യ ടുഡേ, എകണോമിക് ടൈംസ്, ആജ് തക്, ടൈംസ് നൗ തുടങ്ങി മറ്റു ചാനലുകളും അതേറ്റു പിടിച്ചു. യഥാര്‍ത്ഥത്തില്‍ ഈ ദൃശ്യങ്ങള്‍ 2017 ല്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതാണ്.
ഇതാ യുദ്ധം വരുന്നു എന്നതാണ് യുദ്ധത്തിലാകുന്നതിനേക്കാള്‍ ഭീതി.