ഫാസിൽ മുഹമ്മദ് തിരക്കഥയും സംവിധാനവും നിർവഹിച്ച ഫെമിനിച്ചി ഫാത്തിമ അടുത്തിടെയാണ് മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയത്. സമൂഹം കളിയാക്കി വിളിക്കുന്ന ഫെമിനിച്ചി എന്ന വാക്കിന് മറ്റൊരു അർത്ഥവും താളവും നൽകിക്കൊണ്ട്, ഒരു സാധാരണ വീട്ടമ്മയുടെ ജീവിതത്തിലൂടെ ഫെമിനിസത്തെ സൂക്ഷ്മമായി അവതരിപ്പിക്കുകയാണ് ചിത്രം.
ഇപ്പോഴിതാ സംവിധായകൻ ഫാസിൽ മുഹമ്മദ് ഫെമിനിച്ചി ഫാത്തിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ്. ഇൻഡിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിൽ മുഹമ്മദ്.photo.Facebook
ഫെമിനിച്ചി എന്നൊരു വാക്ക് ആളുകൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നൊരു പോയിന്റിൽ നിന്നും ചിന്തിച്ചിട്ടാണ് ഞാൻ സിനിമയ്ക്ക് വേണ്ടി അത്തരം ഒരു പേരിലേക്ക് കടന്നത്. ഒരു ദിവസം ഒരു റീൽ കണ്ടു, രണ്ടു താത്തമാർ വളരെ സന്തോഷത്തോടെ ഡാൻസ് കളിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ അതിനിടയിൽ കണ്ട ഒരു കമന്റാണ് എന്നെ ചിന്തിപ്പിച്ചത്. സമൂഹത്തിൽ മുന്നോട്ട് വന്ന് സ്വന്തം അഭിപ്രായം പറയുന്ന സ്ത്രീകളെയാണ് ഇവർ ഇങ്ങനെ ഫെമിനിച്ചി എന്ന് കളിയാക്കുന്ന പോലെ വിളിക്കുന്നത്. പക്ഷെ എന്റെ ഒരു കാഴ്ചപ്പാടിൽ അത് ഒരു കളിയാക്കലല്ല, മറിച്ച് അംഗീകാരമാണ്. ആ ഒരു ചിന്തയിലാണ് സിനിമയ്ക്ക് അങ്ങനെ ഒരു പേര് വന്നത്.
പിന്നെ സിനിമയിലേക്ക് വരുമ്പോൾ ഫെമിനിച്ചി ഫാത്തിമ എന്നത് രണ്ടും ഓപ്പോസിറ്റ് കോൺട്രാസ്റ്റിൽ നിൽക്കുന്ന പേരുകളാണ്. അതിനൊരു കൗതുകമുണ്ട്. അപ്പോൾ അതിന്റെ ഒരു എൻഡ് പിടിക്കുക എന്ന രീതിയിൽ സംഭവിച്ചതാണ്. സ്ക്രിപ്റ്റ് എഴുതുമ്പോഴും ഫെമിനിച്ചിയിലേക്ക് എത്തിക്കുക എന്നാൽ ആ ഒരു ട്രാൻസ്ഫോർമേഷൻ ഭീകരമാവരുത്, അല്ലെങ്കിൽ എല്ലാവർക്കും കണക്ട് ആവണം എന്നുണ്ടായിരുന്നു.
സിനിമയുടെ ടൈറ്റിലാണ് ആദ്യം കിട്ടുന്നത്. പിന്നെ സ്ക്രിപ്റ്റ് ഡെവലപ്പ് ചെയ്യുന്ന സമയത്ത് ഞാൻ എന്റെ താത്തയുടെ വീട്ടിൽ പോയപ്പോൾ ഒരു സംഭവമുണ്ടായി. ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ കേൾക്കുന്നത് കിടക്കയിൽ മൂത്രമൊഴിച്ചതിന് മകനെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ആ സമയത്ത് താത്ത പറഞ്ഞ വാക്കുകൾ എനിക്ക് വലിയ രീതിയിൽ സ്ട്രൈക്ക് ആയി. ഞാൻ അപ്പോൾ തന്നെ അത് നോട്ട് ചെയ്തുവെച്ചു. പിന്നെ ഞാൻ നോക്കുമ്പോൾ താത്ത തനിയെ ഒറ്റയ്ക്ക് ബെഡ് ചുമന്നുകൊണ്ടുപോകുന്നതാണ് കണ്ടത്. അപ്പോൾ അത് കണ്ടപ്പോൾ വിഷമം തോന്നി. അങ്ങനെ ആ ഒരു എലമെന്റ് എന്തായാലും സിനിമയിൽ കേറ്റണം എന്ന് വിചാരിച്ചു.
പിന്നെ നമ്മുടെ കുടുംബത്തിലും ചുറ്റുവട്ടത്തുമൊക്കെ ചില കാര്യങ്ങൾ കാണുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ട് എന്ത് മണ്ടത്തരമാണ് ഇവർ ഈ കാണിക്കുന്നത് എന്ന്. അത്തരം കാര്യങ്ങൾ ഞാൻ എന്റെ സിനിമയിലോട്ട് ഉൾപ്പെടുത്തി. പിന്നെ ഒരു സ്ത്രീ എത്രത്തോളം സ്വതന്ത്രയാവണം എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് എന്റെ ചുറ്റുവട്ടത്തു നിന്നും മനസിലാക്കിയ കാര്യങ്ങളാണ് ഞാൻ എന്റെ സിനിമയിൽ ഉൾപ്പെടുത്തിയത്,’ഫാസിൽ മുഹമ്മദ് പറഞ്ഞു.
ഫെമിനിച്ചി ഫാത്തിമ.photo.Cinema Express