മുംബൈ: മുംബൈയിലെ മുഹറം ഘോഷയാത്രയില്‍ വിഷം നിറച്ച ക്യാപ്സ്യൂളുകള്‍ വിതരണം ചെയ്ത ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിമും തീവ്ര മുസ്‌ലിം വിരുദ്ധനുമാണെന്ന് വ്യക്തമാക്കി ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. പൂനെയില്‍ ബിസിനസുകാരനാണ് 39 കാരനായ പ്രേംജി. വെള്ളിയാഴ്ച തെക്കന്‍ മുംബൈയില്‍ നടന്ന മുഹറം ഘോഷയാത്രയിലായിരുന്നു പ്രേംജി ക്യാപ്‌സൂളുകള്‍ വിതരണം ചെയ്തത്. ഷിയ മുസ്‌ലിം സമുദായാംഗങ്ങളായിരുന്നു മുഹറം ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നത്.
15000 പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടാണ് ഗുളിക വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രേംജി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞിരുന്നു. എലിവിഷമായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡ് നിറച്ച 14,900 ക്യാപ്‌സൂളുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഗുജറാത്തിലെ കച്ചില്‍ നിന്നുള്ള ഒരു ഖോജ ഷിയ മുസ്‌ലിം കുടുംബാംഗമാണ് താനെന്ന് പ്രേംജി ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഷിയ ഇസ്‌ലാമിന്റെ കടുത്ത വിമര്‍ശകനായിരുന്നു പ്രേംജി എന്ന് ഇന്ത്യന്‍ എക്‌സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു ‘ശരിയായ പ്രവൃത്തി’ എന്ന തരത്തിലാണ് 15000 പേരെ വിഷം നല്‍കി കൊലപ്പെടുത്താനുള്ള ശ്രമത്തെ പ്രേംജി വിശേഷിപ്പിച്ചതെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു. ഈ രീതിയില്‍ വിഷയത്തെ അവതരിപ്പിച്ച് ഏതാനും പേരുടെ പിന്തുണ നേടിയെടുക്കാനും ഇയാള്‍ക്ക് സാധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുഹറത്തിന് രണ്ടാഴ്ച മുമ്പ് തന്നെ പ്രേംജി മുംബൈയിലെ ഡോംഗ്രിയില്‍ ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ആ ലോഡ്ജില്‍ കഴിയവെ 30,00 കാലി കാപ്‌സൂളുകള്‍ക്കും 50 കിലോ സിങ്ക് ഫോസ്‌ഫൈഡിനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ഇയാള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.
കുറേ ദിവസങ്ങളെടുത്താണ് പ്രേംജി ഈ കാപ്‌സൂളുകളില്‍ സിങ്ക് ഫോസ്‌ഫൈഡ് നിറച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 30,000 കാപ്‌സൂളുകളിലും വിഷം നിറച്ച് വിതരണം ചെയ്യാനായിരുന്നു പ്രേംജി തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2015-16 കാലത്ത് ഫയാസ് പ്രേംജി മുസ്‌ലിം സമുദായത്തിനകത്ത് പരിഷ്്കരണം വേണമെന്ന് അഭിപ്രായപ്പെടാറുള്ളതായാണ് പരിചയക്കാരില്‍ നിന്ന് അറിയാന്‍ സാധിച്ചതെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ പ്രേംജി ഇസ്‌ലാം മതം ഉപേക്ഷിച്ചു. അതിന് ശേഷം ഒരു നിരീശ്വര വാദിയും എക്‌സ് മുസ് ലിമുമായി പ്രേംജി സ്വയം വിശേഷിപ്പിക്കാന്‍ ആരംഭിച്ചു. സമൂഹമാധ്യമങ്ങളില്‍ മുസ്‌ലിം സമുദായത്തിനെതിരെ പ്രേംജി നിരന്തരം വിമര്‍ശനം ഉന്നയിക്കാറുണ്ടായിരുന്നു.
ഷിയ മുസ് ലിംകള്‍ക്കെതിരായ യൂട്യൂബ് വീഡിയോകളിലും പോഡ്കാസ്റ്റുകളിലും പ്രേംജി സംസാരിക്കാറുണ്ടായിരുന്നു. വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകളിലെ വീഡിയോകളിലും പോഡ്കാസ്റ്റുകളിലുമായിരുന്നു ഇയാള്‍ സ്ഥിരമായി അതിഥിയായെത്തി സംസാരിക്കാറുണ്ടായിരുന്നത്.
ഷിയ മുസ്‌ലിങ്ങളെയും ഇറാനെയും വിമര്‍ശിക്കുന്ന വാദങ്ങള്‍ പോഡ്കാസ്റ്റുകളിലും വീഡിയോകളിലും പ്രേംജി പറയാറുണ്ടായിരുന്നു. താന്‍ മതം ഉപേക്ഷിച്ചതിനെക്കുറിച്ചും ഈ വീഡിയോകളില്‍ പ്രേംജി സംസാരിക്കാറുണ്ടായിരുന്നു.
വെള്ളിയാഴ്ച നടന്ന മുഹറം ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് വേദനസംഹാരിയാണെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നാണെന്നും പറഞ്ഞാണ് പ്രേംജി ഗുളികകള്‍ വിതരണം ചെയ്തത്. എന്നാല്‍, ഇയാളുടെ പെരുമാറ്റത്തിലും ഗുളികവിതരണത്തിലും സംശയം തോന്നിയ മൂന്ന് വനിതാ വളന്റിയര്‍മാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഫയാസ് പ്രേംജിയെ കസ്റ്റഡിയിലെടുത്തതോടെ വിതരണംചെയ്തത് വിഷഗുളികകളാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഗുളിക കഴിച്ച 11 പേരെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം. പ്രേംജിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 123 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Content Highlight: Fayyaz Premji: ‘ex-Muslim’ man’s ‘confession’ about Mumbai Muharram plot to kill 15,000