കോഴിക്കോട്: സ്ത്രീകളുടെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസ് നടത്തിയ പ്രസ്താവന അതിമനോഹരമെന്ന് സാമൂഹിക നിരീക്ഷകന്‍ ബഷീര്‍ വള്ളിക്കുന്ന്.
അതിമനോഹരവും ചരിത്രപരവുമായ ഒരു മറുപടിയാണ് ഫാത്തിമ നര്‍ഗീസ് നല്‍കിയതെന്ന് ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബഷീര്‍ വള്ളിക്കുന്നിന്റെ പ്രതികരണം.
ഫാത്തിമയുടേത് ഒരു തലമുറയുടെ മുന്നോട്ടുള്ള നടത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഫാത്തിമയുടെ അഭിപ്രായത്തെ റദ്ദ് ചെയ്തുകൊണ്ട് മുനവ്വറലി തങ്ങള്‍ എഴുതിയ തിരുത്ത് കാലത്തിന്റെ പിറകോട്ടുള്ള നടത്തമാണെന്നും ബഷീര്‍ വള്ളിക്കുന്ന് വിമര്‍ശിച്ചു.
‘സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. പക്ഷെ ചില ആളുകള്‍ ഉണ്ടാക്കിയെടുത്ത കാര്യങ്ങളാണ് ഇതെല്ലാം. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം വുമണ്‍ റെവലൂഷന്റെ ഭാഗം കൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാം,’ എന്നായിരുന്നു ഫാത്തിമ നര്‍ഗീസിന്റെ പരാമര്‍ശം.
മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിലാണ് സ്ത്രീകളുടെ പള്ളി പ്രവേശനത്തെ കുറിച്ച് ഫാത്തിമ നര്‍ഗീസ് സംസാരിച്ചത്.
എന്നാല്‍ 16 വയസുള്ള ഒരു കുട്ടി പര്യാപ്തമായ പഠനത്തിന്റെ അഭാവം മൂലം നടത്തിയ പ്രസ്താവനയായി മകളുടെ പരാമര്‍ശത്തെ കാണണമെന്നായിരുന്നു മുനവ്വറലി തങ്ങളുടെ പ്രതികരണം.
‘കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്‌ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്,’ എന്നും മുനവ്വറലി തങ്ങള്‍ പ്രതികരിച്ചിരുന്നു.
നിലവില്‍ മുനവ്വറലി തങ്ങളുടെ തിരുത്തിനെ വിമര്‍ശിച്ചും അനുകൂലിച്ചും പ്രതികരണങ്ങള്‍ ഉയര്‍ന്നുണ്ട്. ഫാത്തിമ നര്‍ഗീസിനെ പിന്തുണച്ചും മുനവ്വറലി തങ്ങളെ വിമര്‍ശിച്ചും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് രംഗത്തെത്തി.
ഫാത്തിമയുടേത് ഇസ്‌ലാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപടാണെന്നും മുനവ്വറലിയുടേത് തെറ്റാണെന്നുമാണ് ടി.കെ. അഷ്റഫ് പറഞ്ഞത്.
Content Highlight: Fatima Nargis’ statement is very beautiful: Basheer Vallikunnu