| Saturday, 28th June 2025, 2:17 pm

ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്താന്‍ പോകുമ്പോള്‍ മാഷാ അള്ളാ സ്റ്റിക്കറൊട്ടിച്ചവരെ സംഘാവ് എന്നല്ലാതെ എന്ത് വിളിക്കും: ഫാത്തിമ തഹ്ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം നേതാവ് എം. സ്വരാജിനെ സംഘാവ് എന്ന വിളിച്ചതില്‍ വിശദീകരണവുമായി മുസ്‌ലിം വനിത ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ. കുറച്ച് നാളുകളായി മതം വേര്‍തിരിച്ച് വോട്ടുപിടിക്കലാണ് സി.പി.ഐ.എം ചെയ്യുന്നതെന്നും ആര്‍.എസ്.എസുമായി കൂട്ടുകൂടിയിട്ടുണ്ടെന്ന് അഭിമാനപൂര്‍വം പറയുന്നവരെ സംഘാവ് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നും ഫാത്തിമ തഹ്‌ലിയ ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ വഴിയായിരുന്നു തഹ്‌ലിയയുടെ പ്രതികരണം.

കുറെ നാളുകളായി സി.പി.ഐ.എം തിരഞ്ഞെടുപ്പുകളെ നേരിടുന്നത് വര്‍ഗീയമായാണെന്നും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന് മുമ്പായി മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള പത്രങ്ങളില്‍ എന്‍.ആര്‍.സിയെക്കുറിച്ചും ക്രിസ്ത്യന്‍ മാനേജ്‌മെന്റ് പത്രങ്ങളില്‍ മണിപ്പൂരിനെക്കുറിച്ചും പരസ്യം നല്‍കിയത് ഇടതുപക്ഷമാണ്. ഇങ്ങനെ മതം തിരിച്ച് വോട്ട് ചോദിക്കുവരെ സംഘാവ് എന്നല്ലാതെ എന്താണ് വിളിക്കുക.

ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച കാര്യം തങ്ങള്‍ ആരും മറന്നിട്ടില്ലെന്നും ഇതിന് നേതൃത്വം നല്‍കിയത് മുന്‍ എം.എല്‍.എയായ കെ.കെ. ലതികയാണെന്ന കാര്യവും ആരും മറക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കണ്ടെയ്‌നര്‍ യാത്രയെന്ന വിശേഷിപ്പിച്ച വടകരയിലെ ഇടതുപക്ഷ നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ചവരെ സംഘാവ് എന്നല്ലാതെ മറ്റെന്ത് വിളിക്കും,’ ഫാത്തിമ തഹ്‌ലിയ ചോദിച്ചു.

എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുന്നുവെന്നും തഹ്‌ലിയ തന്റെ വീഡിയോയിലൂടെ ആരോപിച്ചു. ആര്‍.എസ്.എസ് നേതാവുമായും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയെ സംരക്ഷിക്കുന്നവരെ സംഘാവ് എന്നല്ലാതെ മറ്റെന്താണ് വിളിക്കുക?.

ഹിന്ദു ഐക്യവേദി നേതാവ് ശശികലയുമായി തന്നെ ഉപമിച്ചതിനും തഹ്‌ലിയ വീഡിയോയിലൂടെ മറുപടി നല്‍കി. ശശികലയെ എപ്പോഴും ചാപ്പകുത്തലാണല്ലോ സൈബര്‍ സഖാക്കളുടെ പ്രധാനപരിപാടിയെന്നും എന്നാല്‍ ശശിലയ്‌ക്കെതിരെ കേരള പൊലീസ് എത്ര കേസുകള്‍ എടുത്തിട്ടുണ്ടെന്നും തഹ്‌ലിയ ചോദിച്ചു.

ഇത്തരം ചാപ്പയടികള്‍ കൈയില്‍ വെച്ചാല്‍ മതിയെന്നും വരും കാലങ്ങളില്‍ വേണമെങ്കില്‍ ശശികല ഫാന്‍സ് അസോസിയേഷന്‍ എന്നോ ശശികല സംരക്ഷണ സമിതിയെന്നോയുള്ള പേരില്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ അറിയപ്പെടാമെന്നും തഹ്‌ലിയ വീഡിയോയിലൂടെ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വരാജിന്റെ പരാജയവുമായി ബന്ധപ്പെട്ട് ഫാത്തിമ തഹ്ലിയ പങ്കുവെച്ച പോസ്റ്റിനെതിരെ ഇടത് ഹാന്‍ഡിലുകളില്‍ നിന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയത്തിലാണ് തഹ്‌ലിയയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ ‘വാപ്പുട്ടിക്ക സംഘാവിന്റെ വാ പൂട്ടി’യെന്ന് തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമാണ് ഇടതുപക്ഷ ഗ്രൂപ്പുകളില്‍ നിന്ന് ഉയര്‍ന്നത്.

Content Highlight: Fathima Thahiliya reacts to the cyber attack related to the Sankhavu remark

We use cookies to give you the best possible experience. Learn more