| Friday, 18th April 2025, 8:12 pm

ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച രണ്ട് മണിക്ക് കോട്ടയം മാങ്ങാനത്ത് നടക്കും.

2000ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഡോക്ടറാണ് മാത്യു സാമുവല്‍. ഇന്ത്യയിലെ പ്രമുഖമായ ആശുപത്രികളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഡോ. മാത്യു സാമുവല്‍ കളരിക്കല്‍.

കോട്ടയം ജില്ലയിലെ മാങ്ങാനത്ത് 1948ലാണ് മാത്യു സാമുവല്‍ കളരിക്കലിന്റെ ജനനം. 1974ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നാണ് അദ്ദേഹം എം.ബി.ബി.എസ് ബിരുദം പൂര്‍ത്തിയാക്കിയത്.

1978ല്‍ ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ഡിയും 1981ല്‍ ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും ഡി.എമ്മും അദ്ദേഹം നേടി.

കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ്, റോട്ടാബ്ലേറ്റര്‍ അത്രക്ടമി എന്നിവയിലാണ് അദ്ദേഹം പ്രാവീണ്യം നേടിയിരുന്നത്. 1986ല്‍ ഇന്ത്യയിലെ ആദ്യത്തെ ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് മാത്യു സാമുവലാണ്.

25,000ലേറെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റിക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഏഷ്യ-പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പ്രചാരത്തില്‍ മാത്യു സാമുവല്‍ നിര്‍ണായകമായ പങ്കും വഹിച്ചു.

Content Highlight: Father of Indian Angioplasty Dr. Mathew Samuel Kalarickal passed away

We use cookies to give you the best possible experience. Learn more