| Thursday, 7th August 2025, 5:34 pm

സിസ്‌റ്റേഴ്‌സിനെ ഒറ്റിക്കൊടുക്കാതിരുന്ന ആ പെണ്‍കുഞ്ഞുങ്ങളല്ലേ നമ്മുടെ പിതാക്കന്‍മാരെക്കാളൊക്കെ എത്രയോ നല്ല ക്രിസ്ത്യാനികള്‍; ഫാദര്‍ നിതിന്‍ പനവേലിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ച കേരള ജനതയെ പ്രകീര്‍ത്തിച്ച് ഫാദര്‍ നിതിന്‍ പനവേല്‍. ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും വിമര്‍ശിച്ച അദ്ദേഹം കേന്ദ്രസര്‍ക്കാരിന് നന്ദി പറഞ്ഞ ക്രൈസ്ത മേലധ്യക്ഷന്‍മാരെ പരിഹസിക്കുകയും ചെയ്തു.

ഇരയുടെ കൂടെ നടക്കുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നവരോട് ഇനി ഇല്ല ചങ്ങാത്തം എന്ന് പ്രസംഗിച്ച അതേ പാംപ്ലാനി കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയതിന് അമിത് ഷായ്ക്കും കേന്ദ്രനേതൃത്വത്തിനും നന്ദി പറഞ്ഞെന്ന് ഫാദര്‍ നിതിന്‍ പനവേല്‍ വിശദീകരിച്ചു.

ഇരയുടെ കൂടെ നടക്കുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നവരോട് ഇനി ഇല്ല ചങ്ങാത്തം എന്ന് പിതാവ് പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പ് വന്നിരുന്നെന്നും ഈയൊരൊറ്റ പ്രസംഗത്തോടെ ആ 300 രൂപയുടെ റബ്ബര്‍ പരാമര്‍ശത്തിലെ ക്ഷീണം മാറിക്കിട്ടുമെന്ന് അദ്ദേഹത്തോട് താന്‍ നേരിട്ട് പറഞ്ഞിരുന്നെന്നും നിതിന്‍ പനവേല്‍ പറയുന്നു.

എന്നാല്‍ വെറും രണ്ട് ദിവസം പിന്നിട്ടപ്പോള്‍ കേരളം കണ്ട ഏറ്റവും അശ്ലീലമെന്ന് പറയാവുന്ന തരത്തില്‍ അദ്ദേഹം അമിത് ഷാക്കും ബി.ജെ.പി നേതൃത്വത്തിനും നന്ദി പറഞ്ഞെന്നും ഇതേ വേട്ടക്കാര്‍ക്കൊപ്പം പത്രസമ്മേളനം നടത്തിയെന്നും നിതിന്‍ പനവേല്‍ ചൂണ്ടിക്കാട്ടി. ഇത് കേരളത്തില്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ കന്യാസ്ത്രീകളുടെ കൂടെ നിന്ന മലയാളികളെ അവഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേക്ക്, സ്വര്‍ണകിരീടം, കുരുത്തോല, തൃശൂര്‍, സുരേഷ് ഗോപി എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഇന്ന് നിങ്ങള്‍ ചിരിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ കയ്യടിക്കുന്നുണ്ടെങ്കില്‍, ഈ വാക്കിന് പിന്നിലുള്ള കള്ളത്തരം എന്താണെന്ന് മനസിലാക്കാന്‍ പറ്റുന്ന ബോധമുള്ള കേരള സമൂഹം ഇവിടെയുണ്ട് എന്നാണ് അതിനര്‍ത്ഥമെന്നും നിതിന്‍ പനവേല്‍ പറഞ്ഞു.

ചേര്‍ത്തുനിര്‍ത്തുന്ന ശത്രുക്കളേക്കാള്‍ നമ്മളെ സങ്കടപ്പെടുത്തുന്നത് കൂടെ നിന്ന് ഒറ്റിക്കൊടുക്കുന്ന യൂദാസുമാരാണെന്നും പുറത്തുനിന്ന് നമ്മള്‍ക്കിട്ട് പണിതരുന്ന ശത്രുക്കളേക്കാള്‍ നമ്മുടെ നെഞ്ച് പൊള്ളിപ്പോകുന്നത് നമ്മുടെ കൂടെ നിന്ന് നമ്മളെ ഒറ്റിക്കൊടുക്കുന്ന ഒറ്റുകാരെ കാണുമ്പോഴാണെന്നും ഫാദര്‍ പനവേല്‍ പറഞ്ഞു.

നിതിന്‍ പനവേലിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഈ കഴിഞ്ഞ ഒന്‍പത് ദിവസങ്ങളില്‍ നടന്ന കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് പറയാന്‍ തോന്നുന്ന ഒരു കാര്യം കേരളം കണ്ട ഏറ്റവും കണ്ട മനോഹരമായ കാഴ്ചയും മനോഹരമായ ഒന്‍പത് ദിവസങ്ങളുമാണ് കടന്നുപോയത് എന്നാണ്.

അത് വെറുതെ പറയുന്നതല്ല. ചത്തീസ്ഗഡിലുള്ള രണ്ട് കന്യാസ്ത്രീകള്‍, അല്ലെങ്കില്‍ രണ്ട് മനുഷ്യര്‍. അവര്‍ ഒരു പ്രശ്‌നത്തില്‍ പെട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുന്ന ഒരു കേരള ജനതയെ ഞാന്‍ കണ്ടു.

ഞാന്‍ ചാലയില്‍ നിന്ന് വരുമ്പോള്‍ ആലുവ ടൗണില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ, അദ്ദേഹം ഒരു ഇസ്‌ലാം മതവിശ്വാസിയാണ്. അവര്‍ ഇവര്‍ക്ക് വേണ്ടി ഉപവാസം ഇരിക്കുന്നത് കണ്ടു. പിന്നീട് ഇങ്ങോട്ട് വരുമ്പോള്‍ സി.പി.ഐ.എം അടക്കം പല സ്ഥലങ്ങളിലും സമ്മേളനം നടത്തിക്കൊണ്ടിരിക്കുകയാണ്. അപൂര്‍വമായിട്ടേ ഇങ്ങനെയുള്ള കാഴ്ചകള്‍ കാണുള്ളൂ.

ജോണ്‍ ബ്രിട്ടാസ് എന്ത് സുന്ദരമായിട്ടാണ് എന്താണ് സിസ്‌റ്റേഴ്‌സ് ചെയ്യുന്നതെന്ന് ഓരോ പാര്‍ലമെന്റേറിയന്റേയും പേര് വിളിച്ചുകൊണ്ട് പറയുന്നത്.

നിങ്ങള്‍ പഠിച്ചത് കോണ്‍വെന്റ് സ്‌കൂളിലല്ലേ, എന്നിട്ട് നിങ്ങള്‍ ക്രിസ്ത്യാനിയായോ, നിങ്ങള്‍ ഇപ്പോഴും ഹിന്ദുവല്ലേ എന്ന് ജോണ്‍ ബ്രിട്ടാസ് മനോഹരമായി ചോദിക്കുന്നത് കേട്ടു. സ്വന്തം സഹോദരനെപ്പോലെ ചേര്‍ത്തുപിടിക്കുന്ന റോജി എം ജോണിനെ ചത്തീസ്ഗഡിന്റെ ജയിലിന്റെ മുന്നില്‍ നമ്മള്‍ കണ്ടു.

എല്ലാ പാര്‍ട്ടിക്കാരും മതമെന്നോ ജാതിയെന്നോ വര്‍ഗമെന്നോ വര്‍ണമെന്നോ വ്യത്യാസമില്ലാതെ രണ്ട് സിസ്‌റ്റേഴ്‌സിന് വേണ്ടി കേരളത്തിലങ്ങോളം ഇങ്ങോളം അണിനിരന്നിട്ടുണ്ടെങ്കില്‍, നമ്മള്‍ അങ്ങനെ സാധാരണ ചെയ്യുന്നവരല്ല, അത് ഏറ്റവും സുന്ദരമായ ഒരു കാഴ്ചയാണ്.

മൂന്നും നാലും അഞ്ചും ദിവസങ്ങളില്‍ പ്രൈം ടൈം ചര്‍ച്ചകളില്‍ ഈ വിഷയം കത്തിച്ചുനിര്‍ത്താനായി എല്ലാ ചാനലുകളും മത്സരിച്ചെങ്കില്‍ രാഷ്ട്രീയമുതലെടുപ്പ് മാത്രമാണ് അതിന് പിന്നിലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഇവിടെയൊക്കെ നന്മയുണ്ട് സ്‌നേഹമുണ്ട്. നീതി പുലരണേ എന്നാഗ്രഹിക്കുന്ന നല്ല കേരള സമൂഹം ഇന്നും ബാക്കിയുണ്ട്. ഈ ചേതോഹരമായ കാഴ്ച കണ്ടതിന് ശേഷം ഞാന്‍ കണ്ട മറ്റുചില കാഴ്ചകള്‍ കൂടി പങ്കുവെച്ചിട്ട് പ്രസംഗം അവസാനിപ്പിക്കാം.

ചില വാക്കുകള്‍ പറയാം. അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിയാണോ കരച്ചിലാണോ വരുകയെന്ന് അറിയില്ല.

വാക്ക് നമ്പര്‍ വണ്‍. കേക്ക്. നമ്പര്‍ 2. സ്വര്‍ണകിരീടം. വാക്ക് 3. കുരുത്തോല. 4. തൃശൂര്‍. ഒരു പേര് സുരേഷ് ഗോപി. ഈ വാക്കുകള്‍ മാത്രം കേട്ട് ഇന്ന് നിങ്ങള്‍ ചിരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കയ്യടിക്കുന്നുണ്ടെങ്കില്‍ ഈ വാക്കിന് പിന്നിലുള്ള കള്ളത്തരം എന്താണെന്ന് മനസിലാക്കാന്‍ പറ്റുന്ന ബോധമുള്ള കേരള സമൂഹം ഇവിടെയുണ്ട് എന്നാണ് അതിനര്‍ത്ഥം. അതെങ്കിലും ബാക്കിയുണ്ടെന്നതാണ് ഏക പ്രതീക്ഷ.

കഴിഞ്ഞ ദിവസം ഒരു പ്രതിഷേധ സംഗമം നടക്കുകയാണ്. ആ സംഗമത്തില്‍ ഏറ്റവും മനോഹരമായി പ്രസംഗിക്കുന്ന ഒരു പിതാവിനെ ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ വീറും വാശിയും അദ്ദേഹം പറഞ്ഞ വാക്കുകളും കേട്ടപ്പോള്‍ എനിക്ക് പഴയ സിനിമാഡയലോഗ് ഓര്‍മവന്നു.

ഞാന്‍ കണ്ടെടോ എന്റെ ആ പഴയ വിപ്ലവ വൈദികനെ അന്ന്. അങ്ങോളം ഇങ്ങോളം തെരുവുകളില്‍ പേടിസ്വപ്‌നമായിരുന്ന, ഒന്നിനേയും പേടിക്കാതെ സത്യത്തിന് വേണ്ടി ശബ്ദിച്ചിരുന്ന വിപ്ലവ സൂര്യനെപ്പോലെ പ്രസംഗിച്ചിരുന്ന ഒരു വൈദികനെ ആ വേദിയില്‍ ഞാന്‍ കണ്ടെടോ..

അദ്ദേഹം എഴുന്നേറ്റ് നിന്ന് പറഞ്ഞ ഒരു വാക്കുണ്ട്. അദ്ദേഹം പറഞ്ഞു ഇരയുടെ കൂടെ നടക്കുകയും വേട്ടക്കാരന്റെ കൂടെ വേട്ടയാടുകയും ചെയ്യുന്നവരോട് ഇനി ഇല്ല ചങ്ങാത്തം.

ശ്രദ്ധിക്കണം നിങ്ങള്‍. ഇരയുടെ കൂടെ നടക്കുകയും വേട്ടക്കാരന്റെ കൂടെ വേട്ടയാടുകയും ചെയ്യുന്നവരോട് ഇനി ഇല്ല ചങ്ങാത്തം എന്ന് മനസിലാക്കാനുള്ള വിവേകം ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്കുണ്ടെന്ന് ആ പിതാവ് പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് കോരിത്തരിപ്പ് വന്നു.

ഞാന്‍ കയ്യടിച്ചു. ആ പഴയ വിപ്ലവ വൈദികനെ ഞാന്‍ വീണ്ടും കണ്ടല്ലോ എന്നോര്‍ത്ഥ് ചാരുതാര്‍ത്ഥ്യം വന്നു. അദ്ദേഹം ഇറങ്ങിപ്പോകുന്ന സമയത്ത് ഭാഗ്യവശാല്‍ ആ കാറിന്റെ അടുത്ത് എനിക്ക് നില്‍ക്കാന്‍ പറ്റി. ഞാന്‍ നേരെ പിതാവിന്റെ അടുത്ത് ചെന്നു.

പിതാവ് ഇപ്പോള്‍ പറഞ്ഞ വാക്കുണ്ടല്ലോ. അത് അങ്ങ് ബോധത്തോടെ പറഞ്ഞതാണെങ്കില്‍ അന്നത്തെ ആ 300 രൂപയുടെ റബ്ബറിന്റെ പ്രശ്‌നം ഉണ്ടല്ലോ. അതിന്റെ ക്ഷീണം ഈ പ്രസംഗം കൊണ്ട് മാറുമെന്ന് പറഞ്ഞു.

ഇത് പറഞ്ഞിട്ട് രണ്ട് ദിവസമേ കഴിഞ്ഞിട്ടുള്ളൂ. വെറും രണ്ട് ദിവസം പിന്നിട്ടപ്പോള്‍ കേരളം കണ്ട ഏറ്റവും അശ്ലീലമെന്ന് പറയാവുന്ന അവസ്ഥ ഇന്നലെ ഞാന്‍ കണ്ട ഒരു വാര്‍ത്തയാണ്.

അത് ഇങ്ങനെയാണ്. ഇതേ ബിഷപ്പ് കന്യാസ്ത്രീകള്‍ മോചിക്കപ്പെട്ടതിന്, അവര്‍ക്ക് ജാമ്യം കിട്ടിയതിന് നന്ദി പറയുന്നു. ആര്‍ക്ക്? നേരിട്ട് ഇടപെട്ട അമിത് ഷായ്ക്ക് നന്ദി. ഇതിന് വേണ്ടി കൈകള്‍ കോര്‍ത്ത കേന്ദ്ര നേതൃത്വത്തിന് നന്ദി.

സ്‌നേഹമുള്ളവരെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം മതമോ ജാതിയോ പാര്‍ട്ടിയോ നോക്കാതെ എത്ര മനുഷ്യര്‍ ഈ വിഷയത്തിന് വേണ്ടി അണിനിരന്നു. വേണ്ട അവര്‍ക്ക് ഒരു വാക്ക് നന്ദി പറയേണ്ട. പക്ഷേ ഇയൊരു വാക്ക് അവിടെ പറയാതിരിക്കാമായിരുന്നു.

ഒരുപക്ഷേ കേരളം കണ്ട ഒരു രാഷ്ട്രീയ അശ്ലീലമെന്ന് വേണമെങ്കില്‍ പറയാം. കഴിഞ്ഞ വര്‍ഷം ഇതുപോലൊരു സമരപരിപാടി നടക്കുമ്പോള്‍ അവിടേക്ക് അമ്മച്ചിമാര്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഞാന്‍ ഈ ഉടുപ്പിട്ട് നില്‍ക്കുന്നതുകൊണ്ട് ഒരു അമ്മച്ചി എന്റെ അടുത്ത് വന്ന് ചോദിച്ചു. എന്റെ പൊന്നച്ചോ നിങ്ങള്‍ ഈ പറയുന്നത് കേട്ട് ഞങ്ങള്‍ ഈ കുടയും വടിയും എടുത്ത് ഇത്രയും ദൂരം നടന്ന് ഈ ജാഥയ്ക്ക് പോകുമ്പോള്‍, നിങ്ങളുടെ അരമനയില്‍ അവര്‍ കേക്കും കൊണ്ട് വരുമ്പോള്‍ ഞങ്ങള്‍ ആരായി?

ആ ചോദ്യം എന്റെ നെഞ്ചില്‍ ഒരു കനലായി തോന്നി. കൂടെ നില്‍ക്കുന്ന വിശ്വാസികളെ വഞ്ചിക്കുന്ന പരിപാടിയല്ലേ കാണിക്കുന്നത്. ബി.ജെ.പിയെ നമുക്കറിയാം. സംഘപരിവാറിനെ എനിക്കറിയാം. ബജ്‌റംഗ്ദളിനെ നമുക്കറിയാം. അതുകൊണ്ട് അവര്‍ എന്തുകാണിക്കുന്നു എന്ന് ഞാന്‍ ഇനി പറയാന്‍ ആഗ്രഹിക്കുന്നില്ല.

കാരണം അവര്‍ എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. അവര്‍ ഫോളോ ചെയ്യുന്നത് മനുസ്മൃതിയാണ്, അല്ലെങ്കില്‍ വിചാരധാരയാണ്. വിചാരധാരയിലെ ഒന്നാമത്തെ ശത്രു ആരാണ്. അത് മുസ്‌ലീങ്ങളാണ് എന്ന് പറയുമ്പോള്‍ നമ്മള്‍ ഇവിടെ പറയും നാര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് എന്ന്.

രണ്ടാമത്തെ ശത്രു, അത് ക്രിസ്ത്യന്‍സ് ആണ്. മൂന്നാമത്തേത് മിഷനറിമാരാണ്. നാലാമത്തേത് കമ്യൂണിസ്റ്റുകളാണ്. ഇത് കൃത്യമായി ബോധമുള്ളവരാണ് ബി.ജെ.പി, ആര്‍.എസ്.എസ്, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍.

അതുകൊണ്ട് എനിക്ക് അവരോട് ഒന്നും പറയാനില്ല. എനിക്ക് പറയാന്‍ ഒറ്റ കാര്യമേയുള്ളൂ ചേര്‍ത്തുനിര്‍ത്തുന്ന ശത്രുക്കളേക്കാള്‍ നമ്മളെ സങ്കടപ്പെടുത്തുന്നത് കൂടെ നിന്ന് ഒറ്റിക്കൊടുക്കുന്ന യൂദാസുമാരാണ്.

പുറത്തുനിന്ന് നമ്മള്‍ക്കിട്ട് പണിതരുന്ന ശത്രുക്കളേക്കാള്‍ നമ്മുടെ നെഞ്ച് പൊള്ളിപ്പോകുന്നത് നമ്മുടെ കൂടെ നിന്ന് നമ്മളെ ഒറ്റിക്കൊടുക്കുന്ന ഒറ്റുകാരാണ് പ്രിയപ്പെട്ടവരേ.

അതുകൊണ്ട് സ്‌നേഹം നിറഞ്ഞവരേ നമുക്ക് പ്രതിരോധിക്കേണ്ടത് രണ്ടുപേരെയാണ്. പുറത്തുനിന്നുള്ള ശത്രുക്കളേയും അകത്തുനിന്നുള്ള ഒറ്റുകാരേയും. ഇത്രയും ഗതികേടിലാണ് ഇന്ന് കേരളസമൂഹം എത്തിനില്‍ക്കുന്നത്.

ഞങ്ങളാണ് ജാമ്യം കൊടുത്തത്. ഞങ്ങളാണ് ക്രൈസ്തവവര്‍ പറഞ്ഞത് കേട്ട് ഇതിന് വേണ്ടി പ്രവര്‍ത്തിച്ചത് എന്ന് പറഞ്ഞ് ക്രഡിറ്റ് അടിക്കുന്ന പരിപാടിയാണ് ഇന്നത്തെ ദിവസം മൊത്തം കണ്ടത്.

കൊമ്പനടി, അനൂപടി, ക്രഡിറ്റടി. എന്തിനുമേതിനും ക്രഡിറ്റ്. തോളിന്റെ ഇടയില്‍ കൂടി കയ്യിട്ടിട്ട് ക്രഡിറ്റഡി. മൊത്തം ഇറക്കിക്കൊണ്ടുവന്നത് ഞങ്ങളാണെന്ന് പറഞ്ഞ് ക്രെഡിറ്റഡി.

ഈ ക്രെഡിറ്റഡി നില്‍ക്കുന്ന സമയത്ത് ഒരു കഥ പറഞ്ഞ് ഞാന്‍ അവസാനിക്കാം. ഒരു സിനിമയാണ്. വിയറ്റ്‌നാം കോളനിയെന്ന, മോഹന്‍ലാല്‍ സ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ.

ഞാന്‍ കണക്ഷനൊന്നും പറയില്ല നിങ്ങള്‍ ചിന്തിച്ചാല്‍ മതി. ഈ വിയറ്റ്‌നാം കോളനിയില്‍ അവിടെ വന്ന് കോളനിക്കാര്‍ക്കിടയില്‍ പൈലിങ് നടത്തി കെട്ടിടം പണിയണമെന്ന് പറയുന്നത് സ്വാമായായ മോഹന്‍ലാല്‍.

ഈ പൈലിങ് നിര്‍ത്താനായി സമരം ചെയ്യണമെന്ന് കോളനിക്കാരെ ഇറക്കുന്നത് മോഹന്‍ലാല്‍. ഇത് കഴിഞ്ഞ് ജയിലിലേക്ക് പോകുന്നത് മോഹന്‍ലാല്‍. ഇത് കഴിഞ്ഞ് പുറത്തേക്ക് കൊണ്ടുവരുന്നത്, അതും മോഹന്‌ലാല്‍.

കുറച്ചുകൂടി നേരത്തേ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ കുറച്ചുംകൂടി നേരത്തെ ജാമ്യം കൊടുക്കാമായിരുന്നു എന്ന് പറയുന്ന നിഷ്‌ക്കളങ്ക മനുഷ്യര്‍. എന്താണ് നമ്മള്‍ പറയേണ്ടത്. സ്‌നേഹമുള്ളവരെ കൊണ്ടുപോയി കൊല്ലിക്കുന്നതും നീയേ ചാപ്പ, രക്ഷിക്കുന്നതും നീയേ പുറത്തിറക്കുന്നതും നീയേ ക്രഡിറ്റെടുക്കുന്നതും നീയേ. എന്തൊരു വൈരുദ്ധ്യമാണ്. എന്തൊരു ഐറണിയാണ്.

രണ്ടാമത്തെ കഥ. അതൊരു അവാര്‍ഡ് സിനിമയാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ വിധേയന്‍. ഈ വിധേയനില്‍ മമ്മൂട്ടി വില്ലന്‍ പരിവേഷമുള്ള കഥാപാത്രമാണ്. നീചനായ, സ്ത്രീലമ്പടനയായ ഭാസ്‌ക്കര പട്ടേല്‍ എന്ന കഥാപാത്രം.

അയാള്‍ക്ക് വിധേയപ്പെട്ട് അയാളുടെ അടിമയാണ് തൊമ്മി. ഒരു ദിവസം തൊമ്മി വീട്ടില്ലേക്ക് വരുമ്പോള്‍ തന്റെ വീട്ടില്‍ നിന്ന് ഇറങ്ങിവരുന്ന ഭാസ്‌ക്കര പട്ടേലിനെ കണ്ടു. തന്റെ ഭാര്യയെ പീഡിപ്പിച്ചു എന്ന് തൊമ്മിക്ക് മനസിലാകുന്നു. അകത്ത് ഭാര്യ കിടന്ന് കരയുന്നുണ്ട്.

അപ്പോള്‍ തൊമ്മി പറയുന്നത് ഈ പട്ടേലരുടെ സെന്റിന് എന്ത് മണാ എന്നാണ്. പട്ടേലരുടെ സെന്റിന് എന്ത് മണാ എന്ന് പറയുമ്പോള്‍ വിധേയത്വത്തിന്റെ അടിമത്തമാണ് കാണുന്നത്. ഇരയോടൊപ്പമെന്ന് പറയുകയും ഇരയോടൊപ്പം പ്രസംഗിക്കുകയും പിറ്റേന്ന് വേട്ടക്കാരനോടൊപ്പം പത്രസമ്മേളനം നടത്തുകയും ചെയ്യുമ്പോള്‍ സ്‌നേഹമുള്ളവരേ ഈ വിധേയത്വത്തിന്റെ അടിമത്തമാണ് നമ്മള്‍ കാണുന്നത്.

ഈ സിസ്‌റ്റേഴ്‌സിനെ രക്ഷിച്ചത് ബി.ജെ.പി നേരിട്ടാണെന്നും അമിത് ഷാ ഇടപെട്ടിട്ടാണെന്നും പറയുമ്പോള്‍ പട്ടേലരുടെ സെന്റിന് എന്തൊരു മണാ എന്ന് പറയുന്ന ആരുടേയോ കക്ഷത്തില്‍ തലവെച്ചുകൊടുത്തിട്ട് അവിടുന്ന് ഊരിപ്പോരാന്‍ പറ്റാത്ത സഭാ നേതൃത്വത്തിന്റെ അശ്ലീലമാണ് കാണുന്നത്.

ഈ പ്രസംഗം വന്നാല്‍ നാളെ എനിക്കെന്ത് സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. എങ്കിലും പറയുകയാണ്. വെളിവും ബോധവും ഉള്ള സമൂഹം ഇവിടെയുണ്ട്. ഇത് കാണുമ്പോള്‍ കാര്‍ക്കിച്ച് തുപ്പുകയും എതിര്‍ക്കുകയും ഇത് തെറ്റാണെന്ന് മനസിലാക്കുകയും ചെയ്യുന്ന ക്രിസ്തുവിന്റെ പിന്മുറക്കാരായ ക്രൈസ്തവരുണ്ട്. അവരിലാണ് എന്റെ പ്രതീക്ഷ.

ആ സിസ്റ്റേഴ്‌സ് കൊണ്ടുവന്ന മൂന്ന് പെണ്‍കുട്ടികളെ മുറിയില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കന്യാസ്ത്രീകള്‍ക്കെതിരെ കള്ളസാക്ഷി പറയാന്‍ വേണ്ടിയിട്ട്. ആ പെണ്‍കുഞ്ഞുങ്ങളില്‍ ഒരാള്‍ പോലും സിസ്‌റ്റേഴ്‌സിനെ ഒറ്റിക്കൊടുക്കുകയോ അവര്‍ ഞങ്ങളെ പീഡിപ്പിച്ചെന്നോ മതം മാറ്റാന്‍ നോക്കിയെന്നോ ഈ ശിക്ഷ ഭയന്നിട്ട് പോലും അതുങ്ങള്‍ പറഞ്ഞില്ല.

ആ മൂന്ന് ഭാഷയറിയാത്ത പെണ്‍കുഞ്ഞുങ്ങള്‍ നമ്മുടെ ഈ പിതാക്കന്‍മാരെക്കാളും ഈ സഭാനേതൃത്വത്തേക്കാളും എത്രയോ നല്ല ക്രിസ്ത്യാനികളാണ് എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കട്ടെ.

Content Highlight: father Nithin panavel Speech on Nuns Arrest and Joseph Pamplani

We use cookies to give you the best possible experience. Learn more