ലഖ്‌നൗ: സ്വന്തം ഇഷ്ടപ്രാകാരം ഇസ്‌ലാം മതം സ്വീകരിച്ച രണ്ട് പെണ്‍കുട്ടികളെ അഞ്ച് വര്‍ഷകാലം തടവില്‍ പാര്‍പ്പിച്ച മാതാപിതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി.
യുവതികളെ ഉടനടി മോചിപ്പിക്കണമെന്നും മാതാപിതാക്കളും ഉത്തര്‍പ്രദേശ് സര്‍ക്കാരും ചേര്‍ന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇവരുടെ ജീവിത്തിലേക്കോ വ്യക്തിപരമായ തീരുമാനങ്ങളിലോ പൊലീസ് ഇടപെടരുതെന്നും കോടതി പറഞ്ഞു.
18 വയസിന് മുകളിലുള്ള സ്ത്രീകള്‍ സ്വമേധയാ ഏതെങ്കിലും മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും അവരുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും ചെയ്താല്‍ പിതാവുള്‍പ്പടെ ഒരു വ്യക്തിക്കും ആ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ദിവ്യ ഭാട്ടിയ (സോയ ദിയ ഭാട്ടിയ – 20), അംശു ഭാട്ടിയ (ആമിന അംശു ഭാട്ടിയ – 35) എന്നിവര്‍ക്ക് വേണ്ടി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് ഈ ഉത്തരവ്. സമ്മര്‍ദമോ പ്രലോഭനമോ ഇല്ലാതെ പൂര്‍ണ ബോധ്യത്തോടെയാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ള പങ്കാളികളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
മക്കളുടെ തീരുമാനത്തെ എതിര്‍ത്ത പിതാവ് അനില്‍ കുമാര്‍ ഭാട്ടിയ അഞ്ചുവര്‍ഷത്തോളം ഇവരെ നിര്‍ബന്ധിത തടങ്കലിലാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഇയാള്‍ നല്‍കിയ പരാതിയില്‍ ആഗ്ര സര്‍ദ ബസാര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ജൂലൈ 30, 31 തീയതികളില്‍ നടന്ന മുന്‍ വാദത്തില്‍ യുവതികളെ ഓഗസ്റ്റ് 6ന് കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ സംസ്ഥാന അധികാരികള്‍ക്കും പിതാവിനും ജസ്റ്റിസ് ജെയിന്‍ നിര്‍ദേശംം നല്‍കിയിരുന്നു.
സ്വന്തം വിശ്വാസം, വിവാഹം, താമസം എന്നിവ സംബന്ധിച്ച് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള പ്രായപൂര്‍ത്തിയായവരാണ് ഇവരെന്ന് കോടതി നിരീക്ഷിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണോ തീരുമാനങ്ങള്‍ എടുത്തതെന്ന് നേരിട്ട് ചോദിച്ചറിയേണ്ടതുണ്ടെന്നും കോടതി അന്ന് പറഞ്ഞിരുന്നു.
കോടതി നിര്‍ദേശ പ്രകാരം യുവതികളെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം ചുമത്തിക്കൊണ്ടുള്ള കോടതി ഉത്തരവ്. മതപരമായ തെരഞ്ഞെടുപ്പിന്റെ പേരില്‍ യുവതികളുടെ സ്വാതന്ത്ര്യം ഹനിക്കാനാവില്ലെന്ന് കോടതി ആവര്‍ത്തിച്ചു.
മതപരിവര്‍ത്തനം പൂര്‍ണമായും സ്വന്തം ഇഷ്ടപ്രകാരമായിരുന്നതിനാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ഈ കേസില്‍ ബാധകമല്ലെന്നും യുവതികളെ തടഞ്ഞുവെച്ചത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അഭിഭാഷകരായ സയ്യിദ് കൈഫ് ഹസന്‍, കുന്‍വര്‍ സുല്‍ത്താന്‍ അലി എന്നിവര്‍ വാദിച്ചു.
ContentHighlight: Father imprisoned sisters who converted to Islam for five years; Allahabad High Court orders payment of ₹25 lakh in compensation.