| Wednesday, 11th November 2026, 3:35 pm

ഇസ്രഈല്‍ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ ഏഴ് മരണം; വെടിനിര്‍ത്തലിന് ശേഷം ഗസയില്‍ കൊന്നൊടുക്കിയത് 1,600ലധികം പേരെ

ദേവിക ജയചന്ദ്രന്‍

ഗസ സിറ്റി: വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസയില്‍ ചൊവ്വാഴ്ച ഇസ്രഈല്‍ പ്രതിരോധ സേന നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ ഏഴ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഗസ സിറ്റിയുടെ തെക്കുകിഴക്കന്‍ ഭാഗമായ അല്‍-സെയ്തൂണിലെ ഒരു ഷെല്‍റ്ററില്‍ ഇസ്രഈലി ഡ്രോണ്‍ ഇടിച്ചുകയറി രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

ദറജ് മേഖലയില്‍ ഘുബൈന്‍ കുടുംബത്തിന്റെ വീടിന് നേരെയുണ്ടായ ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ നഗരമായ ഖാന്‍ യൂനുസില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരാളും മരിച്ചു.

ഗസ സിറ്റിയിലെ സബ്ര മേഖലയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും ഗസയില്‍ ഇസ്രഈലിന്റെ ആക്രമണങ്ങള്‍ തുടരുകയാണ്. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഉപരോധത്തിലായ ഗസയില്‍ ഇസ്രഈല്‍ കൊലപ്പെടുത്തിയത് 1,600ലധികം ഫലസ്തീനികളെയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഗസയില്‍ ഇസ്രഈല്‍ നടത്തിയ വംശഹത്യയില്‍ ഇതുവരെ 74,000 ലധികം പേര്‍ കൊല്ലപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, കടുത്ത കൊടുങ്കാറ്റിലും മഴയിലും പലായനം ചെയ്യപ്പെട്ട മൂന്നര ലക്ഷത്തോളം പേര്‍ക്ക് അഭയ കേന്ദ്രങ്ങള്‍ തകര്‍ന്ന ഗസയിലേക്കുള്ള സഹായം ഇസ്രഈല്‍ തടയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 60,000 മൊബൈല്‍ വീടുകളും രണ്ട് ലക്ഷം ടെന്റുകളും ഗസയിലേക്കെത്തിക്കാനുള്ള ശ്രമമാണ് ഇസ്രഈല്‍ തടയുന്നത്.

ഞായറാഴ്ച, ഗാസയിലെ ദേര്‍ അല്‍ ബലാഹില്‍ അഭയാര്‍ഥികള്‍ കഴിയുന്ന ക്യാമ്പില്‍ ഒരു മണല്‍ക്കുന്ന് കൂടാരത്തിന് മുകളിലേക്ക് ഇടിഞ്ഞുവീണ് സ്ത്രീയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചതായി ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ശനിയാഴ്ച ഗാസയിലുടനീളം പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് മണല്‍ക്കുന്ന് ഇടിഞ്ഞുവീണ് അപകടമുണ്ടായത്.

യുദ്ധത്തില്‍ ഗസയിലെ ഏകദേശം 85 ശതമാനം വീടുകള്‍ തകരുകയോ കേടുപാടുകള്‍ സംഭവിയ്ക്കുകയോ ചെയ്തിട്ടുണ്ട്. അത്യാവശ്യമായ മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനും ഇസ്രഈല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.

ഗസയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോള്‍ ഇസ്രഈല്‍ നിയന്ത്രണത്തിലാണ്. ഈ മേഖലകളില്‍ നിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോകാനും നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlight: Father, child among eight Palestinians killed in Israeli attacks on Gaza.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more