| Monday, 3rd August 2026, 6:45 pm

സ്‌നേഹത്തിന്റെ നിറകുടമോ അതോ ടോക്‌സിക്കിന്റെ അങ്ങേയറ്റമോ? ബാലനിലെ അമ്മയെ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമെന്ന് പലരും അഭിപ്രായപ്പെട്ട ബാലന്‍ ഒ.ടി.ടിയിലെത്തിയിരിക്കുകയാണ്. സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച്, മികച്ച വിജയം നേടിയ ബാലന്‍ ഒ.ടി.ടി റിലീസിന് പിന്നാലെ സിനിമാപേജുകളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ബാലന്‍ Photo: Theatrical Poster

തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ബാലനില്‍ ചര്‍ച്ചയായ ഒന്നായിരുന്നു അമ്മയുടെ കഥാപാത്രം. ഫര്‍സാന പാലത്തിങ്കല്‍ എന്ന പുതുമുഖത്തിന്റെ ഗംഭീര പ്രകടനം അമ്മ കഥാപാത്രത്തെ കൂടുതല്‍ മികച്ചതാക്കി. പല നാടുകളില്‍ പല പേരുകളില്‍ കഴിയുന്ന കഥാപാത്രമായാണ് ഫര്‍സാന വേഷമിട്ടത്. ഈ കഥാപാത്രത്തിന്റെ ശരിക്കുള്ള പേര് സിനിമയില്‍ ഒരിടത്തും പറയുന്നില്ല. ജയിലില്‍ വെച്ച് തന്റെ കുഞ്ഞിന് ജന്മം നല്‍കുന്ന ഈ അമ്മ മകനെ മറ്റാരുമായും അടുക്കാന്‍ സമ്മതിക്കുന്നില്ല.

ഓരോ നാടുകളില്‍ ചെല്ലുമ്പോഴും അവിടുള്ളവരോട് പറയാന്‍ ഒരു പേരും അതിന് ചേര്‍ന്ന കഥയും അമ്മ മകനോട് പറയുന്നുണ്ട്. തങ്ങളുടെ ഇടയിലേക്ക് മറ്റൊരാള്‍ കടന്നുവരുന്നത് ഈ അമ്മക്ക് ഇഷ്ടമല്ല. വളരെ ഇരുണ്ട ഒരു ഭൂതകാലം ഈ കഥാപാത്രത്തിനുണ്ടെന്ന് ഒരു സീനില്‍ സംവിധായകന്‍ പറഞ്ഞുവെക്കുന്നുണ്ട്. സ്‌നേഹത്തിന്റെ പേരില്‍ തന്നെ ഒരുപാട് കാലം അടിമയാക്കിയ രാക്ഷസനെ കൊന്നു എന്ന് പറയുന്ന അമ്മയുടെ കഥ മനസില്‍ തൊടുന്ന ഒന്നാണ്.

ഫര്‍സാന പാലത്തിങ്കല്‍ Photo: Screen grab/ Zee Music

‘ഈ ലോകത്ത് ജീവിക്കണമെങ്കില്‍ ഒന്നുകില്‍ രാക്ഷസനാകണം, അല്ലെങ്കില്‍ അടിമയാകണം’ എന്നാണ് അമ്മയുടെ തത്വം. ഈ രണ്ട് ഗണത്തിലും പെടാതെ തന്റെ മകനെ വളര്‍ത്താനാണ് അവരുടെ ഉദ്ദേശം. എന്നാല്‍ ഇതിന് വേണ്ടി ആ അമ്മ ചെയ്യുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ അവര്‍ ടോക്‌സിക്കാണോ എന്ന തോന്നല്‍ ചിലര്‍ക്ക് ഉണ്ടാകും.

മകന്റെ ബാല്യം ഇല്ലാതാക്കിക്കൊണ്ടാണ് അവര്‍ ഓരോ നാടുകളില്‍ പല പേരുകളില്‍ ജീവിക്കുന്നത്. അമ്മ പറഞ്ഞ കഥകളും പേരുകളും അവന് ബാധ്യതയാകുന്നത് സ്‌കൂളിലെ ആദ്യദിവസം പേര് ചോദിക്കുമ്പോഴാണ്. അമ്മ പഠിപ്പിച്ചുതന്ന പേരുകളില്‍ ഏത് പേര് പറയണമെന്ന ആശയക്കുഴപ്പത്തില്‍ അവന്‍ പെട്ടുപോകുമ്പോള്‍ അമ്മയുടെ കഥാപാത്രം ടോക്‌സിക്കാണെന്ന ചിന്ത ആരിലും ഉണ്ടാകും.

ഫര്‍സാന പാലത്തിങ്കല്‍ Photo: Zee 5

ഷംനത്ത തന്റെ പിന്നാലെയുണ്ടെന്ന് അറിയുമ്പോള്‍ പുതിയ നാടും ഉപേക്ഷിക്കാന്‍ അമ്മ തീരുമാനിക്കുന്നുണ്ട്. എന്നാല്‍ സ്‌കൂളിനെയും കൂട്ടുകാരനെയും ഇഷ്ടപ്പെട്ടുതുടങ്ങിയ ബാലന്‍ അതിന് സമ്മതിക്കുന്നില്ല. ആദ്യമായി മകന്‍ തന്റെ വാക്കുകള്‍ നിഷേധിക്കുന്നതില്‍ അമ്മ നിരാശയാകുന്നുണ്ട്. മകനോടുള്ള സ്‌നേഹവും കരുതലും കാണിക്കാനാണ് ഇത്തരം പ്രവൃത്തിയെന്ന് ന്യായീകരിച്ചാലും ആ ബാലന്റെ ബാല്യം അവിടെ ഇല്ലാതാവുകയാണ്.

അമ്മയോടുള്ള സ്‌നേഹം കാരണം മകന്‍ തിരിച്ച് വന്ന് അവരെ കണ്ടുപിടിക്കുന്നുണ്ട്. മകന്‍ വരുന്നതും കാത്ത് അവിടെ തന്നെ അമ്മ നില്‍ക്കുന്നതായാണ് സിനിമയുടെ ക്ലൈമാക്‌സില്‍ കാണിക്കുന്നത്. പുതിയ കഥയെന്താണെന്നും തന്റെ പുതിയ പേര് എന്താണെന്നും ചോദിക്കുന്ന മകന്‍ വീണ്ടും അമ്മയുടെ കൂടെ പോകുമ്പോള്‍ ചില പ്രേക്ഷകര്‍ അസ്വസ്ഥരാകുന്നുണ്ട്.

ബാലന്‍ Photo: Zee 5

പേരില്ല, വീടില്ല, സ്വന്തമായി ഒരു അഡ്രസ് ഇല്ല, സുഹൃത്തുക്കള്‍ ഇല്ല, അമ്മയുടെയും അച്ഛന്റെയും പോലും പേരറിയില്ല. ഇങ്ങനെയൊരു അവസ്ഥയിലൂടെ ജീവിക്കേണ്ടി വരുന്ന ബാലന്റെ അവസ്ഥയും സ്‌നേഹം പോലും വലിയൊരു തടവറായാകുമെന്ന് കരുതുന്ന അമ്മയും വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Farzana Palathingal’s character in Balan movie discussing after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more