| Monday, 29th June 2026, 8:22 am

മലയാളത്തിലുള്ളതെല്ലാം പാവം അമ്മമാരായത് കൊണ്ട് അവരെ എടുത്തില്ല, ബാലന് വേണ്ടി റഫറന്‍സാക്കിയത് ആ അമ്മയെ: ഫര്‍സാന പാലത്തിങ്കല്‍

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് കണ്ണുംപൂട്ടി വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം അണിയിച്ചൊരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച സിനിമാനുഭവം സമ്മാനിച്ചു. പല നാടുകളില്‍ പല പേരുകളില്‍ കഴിയുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ചിത്രം പറയുന്നത്.

പുതുമുഖങ്ങളാണ് ബാലനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമ്മയായി ഫര്‍സാന പാലത്തിങ്കലും മകനായി ആദിശേഷനുമാണ് ബാലനില്‍ പ്രധാനവേഷം കൈകാര്യം ചെയ്തത്. ആല്‍ബം സോങ്ങിലൂടെ ശ്രദ്ധ നേടിയ ഫര്‍സാന ഗംഭീര പ്രകടനമാണ് ബാലനില്‍ കാഴ്ചവെച്ചത്. ഒരുപാട് ഇമോഷനുകളിലൂടെ കടന്നുപോകുന്ന കഥാപാത്രം ഫര്‍സാനയില്‍ ഭദ്രമായിരുന്നു.

ഫര്‍സാന പാലത്തിങ്കല്‍ Photo: Screen grab/ Cue Studio

മലയാളസിനിമയില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വ്യത്യസ്തമായ അമ്മയെയാണ് ബാലനില്‍ ചിദംബരവും ജിത്തു മാധവനും വരച്ചിട്ടത്. ബാലന് വേണ്ടി താന്‍ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് ഫര്‍സാന പാലത്തിങ്കല്‍. ആദ്യ സിനിമയില്‍ തന്നെ ഇത്രയും ഡെപ്ത്തുള്ള അമ്മ വേഷം ചെയ്യേണ്ടി വന്നത് വലിയ ചലഞ്ചായിരുന്നെന്ന് ഫര്‍സാന പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ഈ കഥാപാത്രത്തിന് വേണ്ട റഫറന്‍സ് എനിക്ക് കിട്ടിയത് ഒരു ഡോക്യുമെന്ററിയില്‍ നിന്നാണ്. അതിന്റെ പേര് ഓര്‍മയില്ല. ഒരു സ്ത്രീ ജയിലില്‍ വെച്ച് തന്റെ മകന് ജന്മം കൊടുക്കുന്നു. അവിടെ വെച്ച് കുഞ്ഞിനെ വളര്‍ത്തുന്ന അവരുടെ മാനസികാവസ്ഥകളാണ് ഞാന്‍ റഫറന്‍സായി എടുത്തത്. അതെല്ലാം ഇന്‍സ്പിറേഷനായിട്ടുണ്ട്. അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബാലന്‍ Photo: Screem grab/ Zee Music

കാരണം, മലയാളത്തില്‍ നമ്മള്‍ കണ്ടതെല്ലാം പാവപ്പെട്ട അമ്മമാരാണ്. ഇതുപോലെ ക്രൂക്കഡായിട്ടുള്ള അമ്മമാര്‍ കുറവാണ്. ആകെ എടുത്തുപറയാനുള്ളത് ഗോഡ്ഫാദറിലെ ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രം മാത്രമാണ്. അതും മൊത്തത്തില്‍ ക്രൂക്കഡല്ല. അങ്ങനെയുള്ളപ്പോഴാണ് ബാലനിലെ കഥാപാത്രം എന്നിലേക്ക് എത്തുന്നത്,’ ഫര്‍സാന പാലത്തിങ്കല്‍.

കരിയറിലെ ആദ്യ സിനിമയില്‍ തന്നെ അമ്മവേഷം ചെയ്യേണ്ടി വന്നതിനെക്കുറിച്ചും ഫര്‍സാന സംസാരിച്ചു. ചെറുപ്പത്തില്‍ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് അനിയന്മാരെ നോക്കിയത് താനായിരുന്നെന്നും അവരുടെ സെക്കന്‍ഡ് മദറായി തനിക്ക് എക്‌സ്പീരിയന്‍സുണ്ടെന്നും ഫര്‍സാന പറഞ്ഞു, ബാലന്റെ റിലീസിന് ശേഷം സഹോദരങ്ങള്‍ തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Farsana Palathingal about the reference she took for Balan Movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more