| Monday, 22nd December 2025, 11:58 am

തൊഴിലുറപ്പില്ലായ്മ

ഫാറൂഖ്

എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഒരു  സഹായി  ഉണ്ടായിരുന്നില്ല, അത് പ്രത്യേകിച്ച് എടുത്തു പറയാനുള്ള കാര്യമല്ല. കാരണം കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ സാധാരണ ഗതിയിൽ ഒരുസഹായി  ഉണ്ടാവില്ല. പക്ഷ എന്റെ അമ്മ അസുഖ ബാധിതയായിരുന്ന സമയങ്ങളിൽ ഒരു സ്ത്രീ സഹായത്തിനായി വരുമായിരുന്നു.

ഞങ്ങളും അവരുടെ കുട്ടികളും ഒന്നിച്ചാണ് കളിക്കുക, ഒരേ പത്രങ്ങളിലാണ് ഭക്ഷണം കഴിക്കുക, ഒരേ സെറ്റിയിലിരുന്നാണ് ടി.വി കാണുക. അതിലും അത്ഭുതമില്ല, കാരണം, തൊട്ടുകൂടായ്മയും ജാതി സമ്പ്രദായവും ഒരു വിധം അവസാനിപ്പിച്ച സംസ്ഥാനമാണ് നമ്മുടേത്. മനുഷ്യര്‍ തുല്യരാണ് എന്ന ബോധം മിക്ക മലയാളികള്‍ക്കും ഉണ്ട്, വീട്ടില്‍ സഹായത്തിന് വരുന്ന സ്ത്രീക്ക് പ്രത്യേകം പ്ലേറ്റും ഗ്ലാസും നമ്മള്‍ നീക്കി വെക്കാറില്ല.

കോളേജ് പഠനത്തിന് ശേഷം ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ പോകാന്‍ അവസരം കിട്ടിയപ്പോഴാണ് എല്ലായിടത്തും അതങ്ങനെയല്ല എന്നെനിക്ക് മനസിലാകുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് വന്ന് വന്‍നഗരങ്ങളിലെ വീടുകളില്‍ തുച്ഛമായ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന മെലിഞ്ഞുണങ്ങിയ സ്ത്രീകള്‍ക്ക് വേറൊരു അടുക്കളയില്‍ പ്ലേറ്റും ഗ്ലാസും നീക്കി വച്ചിട്ടുണ്ടാകും, വീട്ടുകാര്‍ കഴിക്കുന്ന ഭക്ഷണമല്ല അവര്‍ക്ക്, പല ഫ്‌ലാറ്റുകളിലും ലിഫ്റ്റ് ഉപയോഗിക്കാന്‍ പാടില്ല, സെറ്റിയില്‍ ഒരിക്കലും ഇരിക്കാന്‍ പാടില്ല, കുട്ടികളെ കൊണ്ടുവരാന്‍ പാടില്ല.

രണ്ടുമൂന്ന് കൊല്ലം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഒരു വൈറല്‍ ഫോട്ടോ ഉണ്ടായിരുന്നു. ദല്‍ഹി മെട്രോയില്‍ ഒരു കുടുംബം സഞ്ചരിക്കുന്നു. കുടുംബത്തിലെ അംഗങ്ങള്‍ സീറ്റിലിരിക്കുന്നുണ്ട്, സീറ്റ് കാലിയുണ്ടായിരുന്നിട്ടും അവരുടെ ‘വേലക്കാരി’ നിലത്തിരിക്കുന്നു. ഇതൊരപൂര്‍വ ഫോട്ടോയല്ല, ഇന്ത്യന്‍ നഗരങ്ങളിലെ മെട്രോകളില്‍ ഇതൊരു സ്ഥിരം കാഴ്ചയാണ്.

ബെംഗളൂരുവിലെ വലിയയൊരു ഐ.ടി കമ്പനിയില്‍, സുന്ദരമായ ഗ്ലാസ് ക്യാബിനുള്ളില്‍ ഡ്യൂട്ടി ടൈമിലല്ലാതെ ജോലി ചെയ്യേണ്ടി വരുമ്പോള്‍, ഏതോ ഗ്രാമങ്ങളില്‍ നിന്ന് വന്ന ഒരു സ്ത്രീ വലിയ രണ്ട് ബക്കറ്റുകളില്‍ വെള്ളവും തുണിയും മോപ്പുമൊക്കെയായി തറയും ഗ്ലാസുമൊക്കെ തുടക്കാനായി വരും. ഒരാളും അവരെ നോക്കുകയോ സംസാരിക്കുകയോ ഇല്ല, അവരും ആരെയും നോക്കില്ല, നിഴല്‍ പോലെ, കുറച്ചുകൂടെ ക്രൂരമായി പറഞ്ഞാല്‍ ഒരു പ്രേതമായി ആരും കാണാതെ ആരെയും കാണിക്കാതെ അവര്‍ ആ വലിയ ഓഫീസ് മുഴുവന്‍ വൃത്തിയാക്കും. ഞങ്ങള്‍ കയറുന്ന ലിഫ്റ്റില്‍ അവരെ ഒരിക്കലും കണ്ടിട്ടില്ല, ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന കാന്റീനില്‍ നിന്ന് അവര്‍ ഒരിക്കലും ഭക്ഷണം കഴിച്ചിട്ടില്ല.

മലയാളിലായ ഇന്ത്യന്‍ എഴുത്തുകാരന്‍ മനു ജോസഫ് അടുത്തിടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ‘Why the poor don’t kill us’ എന്നാണാ പുസ്തകത്തിന്റെ പേര്. അതില്‍ അദ്ദേഹം ഇന്ത്യന്‍ മധ്യ-ഉപരി വര്‍ഗങ്ങളിലെ ആളുകള്‍ അവരുടെയിടയിലെ പാവങ്ങളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് നോക്കിയാല്‍, അവര്‍ എന്ത് കൊണ്ടാണ് നമ്മെ കൊന്നുകളയാത്തത് എന്ന് അത്ഭുതപെടുന്നുണ്ട്, അതാണ് ആ പുസ്തകത്തിന്റെ ടൈറ്റില്‍. പറ്റുന്നവര്‍ വായിക്കണം. സെര്‍വന്റ് അഥവാ വേലക്കാരി എന്ന വാക്ക് ഇപ്പോഴും ഉപയോഗിക്കുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് നമ്മള്‍. മനുഷ്യര്‍ തുല്യരാണ് എന്നും അഭിമാനം എന്നാല്‍ പണമുള്ളവര്‍ക്ക് മാത്രമല്ല എന്നും ഇത് വരെ മനസിലാകാത്തവര്‍.

‘ഇന്ത്യയാണ് ജീവിക്കാന്‍ ഏറ്റവും നല്ല രാജ്യം’, അമേരിക്കയില്‍ ജീവിക്കുന്ന ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു. ‘അതെന്താണ്’ ഞാന്‍ ചോദിച്ചു. ‘ഇന്ത്യയില്‍, മുംബൈയിലോ ദല്‍ഹിയിലോ ഒരു ഫ്‌ലാറ്റെടുത്തല്‍ വേലക്കാരികളെ ഇഷ്ടം പോലെ കിട്ടും, പത്തോ നൂറോ കൊടുത്താല്‍ മതി. ഇവിടെ അമേരിക്കയില്‍ എന്തൊക്കെ നോക്കണം, മിനിമം കൂലി, വര്‍ക്കിങ് ടൈം, ഓവര്‍ടൈം, തേങ്ങാക്കൊല’. നല്ല വിദ്യാഭ്യാസവും ഉന്നത ജോലിയുള്ള മറ്റെല്ലാ കാര്യത്തിലും പുരോഗമനം പറയുന്ന സുഹൃത്താണ്. ഒരാളല്ല, പലരും ഇതേ രീതിയില്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഇന്ത്യന്‍ ഡിപ്ലോമാറ്റിനെ ന്യൂയോര്‍ക്കില്‍ അറസ്റ്റ് ചെയ്തിരുന്നു. ദേവയാനി ഖോബ്രഗഡെ എന്നായിരുന്നു അവരുടെ പേര്. ഈ ഡിപ്ലോമാറ്റ് ഇന്ത്യയില്‍ നിന്ന് ഒരു സഹായിയെ അമേരിക്കയില്‍ കൊണ്ടുപോയി മിനിമം കൂലിയോ ഓവര്‍ടൈം കൂലിയോ വിശ്രമമോ കൊടുക്കാതെ പട്ടിപ്പണി എടുപ്പിച്ചു എന്നതായിരുന്നു കേസ്. അന്ന് ഇന്ത്യന്‍ ജനതയും സര്‍ക്കാരും ഈ ഡിപ്ലോമാറ്റിന്റെ കൂടെയാണ് നിന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ സമ്മര്‍ദനത്തിന് വഴങ്ങി അമേരിക്ക ഈ ഡിപ്ലോമാറ്റിനെ വിട്ടയക്കുകയാണ് പിന്നെ ചെയ്തത്.

‘ഒരു വേലക്കാരിയെ വീട്ടില്‍ താമസിച്ച് ദിവസം മുഴുവന്‍ ജോലി ചെയ്യിച്ചതില്‍ എന്താണ് തെറ്റ്, എല്ലാവരും ചെയ്യുന്നതല്ലേ. അല്ല, മിക്ക രാജ്യങ്ങളിലും അത് കുറ്റ കൃത്യമാണ്, അടിമത്വത്തിനടുത്ത് വരുന്നതാണ്.

കഴിഞ്ഞ കൊല്ലം ഇന്ത്യന്‍ ബില്യണര്‍ പ്രകാശ് ഹിന്ദുജ, ഭാര്യ കമല, മകന്‍ അജയ്, മകന്റെ ഭാര്യ നമ്രത എന്നിവരെ സ്വിറ്റ്സര്‍ലാന്‍ഡ് ഒരു കോടതി നാല് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. മുകളില്‍ പറഞ്ഞ കാരണം തന്നെ. ഇന്ത്യയില്‍ നിന്ന് കൊണ്ട് വന്ന ഒരു ‘വേലക്കാരിക്ക്’ പരമ തുച്ഛമായ ശമ്പളം കൊടുത്തുവെന്ന് മാത്രമല്ല, വിശ്രമമോ ലീവോ കൊടുത്തുമില്ല, പുറത്തുപോകാന്‍ അനുവാദവുമില്ല. സ്വിസ് ജഡ്ജി ഹിന്ദുജയോട് താങ്കളുടെ പട്ടിക്ക് ചെലവാക്കുന്ന തുകയെങ്കിലും ഈ സ്ത്രീയ്ക്ക് വേണ്ടിയും ചെലവാക്കി കൂടെയെന്ന് ചോദിച്ചപ്പോള്‍, ഹിന്ദുജ പറഞ്ഞ മറുപടി പട്ടി തങ്ങള്‍ക്ക് ഒരുപാട് സന്തോഷം നല്‍കുന്ന ജീവിയാണ് എന്നതായിരുന്നു.

ഇന്ത്യക്കാര്‍ വളരുന്നത് തന്നെ ‘വേലക്കാര്‍’ ചെയ്യുന്നത് എന്തോ വൃത്തികെട്ട കാര്യങ്ങളാണ് എന്ന് പഠിച്ചാണ്. സ്വന്തം ടോയ്‌ലെറ്റ് ഒരിക്കല്‍ പോലും വൃത്തിയാക്കാത്ത ഇന്ത്യന്‍ പുരുഷന്മാര്‍ ഇഷ്ടം പോലെയുണ്ട്, പണക്കാര്‍ക്ക് ആ ജോലി ചെയ്യാന്‍ പാവപ്പെട്ടവര്‍ വരും. പാവപ്പെട്ടവരുടെ വീട്ടില്‍ ആ ജോലി ചെയ്യുന്നത് സ്ത്രീകളാണ്. ഡ്രൈവര്‍, വാച്ച്മാന്‍ തുടങ്ങിയവര്‍ക്ക് അഭിമാനമുണ്ടെന്ന് കരുതുന്ന ഇന്ത്യക്കാര്‍ കുറവാണ്.

ഒരിക്കല്‍ മുംബൈയിലെ പണക്കാര്‍ താമസിക്കുന്ന മലബാര്‍ ഹില്‍സിലെ ഒരു പാര്‍ക്കില്‍ ജോഗിങ് ചെയ്യാന്‍ വരുന്ന ഒരു പണക്കാരനെ കണ്ടു. തൊട്ടുപിറകെ ഒരു ‘വേലക്കാരനും’ ഓടുന്നു. പണക്കാരന് ഇടക്കൊക്കെ വിയര്‍പ്പ് തുടക്കണം. അതിന് ഒരു ടവ്വലും കയ്യില്‍ പിടിച്ചാണ് ‘വേലക്കാരന്‍’ ഓടുന്നത്. നഗരങ്ങളിലെ മിക്ക ഗേറ്റഡ്‌കോമ്പൗണ്ടുകളിലും ചെറിയൊരു പാര്‍ക്ക് ഉണ്ടാകും. അവിടെ ഒരു വാച്ച്മാന്‍ ഉണ്ടാകും. വേലക്കാരികളോ അവരുടെ മക്കളോ ആ പാര്‍ക്കിലേക്ക് കയറാതെ നോക്കുന്നതാണ് അയാളുടെ ജോലി.

അടുത്തിടെ ഹൈദരാബാദിലെ ഒരു ഫ്‌ലാറ്റില്‍ കണ്ട ഒരു നോട്ടീസ് ആരോ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതാണ് മുകളില്‍. വേലക്കാരികള്‍, ഡെലിവറി ബോയ്‌സ് ഒക്കെ ലിഫ്റ്റ് ഉപയോഗിച്ചാല്‍ 500 രൂപ പിഴ!.

ഈ മനുഷ്യവിരുദ്ധതകള്‍ക്കും അഭിമാനമില്ലായ്മക്കുമിടയില്‍, ഒരിക്കല്‍, ഒറ്റയൊരിക്കല്‍, ഒന്നുകില്‍ പാടങ്ങളില്‍ അമ്പതും നൂറും രൂപക്ക് പത്ത് മണിക്കൂറോ, അല്ലെങ്കില്‍ ദിവസം മുഴുവന്‍ അപാനമിതയായി നഗരങ്ങളിലെ ഫ്‌ലാറ്റുകളിലോ ജീവിക്കാന്‍ വിധിക്കപ്പെട്ട, ഉത്തരേന്ത്യയിലെ കവിളൊട്ടിയ എല്ലുന്തിയ സ്ത്രീകള്‍ക്ക് അഭിമാനം നല്‍കാന്‍ ഇന്ത്യയില്‍ ഒരു നിയമ നിര്‍മാണമുണ്ടായി. തൊഴിലുറപ്പ് എന്ന് നമ്മള്‍ വിളിക്കുന്ന Mahatma Gandhi National Rural Employment Guarantee Act 2005.

ലോകം മുഴുവന്‍ വാഴ്ത്തിയ, കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക്, പ്രധാനമായും ഗ്രാമീണ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ജോലിയും ഭക്ഷണവും സര്‍വോപരി അഭിമാനവും നല്‍കിയ ഒരു നിയമം. സോണിയ ഗാന്ധി വിഭാവനം ചെയ്ത് മന്‍മോഹന്‍ സിങ് നടപ്പാക്കിയ വിവരാവകാശം പോലെ ഇന്ത്യയെ മാറ്റിമറിച്ച ഐതിഹാസികമായ മറ്റൊരു നിയമം.

ഈ നിയമം വര്‍ഷത്തില്‍ നൂറ് ദിവസമെങ്കിലും മിനിമം കൂലിയില്‍ ജോലി ലഭിക്കുക എന്നത് ഇന്ത്യക്കാരന്റെ അവകാശമാക്കി. മിനിമം കൂലി എന്നാല്‍ സംസ്ഥാനങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെടും. 250 മുതല്‍ അഞ്ഞൂറ് വരെയേയുള്ളു. എങ്കിലും മിക്ക സംസ്ഥാനങ്ങളിലും ജോലി കിട്ടിയാല്‍, കിട്ടാന്‍ സാധ്യതയുള്ള കൂലിയെക്കാള്‍ മികച്ചതാണ് തൊഴിലുറപ്പിന്റെ കൂലി. കൊല്ലത്തില്‍ 100 ദിവസമെങ്കിലും ജന്മിമാരുടെയും നഗരത്തിലെ പണക്കാരുടെയും കീഴെയുള്ള അപമാനിതരായുള്ള ജീവിതത്തില്‍ നിന്ന് ഈ ഗ്രാമീണ സ്ത്രീകള്‍ക്ക് തൊഴിലുറപ്പ് നിയമം മുക്തി നല്‍കി. കൊവിഡ് സമയത്ത് ഈ നിയമം അവര്‍ക്ക് ഭക്ഷണമായി, അല്ലാത്തപ്പോള്‍ ജന്മിമാരോട് വിലപേശാന്‍ ഒരായുധമായി.

ഈ നിയമം മൂലം ഗ്രാമീണ സ്ത്രീകള്‍ക്ക് കൈ വന്ന വിലപേശല്‍ ശക്തി കാരണമാകാം ഇന്ത്യയിലെ ഉന്നത വിഭാഗങ്ങള്‍ ഇത്രയും വെറുത്ത ഒരു നിയമവും ഉണ്ടായിട്ടില്ല. ‘വേലക്കാരെ കിട്ടാന്‍ ഇപ്പൊ വല്യ പാടാ, കിട്ടിയാല്‍ തന്നെ എന്താ കൂലി, തൊഴിലുറപ്പ് വന്നേ പിന്നെ ഇവറ്റകള്‍ക്ക് എന്താ അഹങ്കാരം’. മധ്യ-ഉന്നത വര്‍ഗ ഫ്‌ലാറ്റുകളിലും ക്ലബ്ബുകളിലും ഇന്ന് സ്ഥിരം കേള്‍ക്കുന്ന വാചകമാണ്. 100 രൂപക്ക് ഇപ്പോള്‍ ആളെ കിട്ടുന്നില്ല, 300 എങ്കിലും കൊടുക്കണം എന്നത് മാത്രമല്ല പ്രശ്‌നം, തങ്ങള്‍ കീടങ്ങളായി കണ്ട കുറേപ്പേര്‍ തങ്ങളോട് വിലപേശാന്‍ തുടങ്ങിയിരിക്കുന്നു.

പകല്‍ മുഴുവന്‍ വെറുതെ കുഴികുത്തുന്നവര്‍ എന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി തൊഴിലുറപ്പുകാരെ വിശേഷിപ്പിച്ചത്. ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ക്ക് ഈ നിയമം രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തിക്കളയുന്നതിലായിരുന്നു പരാതി. ജി.ഡി.പിയുടെ വെറും ഒരു ശതമാനം മാത്രം ചെലവഴിക്കുന്ന ഒരു പദ്ധതിയെ ഇത്രത്തോളം പുച്ഛിക്കാന്‍ മാത്രം ഇവരെയൊക്കെ പ്രേരിപ്പിച്ചതിന് ഒരു കാരണമേയുള്ളൂ. മെട്രോയില്‍ നിലത്തിരിക്കേണ്ട, ലിഫ്റ്റില്‍ കയറിയാല്‍ പെനാല്‍റ്റി കൊടുക്കേണ്ട, തങ്ങള്‍ എന്നും പുച്ഛത്തോടെ കണ്ടവര്‍ തങ്ങളോട് കണക്ക് ചോദിക്കുന്നതിന്റെ ചൊരുക്ക്.

ഏതായാലും തൊഴിലുറപ്പ് പദ്ധതി ഇനി യാത്രയാവുകയാണ്. ഇന്നലെ ലോക്‌സഭാ ചര്‍ച്ചക്ക് സമയം കൊടുക്കാതെ ധൃതിപിടിച്ച് തൊഴിലുറപ്പ് പദ്ധതി റദ്ധാക്കി. അല്‍പ്പം കഴിഞ്ഞ് രാജ്യസഭയും. പുതിയൊരു നിയമം അതിന്റെ സ്ഥാനത്ത് കൊണ്ട് വന്നിട്ടുണ്ട്. പ്രത്യേകിച്ച് കാര്യമൊന്നുമില്ല. തൊഴില്‍ അവകാശം എന്നത് മാറ്റി ഔദാര്യം എന്നാക്കിയിട്ടുണ്ട്. അതിനുതന്നെ കൂലി കൊടുക്കേണ്ടത് നല്ലൊരു ഭാഗം സംസ്ഥാനങ്ങളുടെ ബാധ്യതയാക്കിയിട്ടുണ്ട്.

എപ്പോള്‍ വേണമെങ്കിലും പദ്ധതി ഫ്രീസ് ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പ്രായോഗികമായി പല്ലും നഖവും ഫണ്ടും ഇല്ലാത്ത ഒരു നിയമത്തെ പകരം വച്ച് തൊഴിലുറപ്പ് പദ്ധതി അസാധുവാക്കിയിട്ടുണ്ട്.

‘അഭിമാനിയായ ഗ്രാമീണ സ്ത്രീ….’ ഇന്ത്യക്ക് അത് സഹിക്കാന്‍ പറ്റില്ല. സെറ്റിയില്‍ ഇരിക്കാന്‍ അനുവാദമില്ലാത്ത, തങ്ങളുടെ പ്ലേറ്റില്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലാത്ത സ്ത്രീയായി തന്നെ അവള്‍ ജീവിക്കണം.

Content Highlight: Farooq writes against the cancellation of the Mahatma Gandhi National Rural Employment Guarantee Scheme, 2005

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more