| Tuesday, 26th May 2026, 9:43 pm

കൂറജീവിതം

ഫാറൂഖ്

കുറെ കാലമായി കാണുന്ന ആളായിരുന്നെങ്കിലും ഞങ്ങള്‍ ആദ്യമായി രാഷ്ട്രീയം സംസാരിക്കുന്നത് 2014ലാണ്.

‘നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നല്ല പണിയാണല്ലോ കിട്ടിയത്’ അവന്‍ ചോദിച്ചു.

‘ആര്‍ക്ക്?’

‘ജേര്‍ണലിസ്റ്റുകള്‍ക്ക്’

ഞാന്‍ ജേര്‍ണലിസ്റ്റുകളുമായി അടുത്ത ബന്ധമുള്ള ആളാണെന്നും അവര്‍ക്കിടയില്‍ എനിക്കൊരുപാട് സുഹൃത്തുക്കള്‍ ഉണ്ടെന്നെമൊക്കെ തെറ്റിദ്ധരിക്കുന്ന ചിലര്‍ എന്റെ പരിചയക്കാര്‍ക്കിടയിലുണ്ട്.

‘എന്താ പ്രശ്‌നം?’ഞാന്‍ ചോദിച്ചു.

‘മോദി വിദേശത്തു പോകുമ്പോള്‍ ഇനി മുതല്‍ പത്രക്കാരെ കൊണ്ട് പോകുന്നില്ല. അങ്ങനെ അവരിപ്പോള്‍ സുഖിക്കണ്ട’ അവന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി. Photo: Jammu Kashmir Youth Congress/Facebook.com

ഈ വാര്‍ത്ത ഞാന്‍ അതിനു മുമ്പേ വായിച്ചിരുന്നു. പ്രധാന മന്ത്രിമാര്‍ വലിയ വിമാനങ്ങളിലാണ് യാത്ര ചെയ്യുന്നത്. സാധാരണ നിലയില്‍ മുന്നൂറോ നാന്നൂറോ ആളുകള്‍ക്ക് കയറാന്‍ വലിപ്പമുള്ള വിമാനം കിടപ്പുമുറിയും ചെറിയൊരു മീറ്റിങ് റൂമും ഒക്കെയാക്കി റി-ഡിസൈന്‍ ചെയ്താലും പിറകില്‍ കുറെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടാകും. അതില്‍ കുറെ പത്രക്കാരെ കയറ്റുന്നതായിരുന്നു രീതി.

ലോകം മുഴുവന്‍ അങ്ങനെയാണ്, ട്രംപും പുട്ടിനുമൊക്കെ സഞ്ചരിക്കുന്ന വിമാനത്തിന്റെ പിറകിലത്തെ പകുതിയില്‍ പത്രക്കാരായിരിക്കും. ഇങ്ങനെ കയറുന്ന പത്രക്കാര്‍ക്ക് ടിക്കറ്റിന് വേറെ കാശ് കൊടുക്കേണ്ട എന്നൊരു മെച്ചമുണ്ട്, പക്ഷെ ഹോട്ടലും മറ്റു ചിലവുകളും അവരുടെ സ്ഥാപനം തന്നെ വഹിക്കണം.

പോകുമ്പോഴും വരുമ്പോഴും വിദേശ നേതാക്കളുമായി സംസാരിക്കാന്‍ പോകുന്ന കാര്യങ്ങളും സംസാരിച്ച കാര്യങ്ങളും പ്രധാനമന്ത്രിയും കൂടെയുള്ളവരും ഓണ്‍-റെക്കോര്‍ഡ് ആയും ഓഫ്-റെക്കോര്‍ഡ് ആയും ഇവരോട് പറയും.

എല്ലാ കാര്യങ്ങളും പറയാന്‍ പറ്റില്ലെങ്കിലും പറയാന്‍ പറ്റുന്നതൊക്കെ പറയും. ജനങ്ങള്‍ ടാക്‌സ് കൊടുത്ത പണം കൊണ്ടുള്ള യാത്രയാണല്ലോ, ജനങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രയാണല്ലോ, അത് കൊണ്ട് അവര്‍ കാര്യങ്ങള്‍ അറിയട്ടെ എന്ന് കരുതിയാണ് ഈ സെറ്റപ്പ്.

മോദി വന്നപ്പോള്‍ അത് നിര്‍ത്തി. അതിന് പകരം അദാനിയും പരിവാരങ്ങളും ആ സ്ഥലത്തിരുന്നു യാത്ര ചെയ്യാന്‍ തുടങ്ങി. അതെന്തെങ്കിലുമാവട്ടെ, ഇന്ത്യയില്‍ ജേര്‍ണലിസത്തിന് വന്ന മാറ്റങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇതൊക്കെ നിസ്സാരം.

Photo: The Wire

‘അതെന്താ വിദേശയാത്രയില്‍ എന്തൊക്കെയാണ് കരാറും ചര്‍ച്ചകളുമൊക്കെ നടക്കുന്നത് എന്ന് നമുക്കറിയണ്ടേ’ഞാന്‍ ചോദിച്ചു.

‘മോദിയെ വിശ്വസിക്കാം, അദ്ദേഹം രാജ്യത്തിന് നല്ലതേ ചെയ്യൂ’ അവന്‍ പറഞ്ഞു.

‘ശരി, എന്നാലും എന്തൊക്ക കരാറാണെന്ന് നമുക്കും അറിയാല്ലോ’

‘എന്തിന്, അതിന്റെയൊന്നും ആവശ്യമില്ല, അതൊക്കെ മോദി നോക്കിക്കോളും’ എന്ന് അവന്‍.

ഞാനത് വിട്ടു, നമ്മള്‍ രാഷ്ട്രീയക്കാരെ തെരഞ്ഞെടുന്നത് ഭരിക്കാനാണെന്ന് (rule) വിശ്വസിക്കുന്ന ഒരു പാട് പേരുണ്ട്, അവര്‍ ഭരണാധികാരികളല്ല മറിച്ചു ഭരണ നിര്‍വഹണം (governance) നടത്താനുള്ള ഗവണ്‍മെന്റ് മാത്രമാണെന്ന് പറഞ്ഞാല്‍ മനസിലാകാത്തവര്‍.

രാജഭരണത്തിന്റെ ഹാങ്ങോവര്‍ വിട്ടിട്ടില്ലാത്ത, രാജാക്കന്മാരെ പോലെ മുഖ്യമന്ത്രിയെയും പ്രധാന മന്ത്രിയെയുമൊക്കെ കാണുന്നവര്‍. നമ്മള്‍ കൊടുക്കുന്ന ടാക്‌സ് ശമ്പളമായെടുത്തു അതേ പൈസ കൊണ്ട് കാറും വിമാനവും വാങ്ങിക്കുന്ന, നമ്മുടെ കാര്യസ്ഥപ്പണി ചെയ്യുന്നവരോട് കണക്ക് ചോദിക്കാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നവര്‍.

സ്വയം മധ്യവര്‍ഗം എന്ന് വിളിക്കുന്ന ഇന്ത്യയിലെ ഉപരിവര്‍ഗം (ഇന്ത്യയില്‍ 25,000 രൂപക്ക് മേലെ മാസ വരുമാനമുള്ളര്‍ ഏറ്റവും മുകളിലെ 10 ശതമാനത്തില്‍ വരും, ആ കണക്ക് വച്ച് അവര്‍ തന്നെ ഉപരിവര്‍ഗത്തിനും മേലെയാണ്, എന്നാലും എല്ലാവരും മധ്യവര്‍ഗം എന്നാണ് പറയുക ) രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞു തുടങ്ങുന്നത് 2012-13 കാലത്തെ ഇന്ത്യ എഗൈന്‍സ്‌റ് കറപ്ഷന്‍ സമരത്തോടെയാണ്.

ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റ്‌

ഇന്ത്യയുടെ ഒരേയൊരു പ്രശനം അഴിമതിയാണെന്നും അതില്ലാതാക്കുന്നതോടെ ഇന്ത്യ സൂപ്പര്‍ പവര്‍ ആകുമെന്നുമുള്ള പ്രചാരണം നടക്കുന്ന സമയമായിരുന്നു അത്.

ആര്‍.എസ്.എസ് സ്‌പോണ്‍സര്‍ ചെയ്ത, അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ ആ സമരം ഇന്ത്യക്കാരെ രാഷ്ട്രീയമായി ഷണ്ഡീകരിക്കാനുള്ള പല പദ്ധതികളില്‍ ഒന്നായിരുന്നു എന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യക്കാര്‍ക്ക് മനസ്സിലാകുന്നത്.

അരവിന്ദ് കെജ്‌രിവാള്‍

വാട്‌സ്ആപ്പില്‍ അവന്റെ മെസേജുകള്‍ വന്നു കൊണ്ടേയിരുന്നു. ഇന്ത്യ സാമ്പത്തികമായി കുതിച്ചു കൊണ്ടിരിക്കുന്നതിനെ പറ്റി, വിദേശത്തു ഇന്ത്യ വിശ്വഗുരു ആവുന്നതിനെ പറ്റി, ഇന്ത്യയില്‍ അഴിമതി അവസാനിക്കുന്നതിനെ പറ്റി, ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടാന്‍ പോകുന്നതിനെ പറ്റിയൊക്കെ.

നോട്ട് നിരോധനത്തെ വരെ ന്യായീകരിച്ച ഫോര്‍വേഡുകള്‍ അവന്‍ എനിക്കയച്ചിട്ടുണ്ട്. മിക്കതും ഞാന്‍ അവഗണിക്കും. ചിലപ്പോള്‍ ചോദിക്കും, ഇതിനൊക്കെ വല്ല ഡാറ്റയും ഉണ്ടോ, പ്രധാനമന്ത്രിയോ മറ്റു മന്ത്രിമാരോ ഇതൊക്കെ ഒരു പത്രസമ്മേളനത്തിലോ ഇന്റര്‍വ്യൂയിലോ ഒക്കെ വിശദീകരിച്ചിട്ടുണ്ടോ.

ഉത്തരം മുമ്പത്തേതു തന്നെ, ഭരിക്കുന്നവരെ വിശ്വസിച്ചോളണം, ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ അര്‍ബന്‍ നക്‌സലുകളാണ്, രാജ്യം പുരോഗമിക്കുന്നത് അംഗീകരിക്കാന്‍ മടിയുള്ളവരാണ്, പത്രക്കാര്‍ പ്രെസ്റ്റിറ്റിയൂകളാണ് അല്ലെങ്കില്‍ മാപ്രകളാണ് .

കൊല്ലങ്ങള്‍ കഴിയുമ്പോഴേക്ക്, പ്രധാന മന്ത്രിയും മന്ത്രിമാരുമൊക്കെ ജനങ്ങളോട് ഉത്തരം പറയുന്നതില്‍ നിന്ന് പൂര്‍ണമായി അകന്നു കഴിഞ്ഞിരുന്നു, പാര്‍ലമെന്റില്‍ പോലും ഏതെങ്കിലും മന്ത്രിമാര്‍ എന്തെങ്കിലുമൊക്കെ പറഞ്ഞാലായി എന്ന സ്ഥിതിയായി, എന്തെങ്കിലുമൊക്കെ ചോദ്യം, വേറെന്തെങ്കിലുമൊക്കെ ഉത്തരം. മന്ത്രിമാര്‍ സംസാരിക്കുന്നത് തങ്ങളെ പുകഴ്ത്തുന്ന പോഡ്കാസ്റ്റര്‍ക്കൊപ്പം മാത്രമായി ചുരുങ്ങി.

അതിനിടയില്‍ അവന്റെ ജീവിതത്തില്‍ മറ്റൊന്ന് കൂടി സംഭവിച്ചു, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഭ്രമം. ഭാര്യയുടെ സ്വര്‍ണം പണയം വച്ചത്, മറ്റുള്ളവരോട് കടം വാങ്ങിയത്, പാര്‍ട്ണര്‍ഷിപ്പ് ഉണ്ടായിരുന്ന ചെറിയ ബിസിനസില്‍ നിന്ന് പിന്‍വലിച്ചത് തുടങ്ങി പലവിധേനയും സമാഹരിക്കുന്ന പണം ഇന്ത്യന്‍ കമ്പനികളുടെ, പ്രധാനമായി അദാനിയുടെ സ്റ്റോക്കുകളില്‍ നിക്ഷേപിച്ചു ലാഭമുണ്ടാക്കുന്നതായി അവന്റെ പ്രധാന പരിപാടി.

മിക്കവാറും എല്ലാ ദിവസവും അവന്റെ സ്റ്റോക്ക് ആപ്പുകളില്‍ ഷെയര്‍ വാല്യൂ മുകളിലേക്ക് പോകുന്നതിന്റെ ഗ്രാഫ് എനിക്കയച്ചു തരും. അക്കാലത്തു അത് വളരെ സാധാരണമായിരുന്നത് കൊണ്ട് ഞാന്‍ അതും അവഗണിച്ചു.

വര്‍ഷങ്ങള്‍ അങ്ങനെ കഴിഞ്ഞു പോയി. ഒരു ദിവസം അവന്‍ അയച്ചു തന്ന ഒരു യൂട്യൂബ് ലിങ്ക് എന്നെ ശരിക്കും പരിഭ്രാന്തനാക്കി. ഷാരിക്ക് ശംസുദ്ധീന്‍ എന്ന ഒരു ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ളുന്‍സര്‍ ചെയ്ത ഒരു വീഡിയോ ആയിരുന്നു അത്.

എന്ത് കൊണ്ട് ബിസിനസും ജോലിയും ഒന്നും ചെയ്യാതെ സ്റ്റോക്ക് ട്രേഡിങ്ങ് നടത്തുന്നതാണ് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ ഏറ്റവും നല്ലത് എന്ന രീതിയില്‍ വിശദീകരിക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. കൂടെ ഒരു ചോദ്യവും, ‘ഞാനിനി ഫുള്‍ ടൈം സ്റ്റോക്ക് ട്രേഡര്‍ ആകുന്നതിനെ പറ്റി എന്താണഭിപ്രായം?’.

ഞാന്‍ ഉടനെ അവനെ തിരിച്ചു വിളിച്ചു. അബദ്ധം ഒന്നും കാണിക്കരുത്, നിനക്ക് മാന്യമായ ഒരു ജോലിയുണ്ട്, നല്ലൊരു കുടുംബമുണ്ട്.

തിരിച്ചു അവന്‍ ഒരുപാട് ഗ്രാഫുകളും ചാര്‍ട്ടുകളും എനിക്ക് കാണിച്ചു തന്നു. കുതിച്ചുയരുന്ന ഓഹരികള്‍, പറക്കുന്ന സമ്പദ്‌വ്യവസ്ഥ, അഞ്ച് ട്രില്യണ്‍ ആകാന്‍ പോകുന്ന എക്കോണമി.

ഞാന്‍ അവനോട് വിശദീകരിക്കാന്‍ ശ്രമിച്ചു, സമ്പദ്‌വ്യവസ്ഥയുടെ കഥകളെല്ലാം ഒരു ഡാറ്റയുമില്ലാതെ പെരുപ്പിക്കുന്നതാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആണെങ്കില്‍ വിദേശ നിക്ഷേപകര്‍ പണമിറക്കി കൃത്രിമമായി പൊലുപ്പിക്കുന്നതും, കറക്റ്റ് സമയത്തു അവര്‍ ലാഭമെടുത്തു പോകും, ചെറുകിട നിക്ഷേപകര്‍ കുത്തുപാളയെടുക്കും. എന്റെ അറിയാവുന്ന എക്കണോമിക്‌സ് മുഴുവന്‍ അവനോട് പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.

പകരം, അവനെനിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്റെ ഒരു പ്രസ്താവന അയച്ചു തന്നു, അതിലിങ്ങനെയായിരുന്നു പറഞ്ഞത്. ‘വിദേശ നിക്ഷേപകര്‍ എത്ര പണം പിന്‍വലിച്ചാലും പകരം പണം ഇറക്കി ഓഹരി വിപണി സംരക്ഷിക്കാന്‍ മാത്രം പണം ഇന്ത്യന്‍ ചെറുകിട നിക്ഷേപകരിലുണ്ട്’.

നിര്‍മല സീതാരാമന്‍

ഞാന്‍ വീണ്ടും എന്റെ പഴഞ്ചന്‍ ചോദ്യം അവനോട് ചോദിച്ചു, ഇതിന് പിന്‍ബലമായി വല്ല ഡാറ്റയും അവര്‍ തന്നായിരുന്നോ, അല്ലെങ്കില്‍ ആരെങ്കിലും അവരോട് ചോദിച്ചായിരുന്നോ?

‘ഇതൊക്കെയാണ് നിന്നെയൊക്കെ പോലുള്ള അര്‍ബന്‍ നക്‌സലുകളുടെ പ്രശ്‌നം, ഭരിക്കുന്നവരെ വിശ്വസിക്കില്ല, ഡാറ്റ ചോദിച്ചു കൊണ്ടേയിരിക്കും’.

‘ശരി, നടക്കട്ടെ’ഞാന്‍ പറഞ്ഞു.

അവന്റെ നിക്ഷേപങ്ങള്‍ക്ക് എന്ത് പറ്റി എന്ന് വിശദീകരിക്കുന്നില്ല. ഒരാവേശത്തിന് കിണറ്റില്‍ ചാടിയ ലക്ഷക്കണക്കിന് ഇന്ത്യന്‍ ചെറുകിട നിക്ഷേപകര്‍ക്ക് പറ്റിയത് തന്നെ അവനും സംഭവിച്ചു എന്ന് മാത്രം പറയാം.

ഫാസ്റ്റ് ഫോര്‍വേഡ്. രണ്ടാഴ്ച മുമ്പ് അവന്‍ എന്നെ വിളിച്ചു. അവന്റെ മൂത്ത മകള്‍ നീറ്റ് എഴുതിയിരുന്നു, അതിന്റെ റിസള്‍ട്ട് ക്യാന്‍സല്‍ ആയതിനു ശേഷം ചെറിയൊരു ഡിപ്രെഷനില്‍ ആണ്. അവളെ ഒരു കൗണ്‍സിലറെ കാണിക്കാന്‍ കൊണ്ട് പോയി വരുന്ന വഴിക്കാണ്. രണ്ടാമത്തെ മോള്‍ പത്താം ക്ലാസ്സിലാണ്. രണ്ടു കൊല്ലം കഴിഞ്ഞു നീറ്റ് എഴുതണം.

‘നമുക്ക് എന്തെങ്കിലും ചെയ്യണ്ടേ’? അവന്‍ ചോദിച്ചു.

‘എന്ത് ചെയ്യാന്‍’

‘ചോദ്യ പേപ്പറുകള്‍ ചോരുന്നു, നീറ്റ് ക്യാന്‍സല്‍ ആക്കുന്നു, ഓഹരി വിപണിയില്‍ കാശ് മൊത്തം പോകുന്നു, സാധനങ്ങള്‍ക്കൊക്കെ ഒടുക്കത്തെ വിലയും, ആര്‍ക്കും ഒരു ജോലിയും കിട്ടുന്നുമില്ല. ഇങ്ങനെ പോയാല്‍ എന്താ ചെയ്യുക, നിങ്ങള്‍ പത്രക്കാരെന്താ ഇതൊരു ഇഷ്യൂ ആകാത്തത്?’

‘ഞാന്‍ പത്രക്കാരനല്ല. എന്നാലും ചോദിക്കട്ടെ, പത്രക്കാര്‍ ആരോടാണ് ചോദിക്കേണ്ടത്, പ്രധാനമന്ത്രി പത്രസമ്മേളനത്തിന് വരാറുണ്ടോ, മന്ത്രിമാര്‍ വരാറുണ്ടോ’ഞാന്‍ ചോദിച്ചു.

‘ആരും സമരം ചെയ്യാത്തത് എന്താണ്?’

‘സമരം ചെയ്താല്‍ അര്‍ബന്‍ നക്‌സലാക്കി അകത്തിടും, എന്നിട്ട് നിങ്ങളൊക്കെ അതിനെ ന്യായീകരിക്കും. അതിനൊന്നും ഇനി ആളെ കിട്ടില്ല’

‘ഒരു മന്ത്രിയെങ്കിലും രാജി വക്കണ്ടേ, ആര്‍ക്കും ഒരുത്തരവാദിത്വവുമില്ലേ?’

‘മന്ത്രിമാര്‍ രാജിവക്കുന്നതൊക്കെ പണ്ടത്തെ കാലം. ഇക്കാലത്തു അത് പരാജയം സമ്മതിക്കലാവും, നടക്കില്ല’ ഞാന്‍ പറഞ്ഞു.

‘ആര്‍.ടി.എ ഫയല്‍ ചെയ്തൂടെ ആര്‍ക്കെങ്കിലും?’

‘ആര്‍.ടി.എ ഫയല്‍ ചെയ്യുന്നവരെയും പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നവരെയും ഒക്കെയാണ് ചീഫ് ജസ്റ്റിസ് കൂറകള്‍ എന്ന് വിളിച്ചു ഓടിച്ചത്’ആ സംഭാഷണം അങ്ങനെ അവസാനിച്ചു.

ഇക്കഴിഞ്ഞ ദിവസം അവനൊരു ഇന്‍സ്റ്റാഗ്രാം ലിങ്ക് അയച്ചു തന്നു, കൂടെയൊരു അഭ്യര്‍ത്ഥനയും, കോക്രോച്ച് പാര്‍ട്ടിയുടെ അക്കൗണ്ടാണ്, ലൈക് ചെയ്യണം, സഹകരിക്കണം.

കോക്രോച്ച് ജനതാ പാര്‍ട്ടി

‘എന്തിന്?’ഞാന്‍ ചോദിച്ചു.

‘നമ്മളൊക്കെ ഈ രാജ്യത്തെ വെറും കൂറകളാണ്, നമുക്ക് ഒരു പാര്‍ട്ടി വേണം’ അവന്‍ പറഞ്ഞു.

‘ഞാന്‍ കൂറയല്ല, പൗരനാണ്. ഞാന്‍ എനിക്കാവുന്ന വിധം എന്നും ഭരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. നിങ്ങള്‍ സ്വയം കൂറകളായതാണ്, ഭരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാതെ, അവര്‍ക്കു മുമ്പില്‍ നിവര്‍ന്നു നില്‍ക്കാതെ, വിനീത വിധേയരായി ജീവിക്കാന്‍ സ്വയം തീരുമാനിച്ചവര്‍.

തൊമ്മിമാരായി ഇഴഞ്ഞു നടന്ന്, പട്ടേലരുടെ ഉച്ഛിഷ്ടങ്ങള്‍ ഭക്ഷിച്ചു, അങ്ങനെ ലഭിക്കുന്ന സുന്ദരമായ കൂറജീവിതം സ്വപ്നം കണ്ടവര്‍. ആ പാര്‍ട്ടിയില്‍ നിങ്ങള്‍ തന്നെ ചേര്‍ന്നാല്‍ മതി. ഞാനില്ല’ ഞാന്‍ പറഞ്ഞു .

Content Highlight: Farooq writes about the current Indian situation

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

Latest Stories

We use cookies to give you the best possible experience. Learn more