| Friday, 27th June 2025, 4:51 pm

സൈസ് മാറ്റേഴ്‌സ്

ഫാറൂഖ്

കയറാനുള്ള അടുത്ത വിമാനം യുദ്ധം മൂലം ക്യാന്‍സല്‍ ചെയ്തിരിക്കുന്നു എന്ന അനൗണ്‍സ്‌മെന്റ് വരികയും ട്രാന്‍സിറ്റ് ലൗഞ്ചില്‍ നിന്ന് ഹോട്ടലിലേക്ക് മാറ്റപ്പെടുകയും അവിടെ അനിശ്ചിതമായി അടുത്ത അറിയിപ്പ് കാത്തിരിക്കുകയും ചെയ്യേണ്ടി വരുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് തന്നെയേ ഞാനും ചെയ്യുന്നുള്ളു. ഒരു നെറ്ഫ്‌ളിക്‌സ് സീരീസ് കാണുക, ഒരു ബുക്ക് വായിക്കുക, ഇടക്കിടയ്ക്ക് ഓരോ കാപ്പി കുടിക്കുക. ‘ദി ഡേ ഓഫ് ദി ജക്കാള്‍’ എന്ന പുതിയ സീരീസ് കാണുകയും മൊസാദിനെ പറ്റി എഴുതപ്പെട്ട ‘റൈസ് ആന്‍ഡ് കില്‍ ഫസ്റ്റ്’ എന്ന പുസ്തകം വായിക്കുകയും ചെയ്തപ്പോള്‍ ഇത് തമ്മിലെന്താണ് വ്യത്യാസം എന്ന് ആലോചിച്ചിരിക്കുകയാണ് ഞാന്‍ ഇപ്പോള്‍.

നിങ്ങള്‍ ഇത് വരെ കണ്ടിട്ടില്ലെങ്കില്‍ പറയാം, ‘ദി ഡേ ഓഫ് ദി ജക്കാള്‍‘ (The Day of Jackal) എന്ന സീരീസ് എഴുപതുകളില്‍ അതെ പേരില്‍ ഇറങ്ങിയ ഒരു ത്രില്ലര്‍ സിനിമയുടെ പുനരാവിഷ്‌കാരമാണ്. ഒരു കൊലപാതകത്തിന് കരാര്‍ ലഭിച്ച ഒരു കോണ്‍ട്രാക്ട് കില്ലറുടെ കഥയാണത്.

ഇതിന്റെ ഒരു റീമേക്ക് മുമ്പ് മലയാളത്തിലിറങ്ങിയിട്ടുണ്ട്, ആഗസ്ത് ഒന്ന് എന്ന പേരില്‍. ക്യാപ്റ്റന്‍ രാജുവാണ് അതിലെ കോണ്‍ട്രാക്ട് കില്ലര്‍. കോണ്‍ട്രാക്ട് കില്ലര്‍ എന്നതിന് പകരം പ്രെഫഷണല്‍ കില്ലര്‍ എന്ന വാക്കാണ് അതില്‍ ഉപയോഗിക്കുന്നത്, അതോടെയാണ് ആ വാക്ക് കേരളത്തില്‍ പ്രസിദ്ധമാകുന്നത്.

പിന്നീടത് കോട്ടേഷന്‍ എന്ന പേരിലേക്ക് മാറി. ക്യാപ്റ്റന്‍ രാജു തന്നെ ഈ കഥാപാത്രത്തിന്റെ നര്‍മ ആവിഷ്‌കാരവുമായി പിന്നീട് നാടോടിക്കാറ്റില്‍ വരുന്നുണ്ട്, പവനായി എന്ന പേരില്‍.

കോണ്‍ട്രാക്ട് കില്ലേഴ്‌സ്, അഥവാ, പ്രൊഫഷണല്‍ കില്ലേഴ്‌സ് – ഒരാളെ കൊല്ലാനുള്ള കോണ്‍ട്രാക്ട് ഏറ്റെടുത്തു കഴിഞ്ഞാല്‍ പിന്നെ എന്ത് പ്രതിബന്ധം ഉണ്ടായാലും ആ ഇരയെ കൊന്നിരിക്കും എന്നതാണ് ഇത്തരം കഥാപാത്രങ്ങളെ പ്രസിദ്ധമാക്കിയത്.

ഈ സിനിമകള്‍ കാണുന്നവര്‍ക്ക് പ്രൊഫഷണല്‍ കില്ലര്‍മാറോട് വല്ലാത്ത ഒരാകര്‍ഷണം തോന്നും. അത് കൊണ്ടാണ് ആഗസ്ത് ഒന്ന് എന്ന സിനിമയിലെ ക്യാപ്റ്റന്‍ രാജുവിനെ മാത്രം എല്ലാവരും ഓര്‍ക്കുന്നത്. സത്യത്തില്‍ ആ സിനിമയിലെ നായകന്‍ മമ്മൂട്ടിയാണ്.

പക്ഷെ ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം കഥയല്ല, ചരിത്രമാണ്. ‘റൈസ് ആന്‍ഡ് കില്‍ ഫസ്റ്റ്‘ (Rise and Kill First) എന്ന പുസ്തകം മൊസാദ് എന്ന ചാരസംഘടന നടത്തിയ കൊലപാതകങ്ങളുടെ ചരിത്രമാണ്. പ്രൊഫഷണല്‍ കില്ലര്‍മാരുടെ അതെ രീതിയാണ് മൊസാദ് കില്ലര്‍മാര്‍ക്ക്.

റൈസ് ആന്‍ഡ് കില്‍ ഫസ്റ്റ് പുസ്തകത്തിന്‍റെ പുറംചട്ട

ഒരു ഇരയെ നിശ്ചയിക്കുന്നു, കൊല്ലാനുള്ള കോണ്‍ട്രാക്ട് എടുക്കുന്നു, എന്ത് വിലകൊടുത്തും ആ ഇരയെ കൊല്ലുന്നു. മിക്കതും സിനിമകളെ വെല്ലുന്ന കൊലകളായിരിക്കും. കൊന്നു കഴിഞ്ഞാല്‍ പരമാവധി പബ്ലിസിറ്റി കിട്ടുകയും ചെയ്യും.

അതുകൊണ്ട് തന്നെ എന്റെ ഒരുപാട് സുഹൃത്തുക്കള്‍ മൊസാദ് ഫാന്‍സാണ്. മൊസാദിനെ പോലെയുള്ള കോണ്‍ട്രാക്ട് കില്ലര്‍മാരുടെ ഒരു ടീമിനെ ഇന്ത്യയൊക്കെ ഉണ്ടാക്കിയെടുക്കണം എന്ന് മിക്കവര്‍ക്കും അഭിപ്രായമുണ്ട്.

ഈയടുത്തു അവര്‍ വമ്പന്‍ കൊലപാതക ഷോകള്‍ നടത്തുന്നത് ഇറാനിലാണ്. ഇസ്മായില്‍ ഹനിയെ മുതല്‍ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട ഇറാന്‍ മിലിറ്ററി കമാന്‍ഡര്‍മാര്‍ വരെയുണ്ട്. ഒരു ഡസന്‍ ആണവ ശാസ്ത്രജ്ഞരെ കൊന്നു എന്നും പറയുന്നുണ്ട്, അത്രമാത്രം ആണവ ശാസ്ത്രജ്ഞര്‍ ഒരുമിച്ച് ഒരു കോഫി ഷോപ്പില്‍ ഇരിക്കുമോ എന്നൊന്നും അറിയില്ല. ഹാര്‍വാര്‍ഡില്‍ പോലും അത്രയും ശാസ്ത്രജ്ഞരെ ഒന്നിച്ചു കാണില്ല.

ചിലപ്പോള്‍ ടെക്നിഷ്യന്‍മാരും അറ്റന്റര്‍മാരുമൊക്കെയാവും. ഈജിപ്തിലോക്കെ ഡോക്ടറെയും കമ്പോണ്ടറെയും നഴ്‌സിനെയുമൊക്കെ ഡോക്ടര്‍ എന്ന് തന്നെയാണ് വിളിക്കുക. ഇറാനില്‍ ചിലപ്പോള്‍ എല്ലാവരെയും ശാസ്ത്രജ്ഞര്‍ എന്നാകും വിളിക്കുന്നത്. ഏതായാലും ഒരുപാട് പേരെ കൊല്ലുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പുസ്തകത്തിലെ മിക്ക കഥയിലും മൊസാദ് കോണ്‍ട്രാക്ട് കില്ലിങിന്റെ മോഡസ് ഓപ്പെറേണ്ടി ഇങ്ങനെയാണ്. മിക്ക മൊസാദ് ഏജന്റുമാരും അമേരിക്ക, അല്ലെങ്കില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുമായാണ് സഞ്ചരിക്കുക. മൊസാദ് ഏജന്റുമാര്‍ മാത്രമല്ല മിക്ക ഇസ്രാഈലുകാരും അങ്ങനെയാണ്. പാസ്‌പോര്‍ട്ട് അമേരിക്ക, കാനഡ അല്ലെങ്കില്‍ ജര്‍മനി ഒക്കെയായിരിക്കും. അതില്‍ തെറ്റുമില്ല, മിക്ക ഇസ്രാഈലുകാരും യൂറോപ്യന്മാരാണ്, ഇസ്രായേല്‍ അവര്‍ക്കൊരു അച്ചിവീട് മാത്രമാണ്.

ഇവര്‍ ഏതു രാജ്യത്ത് കൊലപാതകം നടത്തിയാലും അവരെ ഡിപ്ലോമാറ്റിക് ചാനലിലൂടെ രക്ഷപെടുത്തിക്കൊണ്ട് പോകുക എന്നത് അമേരിക്കയുടെ ഉത്തരവാദിത്തമാണ്. ഡിപ്ലോമാറ്റിക് ചാനല്‍ എന്ന് പറഞ്ഞാല്‍ പലതരം ഭീഷണികളും വാഗ്ദാനങ്ങളും ഒക്കെ.

കില്ലര്‍മാരല്ലാത്ത ഏജന്റുമാരുടെ പണി പ്രാദേശികമായി ഒറ്റുകാരെ കണ്ടു പിടിക്കുകയാണ്. ഒറ്റുകാര്‍ക്കും അവരുടെ കുടുംബത്തിനും അമേരിക്കന്‍ ഗ്രീന്‍കാര്‍ഡും ഒരു മില്യണ്‍ ഡോളര്‍ വരെയും കൊടുക്കും. ഇത്രയും കിട്ടിയാല്‍ ഒറ്റുകാരാവാതിരിക്കാനുള്ള രാജ്യസ്‌നേഹം മിക്ക രാജ്യക്കാര്‍ക്കുമില്ല.

അതുകൊണ്ട് തന്നെ ഇര ജീവിക്കുന്ന, അല്ലെങ്കില്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ ഇവര്‍ ഒറ്റുകാരെ റെഡിയാക്കി നിര്‍ത്തും. ആയുധങ്ങളും മറ്റു സംവിധാനങ്ങളും ഒരുക്കി കൊടുക്കും, ബാക്കി കാര്യങ്ങള്‍ ഒറ്റുകാര്‍ ചെയ്യണം.

ഫലസ്തീനു വേണ്ടി പ്രവര്‍ത്തിക്കുന്ന മിക്കവരെയും ഇങ്ങനെ കൊന്നിട്ടുണ്ട്. തങ്ങള്‍ക്കെതിരാണെന്ന് തോന്നുന്ന ബ്രിട്ടീഷുകാരെയും അമേരിക്കക്കാരെയും കൊന്നിട്ടുണ്ട്. പി.എല്‍.ഒ, ഹമാസ് എന്നൊന്നുമില്ല, ആരെയും കൊല്ലും. ഹമാസ് ഉണ്ടായത് മുതല്‍ അതിന്റെ നേതൃത്വത്തിലുള്ള ഒരാളും വാര്‍ധക്യം വന്നു കട്ടിലില്‍ കിടന്നു മരിച്ചിട്ടില്ല.

പി.എല്‍.ഒ

ഹമാസ് നേതാക്കള്‍ വലിയ സുഖലോലുപരായി വിദേശത്തു താമസിക്കുകയാണ് എന്ന് എന്റെ സുഹൃത്തുക്കള്‍ ഇടക്കൊക്കെ വാട്‌സ്ആപ്പ് മെസേജ് ഫോര്‍വേഡ് ചെയ്യും. എവിടുന്നൊക്കെയോ ആരൊക്കെയോ അയക്കുന്നതാണ്. അങ്ങനെ ഒരാളുമില്ല, എല്ലാവരും ഒന്നുകില്‍ കൊല്ലപ്പെട്ടിട്ടുണ്ട്, അല്ലെങ്കില്‍ ആസന്നമായ കൊലപാതകം കാത്തിരിക്കുന്നവരാണ്. അങ്ങനെയുള്ളവര്‍ പണം കൊണ്ടെന്ത് ചെയ്യാന്‍.

അതുകൊണ്ട് തന്നെ ഹമാസ് പോലുള്ള സംഘടനകളുടെ നേതൃത്വങ്ങളില്‍ ഓരോ പത്ത് കൊല്ലം കഴിയുമ്പോഴേക്ക് പുതുരക്തങ്ങള്‍ വന്നുനിറയും. ഇസ്രാഈല്‍ കൊല്ലാതെ വിടണമെങ്കില്‍ ഒറ്റുകാരായിരിക്കണം. അതുകൊണ്ട് തന്നെ ഓരോ ഒറ്റുകാരനെയും ഫലസ്തീന്‍കാര്‍ പേരെടുത്തു പറയും.

ഹമാസ്

മുമ്പൊരു ഫലസ്തീന്‍കാരനോട് ഒരു ടി.വി അവതാരകന്‍ ഫലസ്തീനിലെന്താണ് ഒരു ഗാന്ധിയോ മണ്ടേലയോ ഉണ്ടാവാത്തവത്തത് എന്ന് ചോദിച്ചു. മറുപടി, ഒരുപാട് ഗാന്ധിമാരും മണ്ടേലമാരും ഫലസ്തീനില്‍ ജനിച്ചിരുന്നു. പക്ഷെ കുഞ്ഞുങ്ങളായിരുന്നപ്പോഴേ ഇസ്രഈല്‍ കൊന്നുകളഞ്ഞു എന്നായിരുന്നു.

ഖാംനഇയെ കൊല്ലാന്‍ പോകുകയാണ് എന്നും അതോടെ യുദ്ധങ്ങള്‍ മുഴുവന്‍ അവസാനിക്കുമെന്നും നെതന്യാഹു പറഞ്ഞിട്ടുണ്ട്. മിക്കവാറും അതിന് കോണ്‍ട്രാക്ട് കില്ലര്‍മാരുടെ ഒരു ടീമിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടാകും. ഒറ്റുകാര്‍ക്കുള്ള ഗ്രീന്‍കാര്‍ഡും പൈസയും അമേരിക്കയില്‍ റെഡിയാക്കി വച്ചിട്ടുമുണ്ടാകും.

ആയത്തുള്ള അലി ഖാംനഇ

അവര്‍ ഖാംനഇയെ കൊല്ലുകയും ചെയ്യും. അത് കൊണ്ട് ലോകത്ത് പ്രത്യേകിച്ച് ഒരു മാറ്റവുമുണ്ടാകില്ല. പുതിയ ഖാംനഇമാര്‍ വരിവരിയായി നില്‍ക്കുന്നുണ്ട്. അവരാരെങ്കിലും പുതിയ നേതാവാകും. ഖാംനഇ വധവും കാത്തിരിക്കുന്നവര്‍ക്ക് ഒന്നോ രണ്ടോ ദിവസം അര്‍മാദിക്കാന്‍ ഒരവരസം കിട്ടും. അതില്‍ കൂടുതല്‍ ഒരു പ്രാധാന്യവും അതിനുണ്ടാകില്ല.

ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ട വാര്‍ത്ത വന്ന സമയത്ത് ഞാന്‍ ഒരു ഫലസ്തീനിയുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു. എനിക്കുള്ളത്ര അമ്പരപ്പ് പോലും അയാള്‍ക്കുണ്ടായില്ല. സങ്കടമോ അത്ഭുതമോ അയാളുടെ മുഖത്തുണ്ടായില്ല. ‘അതൊക്കെ ആരാണ് പ്രതീക്ഷിക്കാത്തത്’ അയാള്‍ എന്നോട് പറഞ്ഞു.

ഫലസ്തീന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഒരു നേതാവ് കട്ടിലില്‍ കിടന്ന്, കുടുംബക്കാരൊക്കെ വെള്ളം തൊട്ടു കൊടുത്തു, ഭാര്യ നെഞ്ചത്തടിച്ചു കരയുമ്പോള്‍ മരിക്കുമെന്ന് വിചാരിക്കുന്ന ഒരു ഫലസ്തീനിയുമില്ല. ലെബനനിലും സിറിയയിലും ഇറാഖിലും ഇറാനിലും എന്നല്ല മറ്റൊരു രാജ്യത്തും അങ്ങനെയൊരു വാര്‍ധക്യ മരണമുണ്ടാകില്ല. അതറിയാത്തവര്‍ നമ്മളേയുള്ളൂ.

ഇതൊക്കെ പറയാന്‍ കാരണമുണ്ട്. രണ്ടാഴ്ച മുന്‍പ് ജര്‍മനിയിലെ മ്യൂണിക്കില്‍ യുവേഫ ഫുട്‌ബോള്‍ ഫൈനലില്‍ സ്‌പെയ്‌നും പോര്‍ച്ചുഗലും ഏറ്റുമുട്ടുന്ന മത്സരം നടക്കുമ്പോള്‍ റൊണാള്‍ഡോയുടെയുടെയും കൂട്ടുകാരുടെയും മന്ത്രിക കാലുകളിലൂടെ പന്ത് നീങ്ങുന്നതേ ഞാനടക്കമുള്ള പതിനായിരങ്ങള്‍ കാണാനാഗ്രഹിച്ചുള്ളൂ.

പക്ഷെ എന്റെ ശ്രദ്ധ ഉടക്കിയത് മറ്റൊന്നിലാണ്, സ്റ്റേഡിയത്തില്‍ ഞാനിതുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ച, കളി കാണാന്‍ വന്ന ടീനേജ് കുട്ടികള്‍ കയ്യില്‍ പിടിച്ചിരിക്കുന്ന പോസ്റ്ററിലെ കാക്കി യൂണിഫോം – ഹിറ്റ്‌ലറുടെ യൂണിഫോം. പോസ്റ്ററില്‍ ഹിറ്റ്‌ലറുടെ മുഖമില്ല, കാരണം കര്‍ശനമായ ആന്റി-സെമറ്റിക് നിയമങ്ങളുള്ള യൂറോപ്പില്‍ അത് സാധ്യമല്ല.

നാസി സല്യൂട്ട് ചെയ്യുന്ന ഹിറ്റ്‌ലര്‍

പക്ഷെ യൂണിഫോമിലെ ഘടനയും വിലങ്ങനെയുള്ള ചട്ടയും കാരണം ഹിറ്റ്‌ലര്‍ ആണ് എന്ന് ആര്‍ക്കും കൃത്യമായി മനസ്സിലാവും. ഒരാളല്ല, ഒരുപാട് പേര്‍. അക്കൂട്ടത്തില്‍ ചിലര്‍ നാസി മിന്നല്‍ ബോള്‍ട്ടിനോട് സാമ്യമുള്ള 44 എന്നെഴുതിയ ജേഴ്‌സി പോലും ധരിച്ചിട്ടുണ്ടായിരുന്നു.

ചില യൂറോപ്യന്‍ നഗരങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ എഴുതപ്പെട്ട ജൂത വിരുദ്ധ മുദ്രാവാക്യങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നെങ്കിലും ജീവനുള്ള മനുഷ്യര്‍ ഹിറ്റ്‌ലറെ പ്രകീര്‍ത്തിക്കുന്നത് ആദ്യമായി കാണുകയായിരുന്നു.

യൂറോപ്പിലെ പഴയ തലമുറ വോക് എന്ന് പറയപ്പെടുന്ന പുതിയ തലമുറക്ക് കൈമാറിയത് ഒന്നേയുള്ളൂ, ആയിരക്കണക്കിന് കൊല്ലം കൈവിടാതെ സംരക്ഷിച്ചു പോന്ന ജൂത വിരോധം.

കര്‍ശനമായ നിയമം കൊണ്ട് പൊതിഞ്ഞു കെട്ടി പുറത്തു കാണിക്കാതെ ആന്റി-സെമിറ്റിസം എന്ന് വിളിക്കുന്ന ജൂത വിരോധം അവര്‍ തലമുറ തലമുറ കൈമാറുന്നു. എഴുപത് ലക്ഷം ജൂതന്മാരെ ഗ്യാസ് അടിച്ചും പട്ടിണിക്കിട്ടും കൊന്നതിന് ശേഷവും ഇന്നും യൂറോപ്യന്‍ ജീനുകള്‍ ദഹിക്കുന്നത് ജൂത രക്തത്തിനാണ്.

യൂറോപ്പില്‍ ആരോട് സ്വകാര്യമായി സംസാരിച്ചാലും അത് പുറത്തു വരും. യൂറോപ്പും അമേരിക്കയും കൂടി ഇസ്രാഈലിനെ സൃഷ്ടിച്ചു പരിപാലിക്കുന്നതിന്റെ പ്രധാന കാരണവും അതാണ്. മറ്റൊരു ഹോളോകോസ്റ്റ് ഒഴിവാക്കുക. അതിനായി ജൂതരെ പരമാവധി ദൂരെ കൊണ്ട് പോയി തള്ളുക.

പൈശാചിക ഉദ്ദേശത്തോടു കൂടിയ രണ്ടു തൂണുകളിലാണ് ഇസ്രാഈല്‍ നിലനില്‍ക്കുന്നത്. ഒന്നാമത്തേത്, എല്ലാ ജൂതന്മാരെയും ജറുസലേമില്‍ അടിച്ചു കൂട്ടി മുഴുവന്‍ പേരെയും മതം മാറ്റുകയോ കൊല്ലുകയോ ചെയ്താലേ ക്രിസ്തുവിന്റെ രണ്ടാം വരവ് സാധ്യമാവൂ എന്ന ഇവാഞ്ചലിക്കല്‍ വിശ്വസം. അത് മൂലമുള്ള അമേരിക്കന്‍ പിന്തുണ.

രണ്ടാമത്തേത് മറ്റൊരു ഹോളോകോസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി യൂറോപ്പിലുള്ള പരമാവധി ജൂതന്മാരെ ദൂരെയൊരു രാജ്യത്തേക്ക് മാറ്റാനുള്ള യൂറോപ്യന്‍ പദ്ധതി. അത് മൂലമുള്ള യൂറോപ്യന്‍ പിന്തുണ. കാലത്തെ അതിജീവിക്കാന്‍ കഴിയാത്ത രണ്ടു പൈശാചിക ഉദ്ദേശങ്ങളുടെ ഇരട്ടത്തൂണ്‍.

ഹോളോകോസ്റ്റിന്റെ ഭീകരദൃശ്യങ്ങളിലൊന്ന്

ഈ മാസാദ്യം ഒരു ടെലിവിഷന്‍ ടോക്ക് ഷോയില്‍ ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകന്‍ ഇസ്രാഈലി അംബാസഡറോട് ചോദിച്ചു, നിങ്ങള്‍ ഇക്കൊല്ലം എത്ര കുട്ടികളെ കൊന്നിട്ടുണ്ടെന്ന്. ‘അത് പ്രസക്തമല്ല’ അംബാസഡര്‍ പറഞ്ഞു. പക്ഷിപ്പനി തടയാന്‍ എത്ര താറാവുകളെ കൊന്നു എന്ന ചോദ്യത്തിന് പോലും അത്തരം ക്രൂരമായ ഒരുത്തരമുണ്ടാകില്ല.

ഇസ്രാഈലികള്‍ എവിടെ പോയാലും ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണത്, എന്തിനാണ് ഈ കുട്ടികളെ മുഴുവന്‍ കൊന്നു തള്ളുന്നത്, എന്തിനാണ് പത്രക്കാരെ കൊല്ലുന്നത്, എന്തിനാണ് ശാസ്ത്രജ്ഞരെ കൊല്ലുന്നത്, ഇതിനാണ് യൂണിവേഴ്സിറ്റിക്ക് ബോംബിടുന്നത്, എന്തിനാണ് മനുഷ്യരെ പട്ടിണിക്കിടുന്നത്, എന്തിനാണ് ആശുപത്രിക്ക് ബോംബിടുന്നത്, എന്തിനാണ് ടെലിവിഷന്‍ സ്റ്റേഷനില്‍ ബോംബിടുന്നത്, ഇങ്ങനെ നൂറു ചോദ്യങ്ങള്‍.

കഴിഞ്ഞ ദിവസം ഒരു ജയിലിന് മുകളില്‍ പോലും ബോംബിട്ടു. ഓടി രക്ഷപെടാന്‍ പോലും കഴിയാത്ത ജയില്‍ അന്തേവാസികളുടെ തലയില്‍ ബോംബിട്ടിട്ട് ആര്‍ക്കെന്ത് കിട്ടാന്‍. ആരെയെങ്കിലും കൊല്ലണം, അത്ര തന്നെ.

വെസ്റ്റ് ബാങ്കിലെ സെറ്റ്ലര്‍മാര്‍ എന്ന് വിളിക്കുന്ന യൂറോപ്യന്‍ അധിനിവേശക്കാര്‍ വെറുതെയിരിക്കുമ്പോള്‍ പോയി ഒന്നോ രണ്ടോ ഗ്രാമീണരെ വെടി വച്ച് കൊല്ലും. മോഷന്‍ ഡിറ്റക്ടറില്‍ യന്ത്രത്തോക്ക് പിടിപ്പിച്ചു മനുഷ്യരെ കൊല്ലുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലമാണ് വെസ്റ്റ്ബാങ്ക്.

ഇങ്ങനെ മനുഷ്യരെ കൊന്നുതള്ളുന്നത് എന്തിന് എന്ന ചോദ്യത്തിന് ആന്റി-സെമറ്റിസം പടര്‍ത്താന്‍ ബ്ലഡ്-ലിബെല്‍ ആരോപണം ഉയര്‍ത്തുന്നു എന്ന മറുപടിയാണ് നെതന്യാഹു അടക്കം ഇസ്രാഈലി നേതൃത്വം പറയുന്നത്.

മതാചാരങ്ങള്‍ക്ക് വേണ്ടി ക്രിസ്ത്യന്‍ കുട്ടികളെ ജൂതന്മാര്‍ കൊന്നു രക്തമെടുക്കുന്നു എന്ന നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അന്ധ വിശ്വസമാണ് ബ്ലഡ്-ലിബല്‍. അത് പറയുന്നത് നിയമവിരുദ്ധമാണ്, അത് കൊണ്ട് തന്നെ ഫലസ്തീന്‍ കുട്ടികളെ കൊല്ലുന്നതിനെ പറ്റി മറ്റാരും പറയരുത് എന്നത് ഇസ്രാഈലിന്റെ വാദം.

ബ്ലഡ് ലിബല്‍

എന്നാലും എല്ലാരും അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. കുട്ടികളെ കൊല്ലുന്നവരെ കുട്ടികളെ കൊല്ലുന്നവര്‍ എന്ന് വിളിക്കുന്നത് ആന്റി-സെമിറ്റിസം ആകുന്നതെങ്ങനെ?

തങ്ങള്‍ ഹോളോകോസ്റ്റ് നടത്തി അറുപത് ലക്ഷത്തോളം ജൂതരെ കൊന്നതിന്റെ കുറ്റബോധം മൂലം യൂറോപ്യന്മാര്‍ ഇസ്രാഈല്‍ എന്ത് ചെയ്താലും പിന്തുണക്കുന്ന കാലം ഏതാണ്ട് അവസാനിക്കുന്നു. ഇപ്പോഴുള്ള തലമുറ ആ കുറ്റബോധത്തോടെ ജീവിക്കുന്ന അവസാനത്തെ തലമുറയാകും.

പുതിയവര്‍ ചോദിക്കുന്നത്, പണ്ടെങ്ങോ ആരോ ചെയ്ത പാതകത്തിന് ഞങ്ങള്‍ എന്തിനാണ് ഇപ്പോള്‍ നടക്കുന്ന കൊലപാതകങ്ങളെ പിന്താങ്ങുന്നത് എന്നാണ്.

ഇറാന്‍ ഇസ്രാഈലിലെ ആശുപത്രിയില്‍ ബോംബിട്ടതിന്റെ വാര്‍ത്തകള്‍ക്ക് കീഴെ കാണുന്ന പതിനായിരക്കണക്കിന് ഇമോജികള്‍ ഒരു കാര്യം ഉറപ്പിക്കുന്നുണ്ട്, നിരന്തരം നടത്തുന്ന കൊലപാതകങ്ങള്‍ ലോകത്ത് ഭീകരമായ തോതില്‍ ഇസ്രാഈല്‍ വിരോധം വളര്‍ത്തുന്നുണ്ട്. ഇസ്രാഈലിന്റെ സര്‍വനാശം ആഗ്രഹിക്കുന്നവര്‍ ലോകം മുഴുവന്‍ നിറയുന്നുണ്ട്.

ജൂതന്മാര്‍ക്ക് സമാധാനത്തോടെ ജീവിക്കണം എന്നും, ഏതെങ്കിലും കാരണത്താല്‍ അവര്‍ക്ക് കൂട്ടമായി യൂറോപ്പിലേക്ക് തിരിച്ചു പോകേണ്ടി വന്നാല്‍ അവരെ യൂറോപ്യര്‍ വീണ്ടും ഗ്യാസ് ചേമ്പറിലേക്ക് ആനയിക്കുമെന്നും വിശ്വസിക്കുന്നവരാണ് ചരിത്രം പഠിച്ച എല്ലാവരും. പഠിക്കുന്ന ഞാനും.

രണ്ടാഴ്ച മുമ്പ് ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ കുറെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീന്‍ രാജ്യത്തെ അംഗീകരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞിരുന്നു. ഇതിനെ പറ്റി ഡിപ്ലോമസി കവര്‍ ചെയ്യുന്ന ഒരു ജേണലിസ്‌റ് പറഞ്ഞത് അത് ഫലസ്തീനെ രക്ഷിക്കാന്‍ വേണ്ടിയല്ല, ഇസ്രാഈലിനെ രക്ഷിക്കാന്‍ വേണ്ടിയാണ് എന്നാണ്.

യൂറോപ്യന്‍ ജൂതര്‍ക്ക് ഇസ്രാഈലില്‍ ഏതെങ്കിലും രീതിയില്‍ അരക്ഷിതത്വം ഉണ്ടാകുകകയും അവര്‍ താന്താങ്ങളുടെ രാജ്യത്തിലെലേക്ക് തിരിച്ചു വരികയും ചെയ്യുന്ന ഒരവസ്ഥ ഉണ്ടായാല്‍ ഭീകരമാവും യൂറോപ്പിലെ കൂട്ടക്കൊലകള്‍.

നൂറ്റാണ്ടുകളായി ജൂതരെ കൊന്നുകൊണ്ടിരിക്കുന്നവരാണ് യൂറോപ്യര്‍. ജീനിലുള്ളതാണത്, തലച്ചോറിലും. ആദ്യമായിട്ടാണെങ്കിലും ഒരു എലിയെ കാണുന്ന പൂച്ച എലിക്ക് നേരെ ചാടും. യൂറോപ്പിലെ അടുത്ത തലമുറക്ക് ജൂത വിരോധം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് അവരുടെ സോഷ്യല്‍ മീഡിയയില്‍ ഒന്ന് കറങ്ങിയടിച്ചാല്‍ മനസ്സിലാകും.

ജൂതര്‍ക്ക് താമസിക്കാന്‍ ഏറ്റവും നല്ലത് ഏഷ്യ ആണ്. അതില്‍ തന്നെ ഫലസ്തീന്‍, ഇറാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍. ജൂത വിരോധം രക്തത്തിലില്ലാത്തവരാണ് നമ്മള്‍. അവര്‍ക്കിവിടെ സമാധാനത്തോടെ ജീവിക്കാന്‍ ഫലസ്തീന്‍ രാജ്യമുണ്ടാകണമെന്ന് ഫ്രാന്‍സും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ മനസിലാക്കുന്നു. അതാണിപ്പോഴത്തെ ഫലസ്തീന്‍ സ്‌നേഹത്തിന്റെ കാരണം.

അതേ സമയത്ത് കൊന്നുതീര്‍ക്കലാണ് ഇസ്രാഈലിന് നല്ലത് എന്ന് ഇസ്രാഈലിലെ വലതുപക്ഷവും കരുതുന്നു. ഇപ്പോള്‍ എണ്ണത്തില്‍ കൂടുതലുള്ള ഫലസ്തീനികളില്‍ പകുതി മുക്കാല്‍ പേരെയെങ്കിലും കൊല്ലുന്നതാണ് തങ്ങളുടെ സുരക്ഷിതത്വം എന്ന് വിശ്വസിക്കുന്നവരാണവര്‍, ബാക്കിയുള്ളവരെ അമേരിക്ക കറുത്തവരെ സ്‌നേഹിക്കുന്ന പോലെ സ്‌നേഹിക്കാം.

ഈ ചിന്താഗതിക്കാരുടെ എണ്ണം കൂടി വരികയാണ്. അടുത്തിടെ ഇസ്രാഈലി പത്രം ഹാരറ്റ്‌സ് നടത്തിയ സര്‍വേയില്‍ 82% ജൂത-ഇസ്രാഈലികള്‍ വംശഹത്യക്ക് അനുകൂലമാണെന്നാണ് കണ്ടെത്തിയത്, ഇത്തരം സര്‍വേകളെ അധികം ഞാന്‍ വിശ്വസിക്കാറില്ല, ഒരു സൂചനക്ക് പറഞ്ഞെന്നേയുള്ളൂ.

നമ്മള്‍ ബോംബറുകളുടെ മോഡല്‍ നമ്പറും യൂറേനിയത്തിന്റെ സാന്ദ്രതയും എ35 ന്റെ ഫ്യൂവല്‍ ടാങ്കിന്റെ ക്യാപസിറ്റിയും ചര്‍ച്ച ചെയ്ത് യുദ്ധം ആസ്വദിക്കുമ്പോള്‍ സാധാരണ ഫലസ്തീനിയുടെയും ഇസ്രാഈലിയുടെയും കണക്കുകൂട്ടലുകള്‍ ഇങ്ങനെയാണ്.

ഇസ്രാഈലുള്‍പ്പടെയുള്ള വിശാല ഫലസ്തീനില്‍ ഏകദേശം എട്ട് മില്യണ്‍ ഫലസ്തീനികളുണ്ട്. ചുറ്റുമുള്ള രാജ്യങ്ങളില്‍ അഭയാര്‍ഥികളായി വേറൊരു ആറ് മില്യണും. ഇസ്രാഈലികള്‍ പ്രധാനമായും യൂറോപ്, അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് വന്നവര്‍ അടക്കം ഏഴു മില്യണ്‍ ഉണ്ട്.

ഏകദേശം ഇരട്ടിയോളമുള്ള ഫലസ്തീനികളുടെ നടുവില്‍ അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്ന് ഇസ്രാഈല്‍ കരുതുന്നു, വംശശുദ്ധീകരണം, അഥവാ കൂട്ട കൊലപാതകങ്ങള്‍ ആണ് അവര്‍ കാണുന്ന പോംവഴി. അതാണ് നേരത്തെ പറഞ്ഞ സര്‍വേ സൂചിപ്പിക്കുന്നത്.

ഒന്നും രണ്ടും നഖ്ബകളില്‍ പരമാവധി ഫലസ്തീനികളെ തുരത്തി. പക്ഷെ അവര്‍ തൊട്ടയല്‍പക്കങ്ങളില്‍ ഏതു സമയവും തിരിച്ചു കയറാന്‍ തയ്യാറായി നില്‍ക്കുന്നു. മറ്റൊരു നഖ്ബയാണ് ഇസ്രാഈലി സ്വപ്നം, അത് നടക്കുന്നില്ല എന്നതാണ് അവരുടെ നിരാശ.

ഇറാനുമായി ആകാശയുദ്ധം നടക്കുമ്പോള്‍ പട്ടാളക്കാരെ മുഴുവന്‍ ജോര്‍ദാന്‍ അതിര്‍ത്തിയിലേക്ക് പറഞ്ഞയക്കുകായിരുന്നു ഇസ്രാഈല്‍. ഇസ്രാഈല്‍ ഒന്ന് പതറുന്നു എന്ന് കണ്ടാല്‍ ജോര്‍ദാനിലെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ കൂട്ടമായി ഇസ്രാഈലിലേക്ക് വരും, കേരളത്തിലെ ഒരു കൊച്ചു തോടിന്റെ വീതിയേയുള്ളൂ അതിര്‍ത്തി തിരിക്കുന്ന ജോര്‍ദാന്‍ നദിക്ക്.

ജോര്‍ദാന്‍ നദി. ചിത്രം ബ്രിട്ടാണിക്ക എന്‍സൈക്ലോപിഡിയ

ഫലസ്തീനികളുടെ കണക്കുകൂട്ടലും ഇത് തന്നെയാണ്. ജനസംഖ്യയാണ് ഇസ്രാഈലിന്റെ പേടിയെങ്കില്‍ അത് തന്നെയാണ് ഫലസ്തീനികളുടെ ആയുധവും. എണ്ണം നിലനിര്‍ത്തിയാല്‍ രാജ്യം സ്വാഭാവികമായും അവരുടെ കയ്യില്‍ വരും. ദക്ഷിണാഫ്രിയയുടെയും ഇന്ത്യയുടേയും മറ്റനേകം അധിനിവേശ പോരാട്ടങ്ങളുടെയും ഉദാഹരണങ്ങള്‍ അവരുടെ മുമ്പിലുണ്ട്. നെല്‍സണ്‍ മണ്ടേല അക്കാര്യം യാസര്‍ അറാഫത്തിനോട് പറഞ്ഞിട്ടുമുണ്ട്.

അറാഫത്തിന്റെ ശിഷ്യനായ മഹമൂദ് അബ്ബാസിനെ മിക്ക ഫലസ്തീനികള്‍ക്കും ഇഷ്ടമല്ലെങ്കിലും മരിക്കാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ തന്ത്രം, അതുകൊണ്ടാണ് ഫലസ്തീനികള്‍ മരിക്കുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന് കോപവും നിരാശയും വരുന്നതും തെറി വിളിക്കുന്നതും.

ഇസ്രാഈലികള്‍ തങ്ങളെ കൊന്നുകൊണ്ടിരിക്കുമെന്നും അതിനനുസരിച്ചു പ്രസവിക്കുന്നതാണ് തങ്ങളുടെ പോരാട്ടമെന്നും ഫലസ്തീന്‍ സ്ത്രീകളും കരുതുന്നു. അമ്പത്തിനായിരത്തിലധികം പേരെ കൊന്നിട്ടും കഴിഞ്ഞ കൊല്ലത്തേതിനേക്കാള്‍ അധികമാണ് ഇപ്പോഴത്തെ ഗസ ജനസംഖ്യ.

ഫലസ്തീനികളുടെ ആയുധം ജനസംഖ്യയുടെ വലിപ്പമാണെങ്കില്‍ ഇറാന്റെ ആയുധം രാജ്യത്തിന്റെ വലിപ്പമാണ്. സൈസ് മാറ്റേഴ്‌സ്. ഇസ്രാഈലുകാര്‍ നൂറു ഫൈറ്ററില്‍ പോയി ഇറാനില്‍ ആയിരം ബോംബിട്ടാലും ഇറാന്‍ അവിടെത്തന്നെയുണ്ടാകും. ഒന്നോ രണ്ടോ കൊല്ലം കുറച്ചു വിലക്കയറ്റം ഉണ്ടാകും, കുറച്ചാളുകള്‍ മരിക്കും, അത്ര തന്നെ.

പകരം ആയിരം ബാലിസ്റ്റിക് മിസൈല്‍ തിരിച്ചു ഇറാന്‍ ഇസ്രാഈലിലേക്ക് അയച്ചാല്‍ ഇസ്രാഈലിന്റെ പുക കാണും. ബില്യണുകള്‍ ചിലവാക്കി ഫൈറ്റര്‍ ജെറ്റും സ്റ്റെല്‍ത്ത് ബോംബറും എയര്‍ ഡിഫെന്‍സും വാങ്ങാതെ അവര്‍ വന്നു ബോംബിട്ടു പൊയ്‌ക്കോട്ടേ, അത് കഴിഞ്ഞ് നമുക്ക് ആയിരം കിലോ പന്നിപ്പടക്കം നിറച്ച അഞ്ഞൂറ് ബാലിസ്റ്റിക് മിസൈല്‍ അങ്ങോട്ടയക്കാം എന്ന ഇറാനിയന്‍ തന്ത്രമാണ് സുന്‍-സു വിന്റെ ആര്‍ട്ട് ഓഫ് വാറിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ യുദ്ധ തന്ത്രം.

എല്ലാവരും പറയുന്നു ഇറാന്‍ ഇനി ആവേശത്തോടെ ന്യൂക്ലിയര്‍ ബോംബുണ്ടാക്കുമെന്ന്. എനിക്കങ്ങനെ തോന്നുന്നില്ല, കാശെന്തിന് വെറുതെ കളയണം?

എന്റെ ഒരുപാട് സുഹൃത്തുക്കള്‍ നെതന്യാഹുവിന്റെ ആരാധകരാണ്, ചിലരൊക്കെ അയാളുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിട്ടടക്കമുണ്ട്. ഇസ്രാഈല്‍ ഇതിനു മുമ്പും യുദ്ധം ചെയ്തിട്ടുണ്ട്, ഒന്ന് രണ്ടു പ്രാവശ്യം തോറ്റിട്ടുണ്ടെങ്കിലും അജയ്യരെന്ന പേരുണ്ട്, കാരണം യുദ്ധങ്ങളൊക്കെ നടന്നത് ഇസ്രാഈലിന്റെ പുറത്താണ്.

പക്ഷെ, നെതന്യാഹുവിന്റെ കാലത്താണ് ഇസ്രാഈല്‍ കരമാര്‍ഗം ആക്രമിക്കപ്പെടുന്നത്. പിന്നീട് ആകാശ മാര്‍ഗവും. പക്ഷെ അതൊന്നുമല്ല നെതന്യാഹുവിന്റെ കാലത്തേ ഏറ്റവും വലിയ പരാജയം. യൂറോപ്പിലെയും അമേരിക്കയിലുമടക്കം ലോകത്തിലെ മൊത്തം യുവാക്കളും ഇസ്രായേലിനെ ഒരു കൊലയാളികൂട്ടമായി കാണാന്‍ തുടങ്ങി എന്നതാണത്.

ബെഞ്ചമിന്‍ നെതന്യാഹു

മധ്യ വയസ്സ് കഴിഞ്ഞവര്‍ക്കേ ഇപ്പോള്‍ ഇസ്രായേല്‍ സ്‌നേഹമുള്ളൂ. ഗ്ലോബല്‍ ഇന്‍തിഫാദ ആഹ്വാനം ചെയ്ത ഒരു മുപ്പതുകാരന്‍ ന്യൂയോര്‍ക് പ്രൈമറി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചതും വലതു പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സ് ഇസ്രാഈലിനെ സഹായിക്കുന്നതിനെ എതിര്‍ത്ത് നടത്തുന്ന പ്രതിരോധവും കാണണം. എങ്ങനെയെങ്കിലും ഇതൊന്ന് തലയില്‍ നിന്നിറക്കി വെക്കണമെന്ന് ഒറ്റ ആഗ്രഹത്തിലാണ് യൂറോപ്പ്, ദിവസവും അവിടെ ചര്‍ച്ചയാണ്.

ഫലസ്തീന്‍ വിഷയത്തില്‍ ഞാന്‍ ആദ്യമായി എഴുതുന്നത് ഒക്ടോബര്‍ 7 ആക്രമണത്തിന്റെ ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു.  അന്ന് ഇസ്രായേല്‍ അജയ്യരായിരുന്നു, അത് കൊണ്ട് തന്നെ ഏതെങ്കിലും ഒരു കാലം, അമ്പതോ നൂറോ വര്‍ഷങ്ങള്‍ക്ക് ശേഷം അധിനിവേശം അവസാനിക്കുമെന്ന ആഗ്രഹമായിരുന്നു പങ്കുവെച്ചത്.

പിന്നീടെഴുതുമ്പോള്‍ ഇസ്രാഈലിന്റെ കരയതിര്‍ത്തി ഭേദിക്കപ്പെട്ടുണ്ടായിരുന്നു, അന്ന് ഞാന്‍ എഴുതിയത് ഫലസ്തീന്‍ പിറക്കാന്‍ ഇനി അധികം കാലമില്ല എന്നായിരുന്നു മൂന്നാമത്തെ ഈ എഴുത്ത് എഴുതുമ്പോള്‍ ഇസ്രാഈലിന്റെ ആകാശ അതിര്‍ത്തികളും ഭേദിക്കപ്പെട്ടിരിക്കുന്നു, ഇടതും വലുതും നിന്ന് കാക്കേണ്ടവര്‍ ക്രമേണ അപ്രത്യക്ഷരാകുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഹോട്ടലിലേക്ക് തിരിച്ചു വന്നാല്‍ ഇതേ ജനലിലൂടെ ഈസ്റ്റ് ജെറുസലേം തലസ്ഥാനമായ ഒരു ഫലസ്തീന്‍ രാജ്യം കാണാന്‍ കഴിയുമെന്ന് ഇന്നെനിക്ക് തോന്നുന്നു.

എന്നെപ്പോലെ നിരവധി പേര്‍ അത് കാണുന്നുണ്ട്. പ്രൊഫഷണല്‍ കില്ലര്‍മാര്‍ ഹീറോകളാണെന്ന് വിചാരിക്കുന്ന ശക്തര്‍ക്കേ അതിജീവിക്കാനാവകാശമുള്ളൂ എന്ന് കരുതുന്ന. സോഷ്യല്‍ ഡാര്‍വിനിസ്റ്റുകള്‍ ഒഴികെ മറ്റെല്ലാവരും.

Content Highlight: Farooq writes about Palestine, Israel, and Iran.

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more