| Monday, 17th November 2025, 2:07 pm

എന്തിലക്ഷന്‍, ഏതിലക്ഷന്‍

ഫാറൂഖ്

‘എന്തിലക്ഷന്‍, ഏതിലക്ഷന്‍’, ഇന്ത്യക്കാരുടെ ഇടയില്‍ പരിചിതമായ ഒരു ചോദ്യമല്ല എനിക്കിത്. വിദ്യാര്‍ത്ഥി കാലം മുതല്‍ അകത്തും പുറത്തുമായി രാഷ്ട്രീയത്തിലുള്ള, പത്രം വായിക്കുകയുകയും അത് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു വീട്ടില്‍ ജനിച്ചു വളര്‍ന്ന, സുഹൃത്തുക്കള്‍ മിക്കവാറും രാഷ്ട്രീയം സംസാരിക്കുന്ന എന്നോട് ഒരു സുഹൃത്ത് അങ്ങനെ ചോദിക്കുന്നത് ആദ്യമായിരുന്നു.

മിക്കപ്പോഴും വോട്ടെണ്ണല്‍ ലൈവ് കാണാന്‍ ഏതെങ്കിലും കൂട്ടുകാരോടൊപ്പമായിരിക്കും ഞാന്‍. എക്‌സിറ്റ് പോളിനെ വിലയിരുത്തും, ചിലപ്പോള്‍ ബെറ്റ് വക്കും. ക്രിക്കറ്റ് കഴിഞ്ഞാല്‍ ഞങ്ങളുടെ ജീവിതത്തിലെ മറ്റൊരു സ്‌പോര്‍ട്‌സ് ആയിരുന്നു ഇലക്ഷന്‍. അതില്‍ മത്സരമുണ്ടാകാറുണ്ടായിരുന്നു, ആകാംക്ഷയും ഉത്കണ്ഠയുമുണ്ടാകാറുണ്ടായിരുന്നു, പ്രവചനവും ബെറ്റും വഴക്കുമൊക്കെയുണ്ടായിരുന്നു.

ബീഹാര്‍ ഇലക്ഷന്‍ റിസള്‍ട്ടിന്റെ തലേന്ന് ഒരു സുഹൃത്തിനെ വിളിച്ചു, ‘നാളെയല്ലേ വോട്ടെണ്ണല്‍, നമുക്ക് കാണണ്ടേ’ ഞാന്‍ ചോദിച്ചു.

‘എവിടെ! എന്തിലക്ഷന്‍, ഏതിലക്ഷന്‍!’ അവന്‍ തിരിച്ചു ചോദിച്ചു. ഇന്ത്യയില്‍ സുപ്രധാനമാണെന്ന് എല്ലാവരും പറയുന്ന ഒരു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവന്‍ അറിയാതെ പോകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പ്രത്യേകിച്ച് ഞാന്‍ ഇവിടെയെഴുതിയ മറ്റൊരു ലേഖനത്തെ ഭീകരമായി വിമര്‍ശിച്ച ഒരു സുഹൃത്തായിരിക്കെ.

2020 ല്‍ ഇവിടെ ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിരുന്നുഒരു ഫാസിസ്റ്റ് കക്ഷിയെ വോട്ടെടുപ്പിലൂടെ അധികാരത്തിലെക്കാന്‍ കഴിയുമെങ്കിലും അധികാരത്തില്‍ നിന്നിറക്കാന്‍ കഴിയില്ല എന്നും, ആ കക്ഷി സ്വയം വീര്‍ത്തു സ്വന്തം ഭാരത്താല്‍ വീഴുന്നത് വരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ആ ആര്‍ട്ടികളില്‍ ഞാന്‍ പറഞ്ഞിരുന്നു.

അമിത് ഷാ ബി.ജെ.പി ഭരിക്കുമെന്ന് പറഞ്ഞ അന്‍പത് വര്‍ഷം, രാഷ്ട്രീയക്കാര്‍ പൊതുവെ കൂട്ടുന്ന 50 ശതമാനം അതിശയോക്തി ഒഴിച്ച് നിര്‍ത്തിയാല്‍, സത്യത്തോടടുത്തു നില്‍ക്കുന്നതാണെന്നും എഴുതിയിരുന്നു.

അമിത് ഷാ

ചരിത്രം വായിച്ചതില്‍ നിന്നും യാത്രകള്‍ ചെയതില്‍ നിന്നും അറിവുള്ളവരുമായി സംസാരിച്ചതില്‍ നിന്നും ഞാനെത്തിയ ഒരു നിഗമനമായിരുന്നു അത്. ഒട്ടേറെ പേര്‍, നല്ല ഉദ്ദേശത്തില്‍ തന്നെ എന്നെ വല്ലാതെ വിമര്‍ശിച്ചിരുന്നു ആ ലേഖനത്തിന്റെ പേരില്‍.

അത്തരം വാദങ്ങള്‍ അരാഷ്ട്രീയത പടര്‍ത്താനും ജനങ്ങളുടെ പോരാട്ട വീര്യം ഇല്ലാതാക്കാനും ഭരണകൂടത്തിന് കീഴടങ്ങുന്ന ഒരു ജനതയെ ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂ എന്നും ഓരോ തെരഞ്ഞെടുപ്പും ജീവന്‍ മരണപ്പോരാട്ടം പോലെ പൊരുതണമെന്നും ജയിക്കണമെന്നുമായിരുന്നു മിക്കവരുടെയും അഭിപ്രായം.

അതിപ്പോള്‍ ഏകദേശം അഞ്ചു കൊല്ലമാവുന്നു, അക്കൂട്ടത്തില്‍ പെട്ട പലരും ഇന്ന് ‘എന്തിലക്ഷന്‍, ഏതിലക്ഷന്‍’ എന്ന് ചോദിക്കാനും തുടങ്ങിയിരിക്കുന്നു. എക്‌സിറ്റ് പോളുകള്‍ കാണാന്‍ ആളില്ലാത്തത് കൊണ്ട് ചാനലുകള്‍ ഒരു ചടങ്ങുപോലെ അത് നടത്തുന്നു എന്ന് വരുത്തുന്നു. അല്ലെങ്കില്‍ മറ്റുള്ളവര്‍ നടത്തിയത് എന്ന് പറഞ്ഞു റിപ്പോര്‍ട്ട് കൊടുക്കുന്നു.

ഇലക്ഷന്‍ റിസള്‍ട്ട് ദിവസം നിറഞ്ഞുകവിഞ്ഞിരുന്ന സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ പൂച്ച പെറ്റു കിടക്കുന്നു. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും കോളേജ് ഗ്രൂപ്പുകളിലും ഇലക്ഷന്‍ നടന്നതിന്റെ ലക്ഷണം പോലുമില്ല.

ഈ ചോദ്യം ഇതിന് മുമ്പ് ഞാന്‍ കേട്ടിട്ടുണ്ട്. ഒരിക്കല്‍ ഓഫീസിലിരിക്കുമ്പോള്‍ സി.എന്‍.എന്‍ ടിക്കര്‍ എഴുതിക്കാണിക്കുന്നു ‘ഇന്ന് ഈജിപ്തില്‍ നിര്‍ണായക ഇലക്ഷന്‍’, തൊട്ടടുത്തിരിക്കുന്ന ഈജിപ്ഷ്യനോട് ഞാന്‍ ചോദിച്ചു, നിങ്ങളുടെ രാജ്യത്ത് ഇന്ന് തെരഞ്ഞെടുപ്പാണല്ലേ, അവന്‍ അന്ന് പറഞ്ഞ മറുപടി ഇത് തന്നെയാണ്, ‘എന്തിലക്ഷന്‍, ഏതിലക്ഷന്‍‘.

ഈ മറുപടി ഒട്ടനവധി ‘ജനാധിപത്യ’ രാജ്യങ്ങളിലെ നാട്ടുകാരില്‍ നിന്ന് നിങ്ങള്‍ക്ക് കേള്‍ക്കാം, തുര്‍ക്കിയില്‍, ഉത്തര കൊറിയയില്‍, റഷ്യയില്‍ ഒക്കെ തെരഞ്ഞെടുപ്പ് നടക്കാറുണ്ട്. അവിടങ്ങളിലെ നാട്ടുകാരോട് ചോദിച്ചാലും ഇതേ ഉത്തരം കിട്ടും.

നമ്മളിന്ന് ഇന്ത്യയില്‍ കാണുന്നതൊന്നും ലോകത്ത് ആദ്യമായി നടക്കുന്നതല്ല, ചരിത്രം വായിക്കുന്നവര്‍ക്കോ ലോകം കാണുന്നവര്‍ക്കോ അതിലൊരത്ഭുതവും തോന്നില്ല. 2014ല്‍ വോട്ട് ചെയ്യുന്നതിന് മുമ്പേ വിവരുമുള്ളവര്‍ നമ്മളോടിതൊക്കെ പറഞ്ഞതാണ്. നമ്മള്‍ അത് കേട്ടില്ല.

ക്രിക്കറ്റും ഇതേപോലെയായിരുന്നു ഒരു കാലത്ത്. എല്ലാ മാച്ചും ലൈവ് ആയി കണ്ടിരുന്നവരാണ് ഇന്ത്യക്കാര്‍, പെട്ടെന്ന് മാച്ച് ഫിക്‌സിങ് ആരോപണങ്ങള്‍ വന്നു തുടങ്ങി, നാട്ടുകാര്‍ കളി കാണുന്നത് നിര്‍ത്തുകയും ചെയ്തു.

ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുമ്പോള്‍ പോലും അയല്‍ വീടുകളില്‍ നിന്ന് ആരവമൊന്നും കേള്‍ക്കാനില്ല. കുട്ടികള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും ആഴ്‌സണലിന്റെയും ഫാന്‍സ് ആയി അവരുടെ ജേഴ്‌സിയും ധരിച്ചു നടക്കുന്നു. നിതീഷിനെ പറ്റി മിണ്ടാത്ത കുട്ടികള്‍ മാംദാനിയെ പറ്റി സംസാരിക്കുന്നു.

നിതീഷ് കുമാർ | സൊഹ്റാന്‍ മംദാനി

ഇലക്ഷന്‍ ആയാലും സ്‌പോര്‍ട്‌സ് ആയാലും അതിന് ലെവല്‍ പ്ലെയിങ് ഫീല്‍ഡ് അഥവാ നിരന്ന പ്രതലം വേണം, നിഷ്പക്ഷരായ റഫറിയും വേണം, അതില്ലെങ്കില്‍ കാണികള്‍ക്ക് പെട്ടെന്ന് മനസ്സിലാവും. അടുത്ത കളി കാണാന്‍ അവരെ കിട്ടില്ല, അവര്‍ ലെവല്‍ ഫീല്‍ഡില്‍ നടക്കുന്ന മറ്റു കളികള്‍ തേടിപ്പോവും. അതാണ് കുട്ടികള്‍ക്ക് ഇംഗ്ലീഷ് പ്രീമിയറുകളിലും മാംദാനിയിലും താല്പര്യം.

ട്രംപ് മുതല്‍ മസ്‌ക് വരെ മുഴുവന്‍ അധികാരവും പണവും ഒന്നിച്ചു നില്‍ക്കുമ്പോഴും മത്സരിച്ചു ജയിക്കാനുള്ള ഗ്രൗണ്ട് അമേരിക്ക മാംദാനിക്ക് ഒരുക്കിക്കൊടുക്കുന്നുണ്ട്, അതാണ് അമേരിക്കന്‍ ജനാധിപത്യത്തില്‍ ഇപ്പോഴും ലോകത്തിന് കൗതുകമുണ്ടാക്കുന്നതും റഷ്യയിലെയും തുര്‍ക്കിയിലെയും ഈജിപ്തിലെയും തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്കും കൗതുകമില്ലാത്തതും.

മുകളില്‍ പറഞ്ഞ ലേഖനം എഴുതുന്ന കാലത്ത് ഭരണകൂടത്തിന് ജനാധിപത്യ നാട്യം നന്നായുണ്ടായിരുന്നു. അതിന്റെ ഉദാഹണമായി ഞാന്‍ ചൂണ്ടിക്കാണിച്ചത് എന്‍.ഡി.ടി.വി യും ടെലിഗ്രാഫ് പത്രവും ഒരു വിമത ശബ്ദമായി അവര്‍ നിലനിര്‍ത്തുന്നതായിരുന്നു, ഏതു നിമിഷവും അതിന്റെ പ്ലഗ് ഊരുമെന്നും അന്ന് പറഞ്ഞിരുന്നു.

ദുഃഖകരമാണെങ്കിലും ഇന്നത് സത്യമാവുന്നു. എന്‍.ഡി.ടി.വി നിങ്ങളൊന്നു കാണണം, അല്ലെങ്കില്‍ ടെലിഗ്രാഫ് വായിച്ചു നോക്കണം, അപ്പൊ മനസ്സിലാവും. ഇലക്ഷനില്‍ വോട്ടര്‍മാര്‍ക്ക് വിശ്വസമുണ്ടായാലെന്ത്, ഇല്ലെങ്കിലെന്ത്, അതങ്ങനെ നടക്കട്ടെ എന്നതാണ് നിലപാട്.

മത്സരിച്ചതിന്റെ 90% സീറ്റുകളിലാണ് ബി.ജെ.പി സഖ്യം ബീഹാറില്‍ ജയിച്ചത്, സദ്ദാം ഹുസൈന്‍ ഇലക്ഷനില്‍ മത്സരിച്ചിരുന്ന കാലത്ത് അതായിരുന്നു അദ്ദേഹത്തിന്റെ വിജയ ശതമാനം.

നരേന്ദ്ര മോദി | സദ്ദാം ഹുസെെന്‍

അത് തന്നെയാണ് നമ്മുടെ പ്രതീക്ഷയും, ഫാസിസം അവസാനിക്കുന്നത് സ്വന്തം ഭാരം താങ്ങാനാവാതെ വീഴുമ്പോഴാണ്, വീഴുങ്ങുന്ന ഇരയുടെ വലിപ്പം കൊണ്ട് വയറു പൊട്ടി ചാകുന്ന പെരുമ്പാമ്പിനെ പോലെയാണ് അതിന്റെ അവസാനം.

സ്വന്തം ശക്തിയുടെ അതിരുകടന്ന പ്രകടനം, അഹങ്കാരത്തോളമുള്ള ആത്മവിശ്വസം, ഇത് രണ്ടും കാണുമ്പോള്‍ അറിയാം അമിത് ഷാ പറഞ്ഞ 50 കൊല്ലം അവര്‍ തികയ്ക്കില്ലെന്ന്, എന്ന് വച്ച് ഉടനെയൊന്നും ഒരു വീഴുകയുമുമില്ല, ഇതങ്ങനെ പോകും കുറേക്കാലം.

ജി.എസ്.ടി ആയും പെട്രോള്‍ തീരുവയായും, ഇന്‍കം ടാക്‌സ് ആയും നികുതി അടച്ചു കൊണ്ടേയിരിക്കുന്ന പൗരന്മാര്‍ക്ക് ഒരു കാര്യത്തിലെ സങ്കടപ്പെടേണ്ടതായിട്ടുള്ളു, ഇലക്ഷന്‍ ജയിക്കാന്‍ സൗജന്യമായി കൊടുക്കുന്ന പതിനായിരക്കണക്കിന് കോടികള്‍ നമ്മളാണ് കൊടുക്കേണ്ടത്!

ആദ്യമൊക്കെ അഞ്ഞൂറും ആയിരവും ഒക്കെയായിരുന്നു ഓഫര്‍, മഹാരാഷ്ട്രയില്‍ അത് 1500 ആയി. ഇപ്രാവശ്യം 10,000 വച്ച് മുഴുവന്‍ സ്ത്രീകള്‍ക്കും മുന്‍കൂട്ടി കൊടുത്തിരിക്കുകയാണ് ബീഹാറില്‍. യു.പി യില്‍ അത് ഇരുപത്തിനായിരമാവും, ബംഗാളിലും കുറയാന്‍ ചാന്‍സില്ല.

ബീഹാറിലെ എന്‍.ഡി.എ സഖ്യം

മാന്യമായി പണിയെടുത്ത് നികുതിയടയ്ക്കുന്നവരുടെ കാശെടുത്തു വാരി വിതറിയാണ് ഇലക്ഷന്‍ ജയിക്കുന്നത്, തികഞ്ഞില്ലെങ്കില്‍ റിസേര്‍വ് ബാങ്ക് ആവശ്യത്തിന് നോട്ടടിച്ചു വിതരണം ചെയ്യുന്നുണ്ട്. ആ കടവും നമ്മള്‍ തന്നെ വീട്ടണം.

പണിയെടുത്തു ജീവിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളൊക്കെ എങ്ങനെയെങ്കിലും മറുനാട് പിടിക്കാന്‍ നോക്കുന്നതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല, ഇല്ലെങ്കില്‍ ടാക്‌സ് അടച്ചു മുടിയും.

ഒരു വ്യത്യാസവും വരാത്തത് രാഹുല്‍ ഗാന്ധിയെ ഉപദേശിക്കുന്നവരുടെ എണ്ണത്തിലാണ്. ഗ്രാസ്‌റൂട്ടില്‍ സംഘടന കെട്ടിപ്പടുക്കണമെന്നൊക്കെ ഉപദേശിക്കാന്‍ എളുപ്പമാണ്, ഈ ഉപദേശങ്ങളൊക്കെ നടത്തുന്നത് ഇന്ത്യന്‍ പൊളിറ്റിക്‌സ് സിസ്റ്റം വലിയൊരു പിരമിഡ് പോലെയാണ് എന്നും അതില്‍ എത്ര ലയര്‍ ഉണ്ടെന്നും അറിയാത്തവരാണ്.

രാഹുല്‍ ഗാന്ധി

താഴെ തട്ടിലുളളവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സ്വയം പണം കണ്ടെത്തുന്ന രീതിയൊക്കെ എന്നോ അവസാനിച്ചിരിക്കുന്നു, പിരമിഡിന്റെ ഏറ്റവും മുകളില്‍ നിന്ന് പണം താഴേക്ക് ഒലിച്ചിറങ്ങണം, സംസ്ഥന കമ്മിറ്റി, ജില്ലാ കമ്മിറ്റി, താലൂക്ക്, വാര്‍ഡ് കമ്മിറ്റികളില്‍ അംഗങ്ങളായ പതിനായിരക്കനാളുകള്‍ക്ക് ഒന്നുകില്‍ പണം വേണം, അല്ലെങ്കില്‍ പണമുണ്ടാക്കാന്‍ മാത്രമുള്ള അധികാരം വേണം. ഇതൊന്നുമല്ലെങ്കില്‍ ഗ്രാസ് റൂട്ട് എന്ന് നിരീക്ഷകര്‍ പറയുന്ന സംവിധാനം ഒരു പാര്‍ട്ടിയിലും ചലിക്കില്ല.

ഇങ്ങനെ മുഴുവന്‍ ഘടകങ്ങളിലേക്കും പണമെത്തിക്കാന്‍ മാത്രം അഴിമതി നടത്താനുള്ള കഴിവ് ഇന്ന് ബി.ജെ.പിക്കേ ഉള്ളൂ. അല്ലെങ്കില്‍ ഡി.കെ. ശിവകുമാറിനെ പോലെ ബി.ജെ.പിക്കാരെക്കാളും കള്ളപ്പണം കൈകാര്യം ചെയ്യാനുള്ള കഴിവുള്ള നേതാക്കന്മാര്‍ വേണം. അങ്ങനെയുള്ളവരെ ഒരു പരിധി വിട്ട് വളരാന്‍ ഇ.ഡി വിടില്ല. ഇനിയൊരു ശിവകുമാറോ സിദ്ധരാമയ്യയോ ഉണ്ടാകില്ല.

ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും

മധ്യപ്രദേശില്‍ കഴിഞ്ഞ ഇലക്ഷന്റെ തൊട്ടു മുമ്പ് 10,000 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ബി.ജെ.പി വിലയ്ക്ക് വാങ്ങിയത്. ഒന്നുകില്‍ പണം, അല്ലെങ്കില്‍ അഴിമതി നടത്താനുള്ള അവകാശം, ഇത് രണ്ടുമായിരുന്നു അവര്‍ക്കുള്ള ഓഫര്‍. ബി.ജെ.പി നേതാക്കന്മാരുടെ ജീവിതം ഒന്ന് കാണണം, മറ്റു പാര്‍ട്ടിക്കാര്‍ അസൂയ കൊണ്ട് ചങ്കു പൊട്ടി ചാകും.

പണമില്ലാത്ത രാഹുല്‍ ഗാന്ധി തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന ജോലി ഭംഗിയായി ചെയ്യുന്നുണ്ട്, ജനങ്ങളെ ബോധവത്ക്കരിക്കാന്‍ പത്രസമ്മേളനങ്ങളും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നുണ്ട്, പറ്റാവുന്നിടത്തെല്ലാം ചെന്ന് ജനങ്ങളോട് നേരിട്ട് സംസാരിക്കുന്നുണ്ട്. അതില്‍ കൂടുതല്‍ ഒന്നും തല്ക്കാലം ആ പാവത്തിന് ചെയ്യാന്‍ കഴിയില്ല, സ്ഥാനം ഒഴിഞ്ഞു വേറൊരാളെ ഏല്‍പ്പിച്ചാല്‍ ഇപ്പൊ നടക്കുന്ന പണിയും നടക്കില്ല.

രാഹുല്‍ ഗാന്ധി

സോഷ്യല്‍ മീഡിയയിലിരുന്ന് രാഹുല്‍ ഗാന്ധിയോട് ഗ്രാസ് റൂട്ട് ലെവലില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ഉത്തരേന്ത്യയിലേക്ക് നേരിട്ട് ചെന്ന് ആ പണി ചെയ്യണം. പ്രത്യേകിച്ച് ഗ്വാട്ടിമാലയില്‍ നിന്ന് ക്യൂബയിലേക്കും അവിടുന്ന് കോംഗോയിലേക്കും അവിടുന്ന് ബൊളീവിയയിലേക്കും വിപ്ലവം നടത്താന്‍ പോയ ചെ ഗുവേരയുടെ അനുയായികള്‍.

കോണ്‍ഗ്രസ്സുകാര്‍ വിപ്ലവ കാരികളല്ല, സാദാ രാഷ്ട്രീയക്കാരായാണ്. പരന്ന പ്രതലത്തില്‍ നിഷ്പക്ഷനായ റഫറിയുണ്ടെങ്കില്‍ മാത്രം കളിക്കാനറിയുന്നവര്‍.

പക്ഷെ ഉത്തരേന്ത്യയില്‍ വിപ്ലവം നടത്തുന്നതിന് ഒരു പ്രധാന തടസ്സമുണ്ട്. ഇലക്ഷന്‍ വരുമ്പോള്‍ പതിനായിരം കിട്ടും, മാസാമാസം സ്ഥിരമായി 2,000 കിട്ടുന്നുണ്ട്, അരിയും ഗോതമ്പും സൗജന്യമാണ്, മരുന്നിന് സബ്‌സിഡി ഉണ്ട്, ചുമ്മാതങ്ങ് ജീവിച്ചു കൊടുത്താല്‍ മതി വോട്ടര്‍മാര്‍ക്ക്.

പണിക്ക് പോയാല്‍ കിട്ടുന്നത് ദിവസം നൂറോ ഇരുന്നൂറ് ആണ്, അതിന്റെ നൂറിരട്ടിയാണ് തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പ് കിട്ടുന്നത്. സുഖമുള്ള ജീവിതമാണ്, കഷ്ടപ്പെട്ട് വിപ്ലവം നടത്തിയിട്ട് എന്ത് കിട്ടാനാണ്. ഒരു ജനതയെ എങ്ങനെയൊക്കെയാണ് പാകപ്പെടുത്തേണ്ടതെന്ന് ഫാസിസത്തെ പഠിപ്പിക്കേണ്ട ആവശ്യമില്ല, അവരിങ്ങോട്ട് പഠിപ്പിക്കും.

നിങ്ങളും ക്രമേണ പാകപ്പെടും, എന്തിലെക്ഷന്‍, ഏതിലെക്ഷന്‍ എന്ന് നിങ്ങളും ഉടനെ ചോദിക്കാന്‍ തുടങ്ങും, അല്ലെങ്കില്‍ പതിനായിരം നിങ്ങള്‍ക്കും കിട്ടണം.

Content Highlight: Farooq writes about elections

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more