ജാഫ്‌ന: കോഴിക്കോട് ഫാറൂഖ് കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം വിഭാഗവും ശ്രീലങ്കയിലെ ജാഫ്‌ന സര്‍വകലാശാലയിലെ ഡ്രാമ ആന്റ് തിയേറ്റര്‍ ആര്‍ട്‌സ് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ രാജ്യാന്തര അധ്യാപക-വിദ്യാര്‍ത്ഥി വിനിമയ പദ്ധതിക്ക് തുടക്കമായി.
പുതിയ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന ഇന്റര്‍ഡിസിപ്ലിനറി പഠനരീതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതിയാണിത്.
വെള്ളിയാഴ്ച ജാഫ്‌ന സര്‍വകലാശാലയിലെ സര്‍ പൊന്നമ്പലം രാമനാഥന്‍ ഫാക്കല്‍റ്റി ഓഫ് പെര്‍ഫോമിങ് & വിഷ്വല്‍ ആര്‍ട്സിലെ മീഡിയ ലാബില്‍ നടന്ന ചടങ്ങില്‍, വകുപ്പ് മേധാവി ഡോ. നവദര്‍ശിനി കരുണാഹരന്‍ ഫാറൂഖ് കോളേജില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ ഔദ്യോഗികമായി സ്വീകരിച്ചു.
ഫാറൂഖ് കോളേജ് ജേണലിസം വിഭാഗം മേധാവി ഡോ. അമീര്‍ സല്‍മാന്‍ ഒ.എം ന്റെ നേതൃത്വത്തിലുള്ള ഏഴംഗ വിദ്യാര്‍ത്ഥി സംഘമാണ് പദ്ധതിയുടെ ഭാഗമായി ശ്രീലങ്കയിലെത്തിയിരിക്കുന്നത്.
ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആയിഷ സ്വപ്നയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, കോളേജിലെ ജേണലിസം വിഭാഗവും തിയേറ്റര്‍ ക്ലബ്ബായ ട്രൂപ്സും ജാഫ്‌ന സര്‍വകലാശാലയിലെ ഡ്രാമ ആന്‍ഡ് തിയേറ്റര്‍ വിഭാഗവുമായി ചേര്‍ന്നാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
മാധ്യമ പഠനവും നാടക പഠനവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ വിനിമയ പദ്ധതി, വ്യത്യസ്ത വിഷയങ്ങള്‍ സംയോജിപ്പിച്ചുള്ള നവീനമായ പഠനരീതികള്‍ക്കും സാംസ്‌കാരിക കൈമാറ്റത്തിനും അവസരമൊരുക്കുന്നു.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പുകള്‍, മുഖംമൂടി നിര്‍മ്മാണ ശില്പശാല, സാംസ്‌കാരിക വിനിമയ പരിപാടികള്‍, ചരിത്ര സ്മാരക സന്ദര്‍ശനം, ലൈബ്രറി സന്ദര്‍ശനം എന്നിവ ഉള്‍പ്പെടുന്നു.
ജാഫ്‌ന സര്‍വകലാശാലയിലെ അധ്യാപകരായ തവ ചെല്‍വി രാസന്‍, യാലിനി, ഉഷാന്തന്‍ തുടങ്ങിയവര്‍ വരും ദിവസങ്ങളിലെ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. റൂസ ഫണ്ട് ഉപയോഗിച്ചാണ് ഫാറൂഖ് കോളേജ് ഈ അന്താരാഷ്ട്ര പദ്ധതി നടപ്പിലാക്കുന്നത്.
Content Highlight: Farook College – University of Jaffna international exchange program begins in Sri Lanka