| Tuesday, 30th December 2025, 2:06 pm

കര്‍ഷക പ്രക്ഷോഭത്തില്‍ മുട്ടുമടക്കി; പ്രവര്‍ത്തനം അവസാനിപ്പിച്ച് രാജസ്ഥാനിലെ 450 കോടിയുടെ എഥനോള്‍ പ്ലാന്റ്

നിഷാന. വി.വി

ജയ്പ്പൂര്‍: കര്‍ഷക പ്രതിഷേധത്തിന് പിന്നാലെ രാജസ്ഥാനിലെ 450 കോടി മുതല്‍ മുടക്കില്‍ ആരംഭിച്ച എഥനോള്‍ പ്ലാന്റ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്.

എഥനോള്‍ ഫാക്റ്ററി പ്രദേശത്തെ മണ്ണിന്റെ ഫലഭൂയിഷ്ടത നശിപ്പിക്കുമെന്നും മലിനീകരണം വര്‍ധിപ്പിക്കുമെന്നും ചൂണ്ടികാട്ടി കര്‍ഷക പ്രക്ഷോഭം നടന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് നടപടി.

‘സാഹചര്യങ്ങള്‍ അനുസരിച്ച് കമ്പനിയുടെ പ്രവര്‍ത്തനം ഇവിടെ തുടരുന്നത് സാധ്യമല്ല, സ്ഥലം മാറ്റത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും ഞങ്ങള്‍ പാലിക്കും,’ കമ്പനി പ്രതിനിധി പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

2023 ല്‍ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് പദ്ധതിക്ക് അനുമതി നല്‍കിയിരുന്നത്.

ചണ്ഡീഗഡ് ആസ്ഥാനമായുള്ള കമ്പനിയായ ഡ്യൂണ്‍ എഥനോള്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഹനുമാന്‍ഗഡില്‍ ഫാക്ടറി പണിയുന്നത്. 40 മെഗാവാട്ട് എഥനോള്‍ പ്ലാന്റാണ് രതി ഖേഢയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. കേന്ദ്രത്തിന്റെ എഥനോള്‍ ബ്ലെന്‍ഡ് പെട്രോള്‍ പ്രോഗ്രാമുമായി കൈകോര്‍ത്താണ് ഈ പദ്ധതി.

എന്നാല്‍ തുടക്കത്തില്‍ തന്നെ പ്ലാന്റിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഒരു വര്‍ഷത്തിലേറെയായി പ്രതിഷേധങ്ങള്‍ തുടരുകയാണ്. 2025 ജൂലൈയില്‍ കമ്പനി സ്ഥലത്ത് അതിര്‍ത്തി മതില്‍ പണിയാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് സമരം ശക്തമായത്.

സമരത്തിന് പിന്നാലെ താത്കാലികമായി നിര്‍ത്തിവെച്ച നിര്‍മാണം പൊലീസ് സംരക്ഷണത്തില്‍ നവംബറില്‍ പുനരാരംഭിച്ചിരുന്നു. പിന്നാലെ കര്‍ഷകരില്‍ നിന്നും പ്രതിഷേധങ്ങളും ഉടലെടുത്തു. മെഹംഗ സിങ് ഉള്‍പ്പെടെ 12ലധികം കര്‍ഷക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു, നവംബര്‍ 20, 21 തീയതികളില്‍ 67 പേര്‍ പൊലീസിന് മുന്നില്‍ ഹാജരാവുകയും ചെയ്തിരുന്നു.

ഡിസംബര്‍ 10ന് ടിബ്ബി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസിന് പുറത്ത് കര്‍ഷകര്‍ വലിയൊരു പ്രതിഷേധ പ്രകടനം നടത്തി. ശേഷം നൂറുകണക്കിന് കര്‍ഷകര്‍ ട്രാക്ടറുകളുമായി ഫാക്ടറി പരിസരത്തെത്തി. തുടര്‍ന്ന് പൊലീസുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ കോണ്‍ഗ്രസ് എം.എല്‍.എ അഭിമന്യു പൂനിയക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: Farmers’ protest halts; Rajasthan’s 450 crore ethanol plant shuts down

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more