| Thursday, 18th December 2025, 8:00 am

എഥനോള്‍ ഫാക്ടറിക്കെതിരെ കര്‍ഷകരുടെ മഹാപഞ്ചായത്ത്; പ്രതിഷേധത്തില്‍ വിറച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ആദര്‍ശ് എം.കെ.

ജയ്പൂര്‍: രാജസ്ഥാനിലെ ഹനുമന്‍ഗഡില്‍ എഥനോള്‍ ഫാക്ടറിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക പ്രതിഷേധം. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ ഇരുപതിനായിരത്തിലധികം കര്‍ഷകരാണ് അണിനിരന്നത്.

പൊതുയോഗം ആരംഭിച്ചതിന് പിന്നാലെ കര്‍ഷക നേതാക്കളെ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചു. ഈ ഫാക്ടറി കാര്‍ഷിക മേഖലയ്ക്ക് മേല്‍ ഗുരുതരമായ ആഘാതമുണ്ടാക്കുമെന്ന് ജില്ലാ കലക്ടറും എസ്.പിയുമായി നടത്തിയ ചര്‍ച്ചയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.

ജനം ഫാക്ടറിക്ക് എതിരാണെന്ന തീരുമാനം സര്‍ക്കാരിനെ അറിയിക്കാമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. സമരം ചെയ്ത കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും തീരുമാനിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകും വരെ സമരം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു.

എഥനോള്‍ ഫാക്ടറി ഭൂഗര്‍ഭജലനിരപ്പ് കുറയുന്നതിനും വായു ജല മലിനീകരണത്തിനും കാരണമാകുമെന്നും ഇത് കൃഷിയെയും പ്രാദേശിക പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ സമരമുഖത്ത് നിലയുറപ്പിച്ചിരുന്നു.

ടിബ്ബി തഹ്സിലിലെ രതി ഖേഡ ഗ്രാമത്തിലാണ് ഫാക്ടറിയുടെ നിര്‍മാണം നടക്കുന്നത്. ഫാക്ടറിയുടെ നിര്‍മാണം നിര്‍ത്തുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് കര്‍ഷക പ്രതിനിധികള്‍ പ്രഖ്യാപിച്ചിരുന്നത്.

കളക്ടറേറ്റിന് മുമ്പിലാണ് ആദ്യം മഹാപഞ്ചായത്ത് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഹനുമാന്‍ഗഡിലെ മാര്‍ക്കറ്റിലേക്ക് പ്രതിഷേധം മാറ്റുകയായിരുന്നു.

കിസാന്‍സഭ അഖിലേന്ത്യാട്രഷറര്‍ കൃഷ്ണപ്രസാദ്, വൈസ് പ്രസിഡന്റ് ഇന്ദര്‍ജിത് സിങ്, പുഷ്‌പേന്തര്‍ ത്യാഗി, ജില്ലാ സെക്രട്ടറി ബല്‍വന്ദ് പൂനിയ, ഭാരത് കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി രാകേഷ് ടികായത്ത്, ജോഗീന്ദര്‍ ഉഗ്രവാള്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

ചണ്ഡീഗഡ് ആസ്ഥാനമായുള്ള കമ്പനിയായ ഡ്യൂണ്‍ എഥനോള്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഹനുമാന്‍ഗഡില്‍ ഫാക്ടറി പണിയുന്നത്. ധാന്യങ്ങള്‍ അടിസ്ഥാനമാക്കി 40 മെഗാവാട്ട് എഥനോള്‍ പ്ലാന്റാണ് രതി ഖേഢയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. കേന്ദ്രത്തിന്റെ എഥനോള്‍ ബ്ലെന്‍ഡ് പെട്രോള്‍ പ്രോഗ്രാമുമായി കൈകോര്‍ത്താണ് ഈ പദ്ധതി.

എന്നാല്‍ തുടക്കത്തില്‍ തന്നെ പ്ലാന്റിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഒരു വര്‍ഷത്തിലേറെയായി പ്രതിഷേധങ്ങള്‍ തുടരുകയാണ്. 2025 ജൂലൈയില്‍ കമ്പനി സ്ഥലത്ത് അതിര്‍ത്തി മതില്‍ പണിയാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് സമരം ശക്തമായത്.

സമരത്തിന് പിന്നാലെ താത്കാലികമായി നിര്‍ത്തിവെച്ച നിര്‍മാണം പൊലീസ് സംരക്ഷണത്തില്‍ നവംബറില്‍ പുനരാരംഭിച്ചിരുന്നു. പിന്നാലെ കര്‍ഷകരലില്‍ നിന്നും പ്രതിഷേധങ്ങളും ഉടലെടുത്തു. മെഹംഗ സിങ് ഉള്‍പ്പെടെ 12ലധികം കര്‍ഷക നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു, നവംബര്‍ 20, 21 തീയതികളില്‍ 67 പേര്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.

ഡിസംബര്‍ 10ന് ടിബ്ബി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസിന് പുറത്ത് കര്‍ഷകര്‍ വലിയൊരു പ്രതിഷേധ പ്രകടനം നടത്തി. ശേഷം നൂറുകണക്കിന് കര്‍ഷകര്‍ ട്രാക്ടറുകളുമായി ഫാക്ടറി പരിസരത്തെത്തി.

തുടര്‍ന്ന് പൊലീസുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ കോണ്‍ഗ്രസ് എം.എല്‍.എ അഭിമന്യു പൂനിയക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content highlight: Farmers protest against ethanol factory in Hanumangarh, Rajasthan.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more