| Sunday, 6th July 2025, 12:01 pm

തുടരും; കഥ കേട്ടപ്പോള്‍ 2 ദിവസം സമയം ചോദിച്ചു; എന്നെ എക്‌സൈറ്റ് ചെയ്യിച്ച ഒരു കാര്യമുണ്ടായിരുന്നു: ഫര്‍ഹാന്‍ ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമായിരുന്നു തുടരും. മോഹന്‍ലാല്‍ നായകനായി എത്തിയ ഈ ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു നേടിയിരുന്നത്.

16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു തുടരും. ഷണ്‍മുഖമായി മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ ലളിത എന്ന കഥാപാത്രമായിട്ടാണ് ശോഭന എത്തിയത്.

ചിത്രത്തില്‍ നടന്‍ ഫര്‍ഹാന്‍ ഫാസിലും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സുധീഷ് എന്ന പൊലീസുകാരനായിട്ടാണ് ഫര്‍ഹാന്‍ സിനിമയില്‍ അഭിനയിച്ചത്. തുടരും സിനിമയിലെ ഈ കഥാപാത്രം തെരഞ്ഞെടുക്കാനുണ്ടായ കാരണം എന്തായിരുന്നുവെന്ന് പറയുകയാണ് ഫര്‍ഹാന്‍ ഫാസില്‍. ദി നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടരും എന്ന സിനിമയില്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ച ഒരു ഫാക്ടര്‍ ഉണ്ടായിരുന്നു. തരുണ്‍ കഥ പറഞ്ഞു തരുമ്പോള്‍ വളരെ ഡീറ്റെയില്‍ ആയി തന്നെ പറഞ്ഞു തന്നിരുന്നു. എല്ലാം കേട്ട് കഴിഞ്ഞതും എനിക്ക് രണ്ട് ദിവസം സമയം തരണമെന്നായിരുന്നു ഞാന്‍ പറഞ്ഞത്.

ഞാന്‍ ആലോചിച്ചിട്ട് പറയാമെന്നും പറഞ്ഞു. എന്നെ ഈ സിനിമയില്‍ എക്‌സൈറ്റ് ചെയ്യിച്ചത് ആ കഥാപാത്രത്തിന്റെ പ്രത്യേകത തന്നെയാണ്. അയാള്‍ നില്‍ക്കുന്നത് വില്ലന്മാരുടെ കൂടെ ആണെങ്കിലും മനസ് കൊണ്ട് ലാലേട്ടന്റെ കഥാപാത്രത്തിന്റെ കൂടെയാണ്.

പക്ഷെ അത് കണ്‍വേ ചെയ്യുന്ന ഡയലോഗുകളൊന്നും തന്നെ ഈ സിനിമയില്‍ ഉണ്ടായിരുന്നില്ല. അയാളുടെ ഉള്ളില്‍ എന്താണെന്ന് ആളുകള്‍ അറിയുന്നത് അയാളുടെ എക്‌സ്പ്രഷനിലൂടെയാണ്. അത് എനിക്ക് വളരെ ചലഞ്ചിങ്ങായിരുന്നു.

ഞാന്‍ സ്റ്റീവ് ലോപ്പസ് സിനിമയുടെ സമയത്ത് ‘ഇവന്റെ മുഖത്ത് ഈയൊരു ഭാവം മാത്രമാണോ ഉള്ളത്? വേറെയൊന്നും ഇല്ലേ?’ എന്ന ചോദ്യം ഞാന്‍ കേട്ടിരുന്നു (ചിരി). ഇവിടെ ഡയലോഗിനെ ഡിപ്പന്‍ഡ് ചെയ്യാതെയാണ് അയാള്‍ മനസിലുള്ള കാര്യങ്ങള്‍ കണ്‍വേ ചെയ്യുന്നത്,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.


Content Highlight: Farhaan Faasil Talks About Thudarum Movie

We use cookies to give you the best possible experience. Learn more