| Saturday, 12th July 2025, 5:17 pm

അടുത്തിടെ ഞാന്‍ വേണ്ടെന്ന് വെച്ച റോള്‍; ഇപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞോടുന്നു: ഫര്‍ഹാന്‍ ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് ഫര്‍ഹാന്‍ ഫാസില്‍. സംവിധായകന്‍ ഫാസിലാണ് അദ്ദേഹത്തിന്റെ പിതാവ്. ഫഹദ് ഫാസിലിന്റെ സഹോദരന്‍ കൂടിയാണ് ഫര്‍ഹാന്‍.

11 വര്‍ഷത്തെ കരിയറില്‍ അഞ്ച് സിനിമകളില്‍ മാത്രമാണ് നടന്‍ അഭിനയിച്ചിരിക്കുന്നത്. 2017ല്‍ അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത റൊമാന്റിക്-കോമഡി ചിത്രമായ ബഷീറിന്റെ പ്രേമലേഖനം ആയിരുന്നു ഫര്‍ഹാന്റെ രണ്ടാമത്തെ ചിത്രം. പിന്നീട് അണ്ടര്‍ വേള്‍ഡ്, ഭീഷ്മപര്‍വ്വം തുടരും എന്നീ സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ തനിക്ക് വന്ന സിനിമകള്‍ മിസ് ആയിപോയിട്ടുണ്ടെന്ന് ഫര്‍ഹാന്‍ പറയുന്നു. തനിക്ക് വന്നൊരു സിനിമ തിയേറ്ററില്‍ ഇപ്പോള്‍ ഓടുന്നുണ്ടെന്നും സിനിമയുടെ പേര് താന്‍ പറയുന്നില്ലെന്നും ഫര്‍ഹാന്‍ പറഞ്ഞു. തനിക്ക് ഒരു ചെറുപ്പക്കാരനായിട്ടുള്ള സിനിമ ചെയ്യാനാണ് നിലവില്‍ താത്പര്യമെന്നും അത്തരത്തിലുള്ള സിനിമകള്‍ താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ തനിക്ക് അത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും ഫര്‍ഹാന്‍ പറഞ്ഞു. ഒരുപാട് നല്ല പ്രൊജക്റ്റുകള്‍ തനിക്ക് മിസ് ആയി പോയിട്ടുണ്ടെന്നും പിന്നീട് കാണുമ്പോള്‍ വിഷമം തോന്നുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ആ സങ്കടം പെട്ടന്ന് തന്നെ മാറുമെന്നും ഫര്‍ഹാന്‍ പറഞ്ഞു. ദി നെക്സ്റ്റ് 14 മിനിട്ട്‌സ് പ്ലസില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എനിക്ക് വന്നൊരു പടം ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്നുണ്ട്. പടത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. അത് ശരിക്കും വളരെ എക്‌സൈറ്റിങ്ങായിട്ടൊരു സിനിമയായിരുന്നു. എന്തോ ഞാന്‍ അത് സെലക്ട് ചെയ്തില്ല. കാരണം എനിക്ക് ഇപ്പോള്‍ ചെറുപ്പമായിട്ടുള്ള കഥാപാത്രം ചെയ്യണമെന്നുണ്ട്. ഞാന്‍ ഇതുവരെ അങ്ങനെ യങ് വൈബിലുള്ള കഥാപാത്രം ചെയ്തിട്ടില്ല.

എനിക്കിനി അത് കൂടിപോയാല്‍ ഒന്നോ രണ്ടോ കൊല്ലം കൂടി മാത്രമെ ചെയ്യാനുള്ള ഒരു സ്‌പേസ് ഉള്ളു. അങ്ങനത്തെ ചിന്താഗതികള്‍ ചിലപ്പോള്‍ സിനിമകളോട് നോ പറയാനുള്ള കാരണമായിട്ടുണ്ട്.
നല്ല സിനിമകള്‍ പോലും ചിലപ്പോള്‍ എന്റെ കയ്യില്‍ നിന്ന് പോയിട്ടുണ്ട്. കാണുമ്പോള്‍ വിഷമം തോന്നും. പക്ഷേ ആ ഒരു വിഷമം ഒരു ദിവസത്തേക്കേ് കാണുകയുള്ളു. പക്ഷേ ആ റോള്‍ ചെയ്ത ആള്‍ എന്നെക്കാളും നല്ലൊരു ആക്ടര്‍ ആണ്. അതുകൊണ്ട് അദ്ദേഹം ചെയ്തത് തന്നെയാണ് നല്ലത്,’ ഫര്‍ഹാന്‍ പറഞ്ഞു.

Content Highlight:  Farhaan Faasil says that  he misses good films

We use cookies to give you the best possible experience. Learn more