| Wednesday, 7th October 2026, 6:51 am

തീവ്ര വലതുപക്ഷ സമ്മര്‍ദം: ഹൈദരാബാദില്‍ നവരാത്രി ആഘോഷങ്ങളില്‍ നിന്ന് മുസ്‌ലിം ബൗണ്‍സര്‍മാരെ ഒഴിവാക്കുന്നതായി പരാതി

നിഷാന. വി.വി

ഹൈദരാബാദ്: ഹൈദരാബാദിലെ നവരാത്രി ആഘോഷങ്ങളില്‍ നിന്ന് മുസ്‌ലിം ബൗണ്‍സര്‍മാരെയും സെക്യൂരിറ്റി ജീവനക്കാരെയും ബഹിഷ്‌ക്കരിക്കുന്നതായി പരാതി. ബി.ജെ.പി, ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബഹിഷ്‌ക്കരണെമന്ന് പരാതിയില്‍ പറയുന്നു.

ഹൈദരാബാദില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഹിന്ദു- മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ബൗണ്‍സര്‍മാര്‍ തങ്ങള്‍ നേരിടുന്ന വിവേചനം പരസ്യമാക്കിയത്. ദാണ്ഡീയ, നവരാത്രി പരിപാടികളില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന തങ്ങളെ മാറ്റി നിര്‍ത്തുന്നത് തൊഴില്‍ നിഷേധമാണെന്നും ഇവര്‍ പറയുന്നു.

മുസ്‌ലിം ജീവനക്കാരെ ജോലിക്ക് വെക്കരുതെന്ന് ചില സംഘടനകള്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി സംഘാടകര്‍ പറഞ്ഞതായി ബൗണ്‍സര്‍ മുഹമ്മദ് ഫിറോസ് എന്നയാള്‍ വ്യക്തമാക്കി. ഇത്തരം ഭീഷണികള്‍ക്കെതിരെ സംഘാടകര്‍ പൊലീസില്‍ പരാതി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്സവങ്ങള്‍ക്ക് പുറമെ പ്രാദേശിക ഹോട്ടലുകളിലും ക്ലബ്ബുകളിലും നടക്കുന്ന പരിപാടികളില്‍ നിന്നും മുസ്‌ലിം ജീവനക്കാരെ സമാനമായ രീതിയില്‍ ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഹിന്ദു ബൗണ്‍സര്‍മാര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. തെലങ്കാനയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ വാക്കുകേട്ട് മതാടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുതെന്ന് ഇവര്‍ സംഘാടകരോട് അഭ്യര്‍ത്ഥിച്ചു.

ഈ വിഷയത്തില്‍ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും
ശക്തമായി പ്രതികരിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരെ തെലങ്കാന പൊലീസ് കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പുരോഗതിക്കും ഐക്യത്തിനും ഇത്തരം വിവേചനങ്ങള്‍ തടയേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Far-right pressure: Complaint regarding the exclusion of Muslim bouncers from Navaratri celebrations in Hyderabad.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more