ടെഹ്‌റാന്‍: ഇറാനിലെ മിനാബ് സ്‌കൂളില്‍ അമേരിക്ക നടത്തിയ കൂട്ടക്കുരുതിയെക്കുറിച്ച് മൗനം പാലിക്കുന്ന ലോകരാജ്യങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് ഇറാന്‍.
മിനാബ് സ്‌കൂള്‍ ദുരന്തത്തെക്കുറിച്ച് മനുഷ്യാവകാശത്തിന്റെ സ്വയം പ്രഖ്യാപിത വക്താക്കള്‍ മൗനം പാലിക്കുകയാണെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി ഗൊലാം ഹുസൈന്‍ മൊഹ്‌സെനി എജെയ് പറഞ്ഞു.
അധ്യാപക ദിനത്തോടനുബന്ധിച്ച് മിനാബിലെ സ്‌കൂള്‍ ആക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച 26 വനിതാ അധ്യാപകരെ അനുസ്മരിച്ചുള്ള പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘മിനാബിലെ ഷാജറെ തയ്യിബെ സ്‌കൂളിലെ രക്തസാക്ഷികളായ 26 അധ്യാപകരെ ഞങ്ങള്‍ ഓര്‍ക്കുന്നു. അവരുടെ യാത്ര അവരെ ബ്ലാക്ക്‌ബോര്‍ഡിലെ വെളുത്ത വരകളില്‍ നിന്ന് രക്തസാക്ഷിത്വത്തിന്റെ ചുവന്ന വരയിലേക്ക് കൊണ്ടുപോയി,’ അദ്ദേഹം കുറിച്ചു.
മിനാബ് സ്‌കൂളിലെ ക്രൂരതയെക്കുറിച്ച് കാതടപ്പിക്കുന്ന നിശബ്ദത തുടരുന്ന മനുഷ്യാവകാശ വാദികളെയും സ്ത്രീകളുടെ അവകാശങ്ങളുടെ വക്താക്കളെയും കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ നിങ്ങള്‍ മനുഷ്യത്വത്തില്‍ നിന്ന് വളരെ അകലെയാണ്,’ എജെയ് പറഞ്ഞു.
168 സ്‌കൂള്‍ വിദ്യാര്‍ത്ഥികളും 14 അധ്യാപകരും 4 രക്ഷിതാക്കളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനെതിരായ ഇസ്രഈല്‍-യു.എസ് സംയുക്ത സൈനിക നടപടിയുടെ ആദ്യ ദിവസമായിരുന്നു സ്‌കൂളിന് നേരെയുള്ള ആക്രമണം നടന്നത്. എന്നാല്‍ വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സ്‌കൂള്‍ ആക്രമിച്ചിട്ടില്ലെന്നുമാണ് ഇസ്രഈലിന്റെയും അമേരിക്കയുടെയും വാദം.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കൊലപ്പെടുത്തിയത് അമേരിക്കയും ഇസ്രഈലും ചേര്‍ന്നാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
‘ഒരു പ്രൈമറി സ്‌കൂളിലെ യു.എസ്-ഇസ്രഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 160-ലധികം നിരപരാധികളായ പെണ്‍കുട്ടികള്‍ക്കായി കുഴിച്ചെടുക്കുന്ന ഖബറിടങ്ങളാണിത്. അവരുടെ മൃതദേഹങ്ങള്‍ കഷണങ്ങളാക്കി കീറിമുറിച്ചു,’ ഖബറിടങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് അരാഗ്ച്ചി പറഞ്ഞു.
Content Highlight: Far from humanity; Iran criticizes world countries’ silence on Minab school attack