| Monday, 28th July 2025, 12:57 pm

പുതിയ ഫേസിലെ ആദ്യചുവട് പിഴച്ചില്ല, ഓപ്പണിങ് കളക്ഷനില്‍ ഫന്റാസ്റ്റിക് കളക്ഷനുമായി മാര്‍വലിന്റെ പുതിയ സൂപ്പര്‍ഹീറോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം പുറത്തിറക്കിയ ആദ്യ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിക്കാത്തതിന്റെ നിരാശയിലായിരുന്നു മാര്‍വല്‍. ഒരുപാട് വട്ടം സ്‌ക്രിപ്റ്റ് തിരുത്തിയെഴുതുകയും റീഷൂട്ട് ചെയ്യുകയും ചെയ്ത് ബജറ്റ് കൂടി ക്യാപ്റ്റന്‍ അമേരിക്ക ദി ബ്രേവ് ന്യൂ വേള്‍ഡ് സമ്മിശ്ര പ്രതികരണമായിരുന്നു സ്വന്തമാക്കിയത്.

ഫേസ് സിക്‌സിലെ അവസാന ചിത്രമായ തണ്ടര്‍ബോള്‍ട്‌സ് പോസിറ്റീവ് റിവ്യൂ ലഭിച്ചിട്ടും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷത്തെ അവസാന തിയേറ്റര്‍ റിലീസായ ഫന്റാസ്റ്റിക് ഫോര്‍: ഫസ്റ്റ് സ്റ്റെപ്പ് ബോക്‌സ് മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ഓപ്പണിങ് കളക്ഷനില്‍ തന്നെ ചിത്രം 200 മില്യണ് മുകളില്‍ സ്വന്തമാക്കി.

ഫേസ് സെവനിലെ ആദ്യചിത്രമെന്ന രീതിയിലും 20th സെഞ്ച്വറി ഫോക്‌സ് വേര്‍ഷന്റെ റീബൂട്ട് എന്ന നിലയിലും ചിത്രം എങ്ങനെയൊരുക്കുമെന്ന ചിന്തയായിരുന്നു പ്രേക്ഷകര്‍ക്ക്. അധികം ലാഗടിപ്പിക്കാതെ വേഗത്തില്‍ കഥ പറഞ്ഞുപോകുന്ന ചിത്രം പുതിയ ഫേസിന്റെ മികച്ച തുടക്കമെന്ന് അഭിപ്രായം സ്വന്തമാക്കിയിരിക്കുകയാണ്.

218 മില്യണാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സമ്മര്‍ റിലീസുകളില്‍ ഇനി വമ്പന്‍ സിനിമകളൊന്നുമില്ലാത്തത് ചിത്രത്തിന് ആശ്വാസം നല്‍കുന്ന ഒന്നാണ്. ഇതിനോടകം ബജറ്റ് മറികടന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 700 മില്യണാണ് ലക്ഷ്യം വെക്കുന്നത്. ഡി.സി.യുടെ സൂപ്പര്‍മാന്‍, ജുറാസിക് വേള്‍ഡ്: റീബെര്‍ത്ത്, എന്നീ ചിത്രങ്ങളോടൊപ്പം മികച്ച പ്രകടനം ബോക്‌സ് ഓഫീസില്‍ നടത്താന്‍ ഫന്റാസ്റ്റിക് ഫോറിന് സാധിക്കുമെന്ന് ഉറപ്പാണ്.

സൂപ്പര്‍ഹീറോ ആരാധകരുടെ ഇഷ്ടചിത്രമായ ഫന്റാസ്റ്റിക് ഫോറിന്റെ കഥ മറ്റൊരു യൂണിവേഴ്‌സില്‍ പറയുന്ന കഥയാണ് ചിത്രത്തിന്റേത്. എര്‍ത്ത് 828ല്‍ 1960ല്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. റെട്രോ ഫ്യൂച്ചറിസ്റ്റിക് സ്റ്റൈലിലുള്ള കഥപറച്ചില്‍ ചിത്രത്തിന് ഫ്രഷ് അനുഭവമായിരുന്നു സമ്മാനിച്ചത്. ബിഗ് സ്‌ക്രീനില്‍ മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സ് സമ്മാനിക്കാന്‍ പലയിടത്തും അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

പെട്രോ പാസ്‌കല്‍, വനെസ്സ കിര്‍ബി, ജോസഫ് ക്വിന്‍, ജൂലിയ ഗാര്‍നര്‍, എബോണ്‍ മോസ് തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തിയത്. സ്യൂ സ്‌ട്രോമായി വേഷമിട്ട വനെസ്സ കിര്‍ബിയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഈയടുത്ത് മാര്‍വല്‍ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച സ്ത്രീ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളെക്കാള്‍ ഇംപാക്ട് ഒരൊറ്റ സിനിമയിലൂടെ നേടാന്‍ വനെസ്സക്ക് സാധിച്ചു. ഡൂംസ് ഡേയിലേക്ക് സൂചന നല്‍കുന്ന പോസ്റ്റ് ക്രെഡിറ്റ് സീനും ചിത്രത്തെ മനോഹരമാക്കി.

Content Highlight: Fantastic Four First Step movie earned 200 million on opening weekend

We use cookies to give you the best possible experience. Learn more