| Wednesday, 27th May 2026, 8:36 pm

100 കോടിയൊക്കെ സ്ഥിരമല്ലേ, 200 ആകുമ്പോള്‍ ആഘോഷിക്കാം... ദൃശ്യം 3 150 കോടി നേടിയിട്ടും അനക്കമില്ലാതെ ഫാന്‍സ് പേജുകള്‍

അമര്‍നാഥ് എം.

മോളിവുഡില്‍ ഈ വര്‍ഷം മൂന്നാമത്തെ 100 കോടി ചിത്രമായി മാറിയിരിക്കുകയാണ് ദൃശ്യം 3. ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഹൈപ്പേറിയ ചിത്രമായി എത്തിയ ദൃശ്യം 3 ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തെറിയുകയാണ്. റിലീസ് ചെയ്ത് 58 മണിക്കൂര്‍ കൊണ്ട് 100 കോടി നേടിയ ചിത്രം ആദ്യ വീക്കെന്‍ഡില്‍ 140 കോടിയിലേറെയാണ് സ്വന്തമാക്കിയത്.

എന്നാല്‍ സോഷ്യല്‍ മീഡിയയിലൊന്നും ദൃശ്യം 3യുടെ ഈ നേട്ടം വലിയ ആഘോഷമാകുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഫാന്‍സ് പേജുകളില്‍ പോലും 100 കോടിയുടെ പോസ്റ്ററുകള്‍ മാത്രമാണ് പ്രധാനമായും പങ്കുവെക്കുന്നത്. ആരാധകരുടെ ഈ തണുപ്പന്‍ പ്രതികരണത്തിന് മറ്റൊരു കാരണമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

100 കോടി ക്ലബ് എന്നത് വലിയ സ്വപ്‌നമായി മാത്രം നിന്ന മോളിവുഡില്‍ ഇപ്പോള്‍ ഈ കളക്ഷന്‍ സ്ഥിരം കാഴ്ചയാണെന്നാണ് പലരുടെയും അഭിപ്രായം. മോളിവുഡില്‍ ഇതുവരെ പിറന്ന 15 സിനിമകളില്‍ അഞ്ചെണ്ണവും മോഹന്‍ലാലിന്റെ പേരിലാണ്. ഇന്‍ഡസ്ട്രിയിലെ ഈ നാഴികക്കല്ലായി മാറിയ സിനിമകളില്‍ മൂന്നിലൊന്നും ഒരാളുടെ പേരിലാണെന്നത് ശ്രദ്ധേയമാണ്.

മോഹന്‍ലാല്‍ ചിത്രം 100 കോടി നേടുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണെന്നും 200 കോടി ലഭിക്കുകയാണെങ്കില്‍ മാത്രമേ അത് ആഘോഷിക്കേണ്ടതുള്ളൂ എന്നുമാണ് പലരുടെയും കമന്റ്. മോളിവുഡില്‍ ഇതുവരെ പിറന്ന നാല് 200 കോടി ചിത്രങ്ങളില്‍ രണ്ടും മോഹന്‍ലാലിന്റേതാണ്. അതില്‍ തുടരും കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടി ചരിത്രമെഴുതി.

തുടരുമിന്റെ കളക്ഷന്‍ മറികടന്ന ലോകഃയാണ് ഇപ്പോള്‍ ഒന്നാമത്. 300 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രം കൂടിയാണ് ലോകഃ. ഈ റെക്കോഡ് ദൃശ്യം 3 മറികടക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഈ ആഴ്ചയോടെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. കരിയറിലെ മൂന്നാമത്തെ 200 കോടിയും സ്വന്തമാക്കുമ്പോള്‍ മോഹന്‍ലാലിന് വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരു താരം മോളിവുഡ് ബോക്‌സ് ഓഫീസില്‍ ഇല്ലെന്ന് പറയാം.

മോഹന്‍ലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങളും പ്രതീക്ഷകള്‍ നല്‍കുന്നവയാണ്. ഇന്‍ഡസ്ട്രി ഹിറ്റായ തുടരുമിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും ഒന്നിക്കുന്ന അതിമനോഹരമാണ് പുതിയ ചിത്രം. ഇതിന് ശേഷം സത്യന്‍ അന്തിക്കാടിനൊപ്പമുള്ള ചിത്രവും തുടര്‍ന്ന് പ്രിയദര്‍ശന്റെ 100ാമത്തെ ചിത്രവുമാണ് മോഹന്‍ലാലിന്റെ ലൈനപ്പില്‍.

Content Highlight: Fans waiting Drishyam 3 to enter in 200 crore club

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more