| Sunday, 5th April 2026, 10:39 am

എല്ലാവരും വന്നു, ഇനി കരിക്കിനെയും കാത്ത് മലയാളികള്‍

അശ്വിന്‍ രാജേന്ദ്രന്‍

കഴിവുള്ളവരെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഫിലിം ഇന്റസ്ട്രിയാണ് മലയാളത്തിലേത്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് വിപിന്‍ ദാസ് തിരക്കഥയെഴുതി പുതുമുഖമായ സവിന്‍ സ സംവിധാനം ചെയ്ത് റീലുകളിലൂടെ ശ്രദ്ധേയരായ ഹാഷിറും ടീമും പ്രധാനവേഷത്തിലെത്തിയ വാഴ 2 വിന് തിയേറ്ററുകളില്‍ കിട്ടിയ സ്വീകാര്യത. ഇവര്‍ക്കൊപ്പം യുറേക്കാ സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെ തിളങ്ങിയ ദേവരാജിനെയും കുഡോസ് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധിക്കപ്പെട്ട അമീനെയും ടീമിനെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

റീലുകളിലൂടെയും ഷോട്ട് വീഡിയോകളിലൂടെയും കണ്ടുപരിചിയിച്ചവരെല്ലാം തങ്ങള്‍ ആഗ്രഹിച്ച പോലെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടമ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് അവരുടെ ഏറ്റവും പ്രിയപ്പെട്ട കണ്ടന്റ് ക്രിയേറ്റേഴ്‌സായ കരിക്കിന്റെ അരങ്ങേറ്റത്തിനായാണ്. യൂട്യൂബ് സിരീസിനെക്കുറിച്ച് പരിചയമില്ലാതിരുന്ന മലയാളികളെ ഇതിലേക്ക് ആകര്‍ഷിച്ച പ്ലാറ്റ്‌ഫോമായിരുന്നു കരിക്ക്. തേരാപാര എന്ന വെബ് സിരീസുമായി പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിയ കരിക്കിന് വലിയ ആരാധകപിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.

കരിക്ക് ടീം. Photo: Karikku

ടീമില്‍ നിന്നും വരുന്ന വീഡിയോകള്‍ക്കെല്ലാം തുടര്‍ച്ചയായി കോടികണക്കിന് കാഴ്ച്ചക്കാരെയാണ് യൂട്യൂബിലും ഫേസ്ബുക്കിലുമായി ലഭിക്കാറുള്ളത്. തങ്ങളുടെ വീഡിയോകളില്‍ ടൊവിനോയടക്കം മലയാളത്തിലെ മുന്‍നിര താരങ്ങളെ കാമിയോ റോളില്‍ കൊണ്ടുവരാന്‍ മാത്രം സ്വാധീനം കരിക്ക് ടീം മലയാളത്തിലെ എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ കൈവരിച്ചിരുന്നു. ചെറിയ എപ്പിസോഡുകളില്‍ നിന്നും മാറി ഒരു മണിക്കൂറോളം നീണ്ട വീഡിയോകള്‍ പ്രൊഡ്യൂസ് ചെയ്യുന്ന കരിക്ക് കഴിഞ്ഞ വര്‍ഷമാണ് തങ്ങള്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് അറിയിച്ചത്.

തിയേറ്ററുകളിലേക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്കും സിനിമകളും വെബ് സിരീസുകളും നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ കരിക്ക് സ്റ്റുഡിയോസ് എന്ന പേരില്‍ പുതിയ സംരംഭം കരിക്ക് ടീം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ട് കരിക്കിന്റെ സിനിമയുടെ നിര്‍മാതാവായ അനന്തു.എസ് പോസ്റ്റിട്ടതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടുക്കിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയച്ചത്.

കരിക്കിന്റെ സിനിമയുടെ അനൗണ്‍സ്‌മെന്റ് വേളയില്‍. Photo: Abbas Anwar/ X.com

അനു.കെ.അനിയന്‍, ശബരീഷ് സജിന്‍, ജീവന്‍ മാമ്മന്‍ സ്റ്റീഫന്‍, ആനന്ദ് മാത്യൂസ്, ജോര്‍ജ് കോര തുടങ്ങി കരിക്കിന്റെ വീഡിയോസില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. വാഴ 2വുമായെത്തി ഹാഷിര്‍, അജിന്‍, അലന്‍, വിനായക് തുടങ്ങിയവര്‍ കളം പിടിച്ചപ്പോള്‍ കരിക്കിന്റെ പുതിയ അപ്‌ഡേഷനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Content Highlight: Fans Wait for Karikku teams film as vaazha 2 gets good response

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more