| Friday, 13th January 2023, 12:21 pm

'കുല്‍ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയോ, എങ്കില്‍ അടുത്ത തവണ പുറത്ത്'; ട്രോളി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ ബൗളിങില്‍ മിന്നിച്ചിരിക്കുകയാണ് സ്പിന്നര്‍ കുല്‍ദീപ് യാദവ്.

ആദ്യ മത്സരത്തില്‍ യുസ്വേന്ദ്ര ചഹലിന് ബൗളിങില്‍ ഇമ്പാക്ടുണ്ടാക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് പകരക്കാരനായി കുല്‍ദീപിനെ ഇന്ത്യ ടീമിലേക്ക് കൊണ്ടു വന്നത്. തനിക്ക് ലഭിച്ച അവസരം മുതലാക്കിയ കുല്‍ദീപ് മത്സരത്തില്‍ ഉജ്ജ്വലമായി പന്തെറിയുകയായിരുന്നു.

മൂന്നാം നമ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിനെ വീഴ്ത്തി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട കുല്‍ദീപ്, പിന്നാലെ ചരിത് അസലങ്ക, നായകന്‍ ദാസുന്‍ ഷണക എന്നിവരെയും വീഴ്ത്തി. ഇതോടെ ഒരു ഘട്ടത്തില്‍ 101/1 എന്ന ശക്തമായ നിലയിലായിരുന്ന ലങ്ക 126/6 എന്ന സ്‌കോറിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.

ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ കിടിലന്‍ പ്രകടനം കാഴ്ചവെച്ച കുല്‍ദീപ് യാദവിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്.

എന്നാല്‍ കുല്‍ദീപിനെ അഭിനന്ദിക്കുന്നതിനോടൊപ്പം ഇന്ത്യന്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധമറിയിക്കുകയായിരുന്നു ആരാധകര്‍.

നേരത്തെ ബംഗ്ലാദേശ് പര്യടനത്തില്‍ ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിട്ടും രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഇന്ത്യ തഴഞ്ഞിരുന്നു. സംഭവത്തെ മുന്‍ നിര്‍ത്തിയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ ആരാധകര്‍ പരിഹസിച്ചത്.

താരത്തെ പിന്തുണച്ചും ഇന്ത്യന്‍ മാനേജ്‌മെന്റിനെ പരിഹസിച്ചും ആരാധകര്‍ ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു. ഈ മത്സരത്തില്‍ മികച്ച ബൗളിങ് കാഴ്ചവയ്ക്കുകയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തതോടെ അടുത്ത മാച്ചില്‍ കുല്‍ദീപ് യാദവ് പുറത്തിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

ഇത്രയും നന്നായി പെര്‍ഫോം ചെയ്തിട്ടും കുല്‍ദീപ് യാദവിന് സ്ഥിരമായി പ്ലെയിങ് ഇലവനില്‍ എന്തുകൊണ്ടാണ് അവസരം ലഭിക്കാത്തതെന്നായിരുന്നു മറ്റൊരും യൂസറുടെ ചോദ്യം.

കുല്‍ദീപ് യാദവിനെ ഇന്ത്യ ഇനിയെങ്കിലും സ്ഥിരമായി കളിപ്പിക്കൂയെന്നും സമീപകാലത്ത് അദ്ദേഹം അത്രയും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തപ്പോള്‍ യുസ്വേന്ദ്ര ചഹലിനേക്കാള്‍ ഒരുപാട് മെച്ചപ്പെട്ട ബൗളര്‍ കുല്‍ദീപ് യാദവാണെന്നായിരുന്നും പ്രതികരണങ്ങളുണ്ടായി.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 215 റണ്‍സിന് ഓളൗട്ടായപ്പോള്‍, ടീം ഇന്ത്യ 43.2 ഓവറുകളില്‍ 6 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു.

ഫെര്‍ണാണ്ടോ 63 ബോളുകളില്‍ ആറ് ബൗണ്ടറികളടിച്ചപ്പോള്‍ കുശാല്‍ മെന്‍ഡിസ് (34), ദുനിത് വെല്ലലെഗെ (32) എന്നിങ്ങനെ റണ്‍സ് നേടി. ഇന്ത്യക്കായി കുല്‍ദീപ് യാദവിനൊപ്പം മുഹമ്മജ് സിറാജും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഉമ്രാന്‍ മാലിക്കിന് രണ്ടു വിക്കറ്റുകള്‍ ലഭിച്ചു.

Content Highlights: Fans trolls against Indian Management after performance of Kuldeep Yadav

We use cookies to give you the best possible experience. Learn more