| Wednesday, 25th March 2026, 9:34 am

'ഇതെന്തോന്നടാ… അൽഫാം കടയോ?' ചുട്ട കോഴി പറന്ന് പോകാതിരിക്കാൻ ആണോ കെട്ടിവെച്ചത്; തിയേറ്റർ പൂരപ്പറമ്പാക്കിയ ആടിലെ ആ രംഗം

നന്ദന എം.സി

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആട് 3 തിയേറ്ററുകളിൽ ചിരിയുടെ ഉത്സവമായി മാറിയിരിക്കുകയാണ്. ആദ്യ നിമിഷം മുതൽ അവസാനം വരെ പ്രേക്ഷകരെ പൊട്ടി ചിരിപ്പിക്കുന്ന കോമഡി രംഗങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി.

വന്നവരും പോയവരുമെല്ലാം തകർത്താടിയ ഒരു പൂർണ എന്റർടൈനിങ് എന്നാണ് സിനിമയെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ഒരു കൂട്ടം ‘മണ്ടന്മാർ’ സീരിയസായി ചെയ്യുന്ന മണ്ടത്തരങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഓരോ കഥാപാത്രവും തങ്ങളുടെ രീതിയിൽ കോമഡി മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ആട്, Photo: IMDb

പ്രത്യേകിച്ച് സുധീർ കരമനയുമായി ബന്ധപ്പെട്ട രംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ആ രംഗം ആരംഭിച്ചതിന് ശേഷം തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കം കൊളുത്തിയെന്നാണ് പ്രേക്ഷകർ പറയുന്നത്.

ഗതിയില്ലാത്ത പാപ്പൻ തന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മന്ത്രവാദിയെ കാണാൻ പോകുന്ന ഭാഗമാണ് ഈ രംഗത്തിന്റെ പശ്ചാത്തലം. ഷാജി പാപ്പനായി ജയസൂര്യയുടെ പ്രകടനം ഇവിടെ പ്രത്യേക ശ്രദ്ധ നേടുന്നു. അദ്ദേഹത്തിന്റെ സംഭാഷണ ശൈലിയും നിഷ്കളങ്കമായ അഭിനയവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നു.

‘ഞാൻ എൻ്റെ കരു നീക്കിയായിരുന്നു… ഇനി മന്ത്രവാദി കളിക്ക്’ എന്ന ഷാജി പാപ്പന്റെ ഡയലോഗ് തിയേറ്ററുകളിൽ വലിയ കൈയടി നേടി. അതുപോലെ, മന്ത്രവാദത്തിനായി കെട്ടിയിട്ടിരിക്കുന്ന കോഴിയെ കണ്ടപ്പോൾ ചോദിക്കുന്ന ചോദ്യവും ‘ഇതെന്തോന്നടാ… അൽഫാം കടയോ?’ ചുട്ട കോഴി പറന്നു പോകാതിരിക്കാൻ ആണോ കയറ് വച്ച് കെട്ടിയെക്കുന്നെ… എന്ന ചോദ്യവും പ്രേക്ഷകരെ ചിരിയിൽ മുക്കി.

ആട്, Photo: IMDb

പാപ്പനും, അബുവും, ക്ലീറ്റസും, സ്വാമിയും എല്ലാവരും കൂടെ തകർത്ത ഒരു സീനായിരുന്നെന്നും ആരാധകർ പങ്കു വെക്കുന്നു. കൂടാതെ ലേലം വിളിക്കുന്ന രംഗങ്ങളും കൊഞ്ഞനം കുത്തുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകർ മതി മറന്ന് ആസ്വദിച്ചവയാണെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നു.

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 87 കോടിയിലേറെ ആഗോള ഗ്രോസ് കളക്ഷൻ നേടി മുന്നേറുകയാണ് ‘ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്’. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

Content Highlight: Fans take over comedy scenes from the movie Aadu

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more