അനൗണ്‍സ് ചെയ്തതുമുതല്‍ പലരുടെയും ചര്‍ച്ചാവിഷയമായ ചിത്രമാണ് ജന നായകന്‍. വിജയ്‌യുടെ അവസാനചിത്രമെന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ചിത്രം റീമേക്കാണെന്ന തരത്തില്‍ ആദ്യം മുതല്‌ക്കേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നന്ദമൂരി ബാലകൃഷ്ണ നായകനായ ഭഗവന്ത് കേസരിയുടെ റൈറ്റസ് ജന നായകന്റെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയത് മുതല്‍ക്കാണ് സംശയം ബലപ്പെട്ടത്.
ഇന്ന് പുറത്തിറങ്ങിയ ജന നായകനിലെ ആദ്യ ഗാനത്തിന് പിന്നാലെ ഭഗവന്ത് കേസരിയുടെ റീമേക്കാണെന്ന് ഏറെക്കുറെ ബോധ്യമായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഭഗവന്ത് കേസരിയില്‍ ബാലകൃഷ്ണ, ശ്രീലീല, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ ഒന്നിച്ച ഗാനരംഗവും ‘ദളപതി കച്ചേരി’യും തമ്മിലുള്ള സാമ്യത പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭഗവന്ത് കേസരിയിലെ ഗാനരംഗത്തിന് ‘ദളപതി കച്ചേരി’യുടെ ഓഡിയോ മിക്‌സ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ബാലകൃഷ്ണയുടെ ചുവടുകള്‍ക്ക് ഈ ഗാനം നല്ല സിങ്കാണെന്നാണ് വീഡിയോക്ക് താഴെയുള്ള കമന്റുകള്‍. ഒറിജിനലിനെക്കാള്‍ ഇതാണ് നല്ലതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
മമിതയുടെ കഴുത്തില്‍ കാണുന്ന അതേ തരത്തിലുള്ള ലോക്കറ്റ് ഭഗവന്ത് കേസരിയില്‍ ശ്രീലീലയുടെ കഴുത്തിലുമുണ്ടെന്ന് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചു. ഭഗവന്ത് കേസരിയിലേത് പോലെ ജന നായകനില്‍ വിജയ്ക്ക് രണ്ട് ഗെറ്റപ്പുണ്ടെന്നും അതിലൊന്ന് പൊലീസ് ഗെറ്റപ്പാണെന്നും ഫസ്റ്റ് ഗ്ലിംപ്‌സിന്റെ സമയത്ത് പോസ്റ്റുകള്‍ ഉയര്‍ന്നിരുന്നു.
ഭഗവന്ത് കേസരി അതുപോലെ പകര്‍ത്തുകയാണെങ്കില്‍ ക്ലൈമാക്‌സില്‍ മമിത ബൈജുവിന്റെ തീപ്പൊരി ഫൈറ്റ് കാണാനാകുമെന്നും ചില പോസ്റ്റുകളുണ്ട്. എന്നാല്‍ പൂര്‍ണമായും റീമേക്ക് ചെയ്യുന്ന ചിത്രമല്ലെന്നും ചെറിയ ചില ഭാഗങ്ങള്‍ മാത്രമേ ജന നായകനിലേക്ക് എടുക്കുന്നുള്ളൂവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം പ്രഖ്യാപിച്ച ദേശീയ അവാര്‍ഡില്‍ മികച്ച തെലുങ്ക് സിനിമക്കുള്ള പുരസ്‌കാരം ഭഗവന്ത് കേസരിയാണ് സ്വന്തമാക്കിയത്.
അവസാന ചിത്രത്തില്‍ വിജയ്‌യുടെ മുന്‍ സിനിമകളുടെ റഫറന്‍സ് ആവോളമുണ്ടെന്ന് ഇന്ന് പുറത്തുവിട്ട വീഡിയോ അടിവരയിട്ട് പറയുന്നുണ്ട്. സിഗ്നേച്ചര്‍ സ്റ്റെപ്പുകളെല്ലാം പുനസൃഷ്ടിച്ച പാട്ടില്‍ ‘ദളപതി’ എന്ന് ആവര്‍ത്തിക്കുന്നത് മടുപ്പുണ്ടാക്കുന്നുണ്ടെന്നും വിമര്‍ശനമുയരുന്നു. എന്നാല്‍ അത്ര വിമര്‍ശനം വന്നാലും അടുത്ത വര്‍ഷം ജനുവരി ഒമ്പതിന് തിയേറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പാണ്.
Content Highlight: Fans Strongly arguing that Jana Nayakan is remake of Bhagawanth Kesari