| Friday, 15th August 2025, 5:55 pm

തള്ളിയങ്ങ് മറിക്കുകയാ... ഹോള്‍ഡറിന്റെ ക്യാച്ചിന് പിന്നാലെ കരിബീയന്‍ പ്രീമിയര്‍ ലീഗിനെതിരെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം സി.പി.എല്ലില്‍ നടന്ന ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സ് – സെന്റ് കീറ്റ്‌സ് നെവിസ് ആന്‍ഡ് പേട്രിയറ്റ്‌സ് മത്സരത്തിലെ ജേസണ്‍ ഹോള്‍ഡറിന്റെ ക്യാച്ചിന് പിന്നാലെ വിമര്‍ശനവുമായി ആരാധകര്‍. ഹോള്‍ഡര്‍ സ്വന്തമാക്കിയ ക്യാച്ചിന്റെ പേരിലായിരുന്നില്ല മറിച്ച് ഒരു സിംപിള്‍ ക്യാച്ചിന് സി.പി.എല്‍ നല്‍കിയ ക്യാപ്ഷനാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്.

ഫാല്‍ക്കണ്‍സ് ഇന്നിങ്‌സിന്റെ നാലാം ഓവറില്‍ ഫസല്‍ഹഖ് ഫാറൂഖിയുടെ പന്തില്‍ സൂപ്പര്‍ താരം റകീം കോണ്‍വാള്‍ പുറത്തായിരുന്നു. ഫാറൂഖിയ്‌ക്കെതിരെ ഷോട്ട് കളിക്കാനുള്ള താരത്തിന്റെ ശ്രമം പാളുകയും ഹോള്‍ഡറിന്റെ കയ്യില്‍ ഒതുങ്ങുകയുമായിരുന്നു. 30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്ത ഹോള്‍ഡര്‍ ബുദ്ധിമുട്ടേതുമില്ലാതെ ക്യാച്ച് സ്വന്തമാക്കി. ഫാറൂഖിയുടെ ആദ്യ സി.പി.എല്‍ വിക്കറ്റാണിത്.

ഈ ക്യാച്ചിന്റെ വീഡിയോ സി.പി.എല്‍ തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ‘ഹോള്‍ഡര്‍ ഹോള്‍ഡ്‌സ് ഓണ്‍ റ്റു എ സ്റ്റണ്ണര്‍’ എന്നാണ് സി.പി.എല്‍ ക്യാപ്ഷന്‍ നല്‍കിയത്. ഇതിലെ ‘സ്റ്റണ്ണര്‍’ എന്ന വാക്കാണ് ആരാധകരെ ചൊടിപ്പിച്ചത്. ഈ ക്യാച്ച് അത്രത്തോളം സ്റ്റണ്ണിങ് അല്ല എന്നാണ് ആരാധകര്‍ പറയുന്നത്.

പരിഹാസ കമന്റുകളും ആരാധകര്‍ പങ്കുവെക്കുന്നത്. ‘ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ച്’ എന്നാണ് മുഫാദല്‍ വോഫ്ര കുറിച്ചത്. ഡി വില്ലിയേഴ്‌സ് ഇതൊക്കെ കണ്ട് പഠിക്കണമെന്നും ഈ ക്യാച്ച് കാണുമ്പോള്‍ ജോണ്ടി റോഡ്‌സിനെ ഓര്‍മ വരുന്നു എന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം, മത്സരത്തില്‍ ഫാല്‍ക്കണ്‍സിനെ പേട്രിയറ്റ്‌സ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഫാല്‍ക്കണ്‍സ് ഉയര്‍ത്തിയ 122 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രേട്രിയറ്റ്‌സ് 15 ഓവറില്‍ വിജയം സ്വന്തമാക്കി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഫാല്‍ക്കണ്‍സ് നിരയില്‍ കരിമ ഗോരെ ഒഴികെ എല്ലാവരും നിരാശപ്പെടുത്തി. ഫാല്‍ക്കണ്‍സ് 121 റണ്‍സ് നേടിയപ്പോള്‍ അതില്‍ 61 റണ്‍സും ഗോരെയുടെ ബാറ്റില്‍ നിന്നുമാണ് പിറവിയെടുത്തത്.

12 റണ്‍സ് നേടിയ ഫാബിയന്‍ അലനാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

പേട്രിയറ്റ്‌സിനായി വഖാര്‍ സലാംഖില്‍ നാല് വിക്കറ്റ് വീഴ്ത്തി. നസീം ഷായും ഫസല്‍ഹഖ് ഫാറൂഖിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കൈല്‍ മയേഴ്‌സും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ എസ്.കെ.എന്‍ പേട്രിയറ്റ്‌സ് 15 ഓവറില്‍ വിജയം സ്വന്തമാക്കി. 28 പന്തില്‍ പുറത്താകാതെ 37 റണ്‍സ് നേടിയ അലിക് അത്തനാസ് ആണ് ടോപ് സ്‌കോറര്‍.

നാളെയാണ് പേട്രിയറ്റ്‌സ് അടുത്ത മത്സരത്തനിറങ്ങുന്നത്. ആമസോണ്‍ ഗയാന വാറിയേഴ്‌സാണ് എതിരാളികള്‍.

Content Highlight: Fans slams CPL for exaggerated caption for Jason Holder’s catch

We use cookies to give you the best possible experience. Learn more