ഇന്ത്യന്‍ സിനിമയില്‍ മാത്രം കാണാന്‍ സാധിക്കുന്ന അപൂര്‍വ്വ പ്രതിഭാസങ്ങളിലൊന്നാണ് ഫാന്‍സ് ഷോകള്‍. ഫസ്റ്റ് ഷോ ആരംഭിക്കുന്നതിന് മുമ്പ് അതിരാവിലെയും ചില സമയങ്ങളില്‍ അര്‍ദ്ധരാത്രിയിലും തുടങ്ങുന്ന ഇത്തരം ഷോകള്‍ താരങ്ങളുടെ കടുത്ത ആരാധകര്‍ക്ക് നിയന്ത്രണമില്ലാതെ ആഘോഷിക്കാനുള്ള അവസരം കൂടെയാണ് നല്‍കാറുള്ളത്. തിയേറ്ററിന് മുന്നില്‍ ഉയരുന്ന കൂറ്റന്‍ കട്ടൗട്ടും ഇതില്‍ പാലഭിഷേകം നടത്തുന്നതുമെല്ലാം ഫാന്‍സ് ഷോയുടെ ഭാഗമായി തുടര്‍ന്ന് പോരുന്ന ആചാരങ്ങളാണ്.
Photo: X.com
തമിഴിലും തെലുങ്കിലുമാണ് ഇതിന്റെ ഉത്ഭവ കേന്ദ്രമെങ്കിലും ഇതിന്റെ മിനി വേര്‍ഷന്‍ മലയാള സിനിമയിലും കാണാറുണ്ട്. കേരളത്തിലെ തിയേറ്ററുകളില്‍ ഇതിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് തൃശ്ശൂരിലെ രാഗം തിയേറ്റര്‍. മോഹന്‍ലാല്‍ ആരാധകരുടെ കോട്ടയെന്ന പേരിലും തിയേറ്റര്‍ പ്രസിദ്ധമായിരുന്നു. എന്നാല്‍ ഇനിമുതല്‍ ഫാന്‍സ് ഷോകള്‍ രാഗം തിയേറ്ററില്‍ നടത്തില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഫാന്‍സ് ഷോകളില്‍ അതിര്‍ വരമ്പ് കടക്കുന്നത് പതിവായതിനാല്‍ ഇത്തരം ഷോകള്‍ ഇനിമുതല്‍ ഉണ്ടായിരിക്കില്ലെന്നാണ് ഫേസ്ബുക്ക് വഴി രാഗം തിയേറ്റര്‍ നടത്തിപ്പുകാര്‍ അറിയിച്ചിരിക്കുന്നത്. ഫാന്‍സ് ഷോയ്ക്ക് മുമ്പ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ആവേശപ്രകടനത്തിന്റെ ഭാഗമായി തിയേറ്ററിന് സമീപത്തെ കടക്കാര്‍ക്കും മറ്റ് സ്ഥാപനങ്ങളിലുള്ളവര്‍ക്കും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പുറമെ വിവിധ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനില്‍ നിന്നും ഷോകള്‍ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കുടിശ്ശിക ലഭിക്കാനുള്ളതും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ തിയേറ്റര്‍ നടത്തിപ്പുകാരെ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
പേട്രിയറ്റ്. Photo: Mammootty/ Facebook.com
കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്ത രണ്ട് തിയേറ്ററുകളില്‍ ഒന്ന് രാഗമായിരുന്നു. വമ്പന്‍ ആവേശത്തില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ കാണാന്‍ സൂപ്പര്‍ താരം മമ്മൂട്ടിയും എത്തിയതോടെ തിയേറ്റര്‍ പൂരപ്പറമ്പാകുകയായിരുന്നു. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള രാഗത്തില്‍ ഫാന്‍സ് ഷോകള്‍ നിര്‍ത്തിവെക്കുമ്പോള്‍ ഈ ഷോകളില്‍ ലഭിച്ചിരുന്ന ആവേശം ഇനി ലഭിക്കില്ലെന്ന നിരാശയിലാണ് ആരാധകര്‍.
Content Highlight: Fans show stopped in Thrissur ragam theatre