| Sunday, 13th September 2026, 5:15 pm

പാഴ് വാഗ്ദാനങ്ങള്‍ നല്‍കി, പ്രശ്‌നം വരുമ്പോള്‍ ഒളിച്ചോടുന്നത് നല്ല നേതാവിന്റെ ലക്ഷണമല്ല: വിജയ് സേതുപതിയുടെ വാക്കുകള്‍ വിജയ്‌യെ ഉദ്ദേശിച്ചെന്ന് ആരോപണം

അമര്‍നാഥ് എം.

സിനിമാനടന്‍ എന്നതിനപ്പുറം തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് പലപ്പോഴും ശ്രദ്ധ നേടുന്നയാളാണ് വിജയ് സേതുപതി. മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് ചോദിക്കുന്നവരെ അകറ്റിനിര്‍ത്തണമെന്ന് പറഞ്ഞതടക്കം താരത്തിന്റെ പല പ്രസ്താവനകളും ചര്‍ച്ചയാകാറുണ്ട്. സിനിമയില്‍ സജീവമാകുന്നതിനൊപ്പം ടെലിവിഷന്‍ ഷോയായ ബിഗ്‌ബോസിന്റെ അവതാരകന്‍ കൂടിയാണ് വിജയ് സേതുപതി.

ബിഗ് ബോസിന്റെ കഴിഞ്ഞദിവസത്തെ എപ്പിസോഡില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞയാഴ്ചത്തെ ലീഡറായ സാതികയെ ഉപദേശിക്കുന്നതിനിടക്ക് ഒരു നേതാവ് എങ്ങനെയുള്ളയാളായിരിക്കണമെന്ന് വിജയ് സേതുപതി വിശദീകരിച്ചു. താരത്തിന്റെ വാക്കുകള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെന്ന് ചിലര്‍ ആരോപിക്കുകയും ചെയ്തു.

‘ഒരു നല്ല നേതാവ് എന്താണെന്ന് അറിയാതെ, ലീഡര്‍ഷിപ്പ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് അറിയാതെ, വായില്‍ തോന്നിയതെല്ലാം വാഗ്ദാനം ചെയ്ത്, പ്രശ്‌നങ്ങളും ഉത്തരവാദിത്തവും വരുമ്പോള്‍ എതിരെ നില്‍ക്കുന്നവരെ പഴിചാരുകയോ അവിടുന്ന് ഒളിച്ചോടുകയോ ചെയ്യുന്നത് നല്ല നേതാവിന്റെ ക്വാളിറ്റിയല്ല. അത് പറ്റിക്കലാണ്,’ വിജയ് സേതുപതി പറയുന്നു.

ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി വിജയ്‌യെയാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്ന് ആരോപിച്ച് ഒരുകൂട്ടമാളുകള്‍ വിജയ് സേതുപതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ത്തുകയാണ്. വിജയ് സേതുപതിക്ക് വിജയ്‌യോട് ഫ്രസ്‌ട്രേഷനാണെന്നും ടി.വി ഷോയിലൂടെ അത് തീര്‍ക്കുകയാണെന്നുമാണ് പലരും ആരോപിക്കുന്നത്.

വിജയ് സേതുപതി ഡി.എം.കെയുടെ ഏജന്റാണെന്നും സ്വന്തം പാര്‍ട്ടി തോറ്റതിന്റെ വിഷമം ഇങ്ങനെയൊക്കെ തീര്‍ക്കുകയാണെന്നും ചില പോസ്റ്റുകളുണ്ട്. അസൂയക്ക് മരുന്നില്ലെന്നും വിജയ് സേതുപതിയുടെ ഫോട്ടോ വെച്ച് ചില പോസ്റ്റുകള്‍ ആളുകള്‍ പങ്കുവെക്കുന്നു. വിജയ് ആരാധകര്‍/ ടി.വി.കെ അനുകൂലികളാണ് ഇത്തരം പോസ്റ്റുകള്‍ക്ക് പിന്നില്‍.

എന്നാല്‍ താരത്തെ അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്. പി.ആര്‍ സ്റ്റണ്ട് നടത്തി മാത്രം സ്വന്തം ഇമേജ് രക്ഷിക്കുന്നയാളാണ് വിജയ് എന്നും ഇപ്പോള്‍ അത് എക്‌സ്‌പോസായെന്നുമാണ് ഇക്കൂട്ടരുടെ കമന്റുകള്‍. ബിഗ് ബോസിലെ കഴിഞ്ഞയാഴ്ചത്തെ പ്രശ്‌നങ്ങളെക്കുറിച്ചാണ് വിജയ് സേതുപതി സംസാരിച്ചതെന്നും അതിന് രാഷ്ട്രീയ മാനം നല്‍കരുതെന്നും കമന്റുകളുണ്ട്.

Content Highlight: Fans saying that Vijay Sethupathi’s words in Bigg Boss targeting Chief Minster Vijay

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more