| Thursday, 30th October 2025, 12:09 pm

2002 മുതല്‍ കേള്‍ക്കുന്ന കാര്യം, രജിനി സിനിമ നിര്‍ത്തുമെന്ന വാര്‍ത്ത വ്യാജമെന്ന് ആരാധകര്‍, ഈ കുതിര ഓടിക്കൊണ്ടേയിരിക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസനുമൊത്തുള്ള ചിത്രത്തിന് ശേഷം രജിനികാന്ത് സിനിമാജീവിതം ഉപേക്ഷിക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴ് യൂട്യൂബ് ചാനലായ വലൈപ്പേച്ചാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജയിലര്‍ 2 അടക്കം മൂന്ന് സിനിമകള്‍ ചെയ്തതിന് ശേഷമാകും രജിനിയുടെ റിട്ടയര്‍മെന്റെന്നായിരുന്നു വലൈപ്പേച്ച് പറഞ്ഞത്.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും രജിനി ഒരിക്കലും സിനിമാജീവിതം ഉപേക്ഷിക്കില്ലെന്നുമാണ് ആരാധകരുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍ പല പോസ്റ്റുകളിലൂടെയുമാണ് ആരാധകരുടെ മറുപടി. രജിനികാന്ത് സിനിമാജീവിതം ഉപേക്ഷിക്കുമെന്ന വാര്‍ത്ത 23 വര്‍ഷമായി കേള്‍ക്കുകയാണെന്നും ഇതെല്ലാം ഹേറ്റേഴ്‌സിന്റെ അതിമോഹമാണെന്നുമാണ് പല പോസ്റ്റിലും.

ബാബ ഫ്‌ളോപ്പായപ്പോള്‍ രജിനികാന്ത് സിനിമ ഉപേക്ഷിക്കുന്നു എന്ന് പലരും പറഞ്ഞു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ചന്ദ്രമുഖി ചെയ്ത് എല്ലാവര്‍ക്കും മറുപടി കൊടുത്തു. പിന്നീട് എപ്പോഴെല്ലാം രജിനികാന്ത് സിനിമ നിര്‍ത്തുന്നു എന്ന വാര്‍ത്ത വന്നാലും തൊട്ടടുത്ത പടം അതിനുള്ള മറുപടി നല്കാറുണ്ട്’ ആരാധകരിലൊരാള്‍ എക്‌സില്‍ കുറിച്ചു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ 4K വരെ കണ്ട നടനാണ് രജിനികാന്തെന്നും അദ്ദേഹത്തിന് മടുക്കുന്നതുവരെ സിനിമ ചെയ്തുകൊണ്ടിരിക്കുമെന്നും ചില ആരാധകര്‍ അഭിപ്രായപ്പെട്ടു. രണ്ട് സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് കരുതി അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം അവസാനിച്ചെന്നല്ല അര്‍ത്ഥമെന്നും പഴയതിനെക്കാള്‍ ശക്തമായി രജിനി തിരിച്ചെത്തും പോസ്റ്റുകളുണ്ട്.

നിലവില്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2വിന്റെ ഷൂട്ടിലാണ് രജിനികാന്ത്. ആദ്യ ഭാഗത്തെക്കാള്‍ വലിയ സ്‌കെയിലില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ആദ്യ ഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ മിഥുന്‍ ചക്രവര്‍ത്തി, എസ്.ജെ സൂര്യ, മലയാളികളായ സുരാജ് വെഞ്ഞാറമൂട്, വിനീത് തട്ടില്‍, അന്ന രാജന്‍, സുജിത് ശങ്കര്‍, കോട്ടയം നസീര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ ജയിലര്‍ 2വിലുണ്ട്.

ഏറെക്കാലത്തിന് ശേഷം കോമഡി വേഷത്തിലേക്ക് സന്താനം തിരിച്ചെത്തുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്. ജയിലര്‍ 2ന് ശേഷം സുന്ദര്‍  സിയുമായി ഒരു പ്രൊജക്ടിലേക്ക് രജിനി കടക്കും. ഇതിന് ശേഷമാകും കമല്‍ ഹാസനുമൊത്തുള്ള ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുക. മുന്നേ വന്നവരും പിന്നാലെ വന്നവരും കളമൊഴിയുമ്പോഴും തലൈവര്‍ നിരന്തരമായി ഉണ്ടാകുമെന്നാണ് ആരാധകരുടെ വാദം.

Content Highlight: Fans saying news regarding to retirement of Rajnikanth is false

We use cookies to give you the best possible experience. Learn more