| Monday, 12th January 2026, 9:14 pm

കരിയറില്‍ ഒരുഗുണവും നല്‍കാത്ത ഈ ടീമുമായി ഇനി സിനിമ ചെയ്യരുത്, സൂര്യയോടും കാര്‍ത്തിയോടും അഭ്യര്‍ത്ഥനയുമായി ആരാധകര്‍

അമര്‍നാഥ് എം.

തമിഴിലെ മികച്ച താരങ്ങളാണ് സൂര്യയും കാര്‍ത്തിയും. പഴയകാല നടന്‍ ശിവകുമാറിന്റെ മക്കളായ ഇവരില്‍ ആദ്യം സിനിമയിലേക്കെത്തിയത് സൂര്യയാണ്. കരിയറിന്റെ തുടക്കത്തില്‍ വിമര്‍ശനം കേട്ട സൂര്യ പിന്നീട് ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായി മാറി. കാര്‍ത്തിയാകട്ടെ, ആദ്യ സിനിമയില്‍ തന്നെ ഗംഭീര പ്രകടനം കാഴ്ചവെച്ച് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി.

രണ്ടുപേരും അവരവരുടെ കരിയറില്‍ ഒരുപിടി മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് മറ്റൊരു കാര്യമാണ്. സൂര്യയുടെയും കാര്‍ത്തിയുടെയും പുതിയ സിനിമ റിലീസാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. സൂര്യ നായകനായ കറുപ്പ് റിലീസ് ഡേറ്റ് ലഭിക്കാതെ നീണ്ടുപോവുകയാണ്. കാര്‍ത്തി നായകനാകുന്ന വാ വാധ്യാരാകട്ടെ കോടതിയുടെ ഇടപെടല്‍ കാരണം റിലീസാകുമോ എന്ന സംശയത്തിലാണ്.

ഇതോടെ രണ്ട് താരങ്ങളുടെയും ആരാധകര്‍ അവരുടെ നിരാശ പങ്കുവെച്ചു. രണ്ട് സിനിമകളുടെയും നിര്‍മാതാക്കളെയാണ് ആരാധകര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കറുപ്പിന്റെ നിര്‍മാതാക്കള്‍ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ്. സ്റ്റുഡിയോ ഗ്രീനാണ് വാ വാധ്യാറിന്റെ നിര്‍മാതാക്കള്‍. രണ്ട് പ്രൊഡക്ഷന്‍ ഹൗസുകളുടെയും ഉടമസ്ഥരാകട്ടെ സൂര്യയുടെയും കാര്‍ത്തിയുടെയും ബന്ധുക്കളാണ്.

സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ ജ്ഞാനവേല്‍ രാജയും ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ഉടമ എസ്.ആര്‍. പ്രഭവും സൂര്യയുടെ അകന്ന ബന്ധുക്കളാണ്. രണ്ട് താരങ്ങളുടെയും കരിയറിലെ മികച്ച സിനിമകള്‍ നിര്‍മിച്ചത് ഈ പ്രൊഡക്ഷന്‍ ഹൗസുകളായിരുന്നു. സൂര്യയുടെ സില്ലുന് ഒരു കാതല്‍, സിങ്കം തുടങ്ങിയവയും കാര്‍ത്തിയുടെ കരിയറിലെ ബ്ലോക്ക്ബസ്റ്ററുകളായ സിരുത്തൈ, നാന്‍ മഹാന്‍ അല്ല, മദ്രാസ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് ജ്ഞാനവേല്‍ രാജയാണ്.

ഡ്രീം വാരിയറിന്റെ ഉടമയായ എസ്.ആര്‍. പ്രഭു 2013 വരെ സ്റ്റുഡിയോ ഗ്രീനിനൊപ്പമായിരുന്നു. സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ച ശേഷം കാര്‍ത്തിക്ക് ഗംഭീര ഹിറ്റുകളാണ് പ്രഭു സമ്മാനിച്ചത്. കൈതി, തീരന്‍ തുടങ്ങിയവ അതിന് ഉദാഹരണമാണ്. എന്നാല്‍ ഈ രണ്ട് പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കൊപ്പം ഇരുവരും ഒന്നിച്ച പല സിനിമകളും റിലീസിന്റെ കാര്യത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നു.

പറഞ്ഞ സമയത്ത് റിലീസാകാത്തതിനാല്‍ കളക്ഷന്റെ കാര്യത്തില്‍ വലിയ നഷ്ടം നേരിട്ട സിനിമകളാണ് കങ്കുവ, എന്‍.ജി.കെ, ജപ്പാന്‍ തുടങ്ങിയവ. ലിസ്റ്റിലെ അവസാന സിനിമകളായി കറുപ്പുംവാ വാധ്യാറും മാറിയിരിക്കുകയാണ്. ഏറെ പ്രതീക്ഷ നല്‍കുന്ന സിനിമകള്‍ വൈകിപ്പിക്കുന്നതില്‍ ആരാധകരും ഫ്രസ്റ്റ്രേഷനിലാണ്.

ബന്ധങ്ങളുടെ പുറത്ത് ഇനി ഈ രണ്ട് പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് കൈകൊടുക്കരുതെന്നാണ് സൂര്യയോട് ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നത്. കരിയറിലെ രണ്ടര വര്‍ഷത്തോളം സമയം കങ്കുവ എന്ന ചിത്രത്തിനായി മാറ്റിവെച്ചത് സൂര്യക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. സ്വന്തം മാര്‍ക്കറ്റ് വലുതാക്കി മികച്ച സിനിമകള്‍ സൂര്യയും കാര്‍ത്തിയും നല്‍കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

Content Highlight: Fans requesting Surya and Karthi after the obstacles faced by Karuppu and Vaa Vaathiyar

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more