| Thursday, 24th September 2026, 12:38 pm

ഹിന്ദു ദൈവങ്ങളെ സംഘപരിവാറിന് തീറെഴുതി കൊടുത്തിട്ടുണ്ടോ; പൃഥ്വിക്ക് ദൈവവിശ്വാസം വന്നെന്ന പോസ്റ്റുകള്‍ക്ക് മറുപടിയുമായി ആരാധകര്‍

അമര്‍നാഥ് എം.

വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട് മലയാളി താരം പൃഥ്വിരാജ് കഴിഞ്ഞദിവസം മുംബൈയിലെ ലാല്‍ബാഗ് രാജ മണ്ഡല്‍ ക്ഷേത്രം സന്ദര്‍ശിച്ചതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. വെളുത്ത കുര്‍ത്ത ധരിച്ച് തിലകം ചാര്‍ത്തിയാണ് താരം ക്ഷേത്രദര്‍ശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞദിവസം വലിയ രീതിയില്‍ പ്രചരിച്ചു.

ഇതിന് പിന്നാലെ പൃഥ്വിയെ പരിഹസിച്ചും വിമര്‍ശിച്ചും സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. സമീപകാലത്ത് പൃഥ്വി നായകനായ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. അടുപ്പിച്ച് നാല് സിനിമകള്‍ തിയേറ്ററില്‍ പരാജയമായതോടെ പൃഥ്വി ദൈവവിശ്വാസിയായെന്നാണ് സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികള്‍ ആരോപിക്കുന്നത്.

ബി.ജെ.പി നേതാവ് യുവരാജ് ഗോകുല്‍, ബി.ജെ.പി അനുകൂലിയായ ഹരി തമ്പായി എന്ന ഐ.ഡി എന്നിവര്‍ ഫേസ്ബുക്കില്‍ പൃഥ്വിരാജിന്റെ ക്ഷേത്ര സന്ദര്‍ശനത്തെ പരിഹസിച്ചപ്പോള്‍ എക്‌സില്‍ ശിവ എന്ന ഐ.ഡിയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പൃഥ്വിരാജ് ഗണപതി വിഗ്രഹത്തിന്റെ കാല്‍ക്കല്‍ തൊട്ട് തൊഴുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് എല്ലാ പോസ്റ്റിലും പങ്കുവെച്ചിരിക്കുന്നത്.

എമ്പുരാന്‍ എന്ന സിനിമയുടെ റിലീസിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കായിരുന്നു പൃഥ്വിക്ക് നേരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയത്. താരത്തെ ജിഹാദിയെന്നും രാജ്യവിരുദ്ധനെന്നുമെല്ലാം വിളിച്ച് ആക്ഷേപിച്ചിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ ക്ഷേത്രദര്‍ശനത്തെ ‘സംഘവിജയം’ എന്ന് വിശേഷിപ്പിക്കുകയാണ് ഇക്കൂട്ടര്‍.

എന്നാല്‍ സംഘപരിവാറിന്റെ വാദങ്ങളെ എതിര്‍ത്തുകൊണ്ട് പൃഥ്വിയുടെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. പൃഥ്വിരാജ് ദൈവവിശ്വാസിയല്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അമ്പലത്തില്‍ പോകാന്‍ ഇഷ്ടമുള്ളയാളാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും ആരാധകര്‍ ഓര്‍മപ്പെടുത്തി. ഹിന്ദു ദൈവങ്ങളെ സംഘപരിവാറിന് തീറെഴുതി തന്നിട്ടില്ലെന്നും ആര്‍ക്കും ഏത് ദൈവത്തിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ടെന്നും ആരാധകര്‍ അഭിപ്രായം പങ്കുവെച്ചു.

പുതിയ ചിത്രമായ ദായ്‌റയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസമായി പൃഥ്വിരാജ് മുംബൈയിലായിരുന്നെന്നും അതിന്റെ ഭാഗമായിട്ടാണ് അമ്പലത്തില്‍ പോയതെന്നും ചിലര്‍ വാദിക്കുന്നു. തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറയുന്നതിന്റെ പേരില്‍ സംഘപരിവാറില്‍ നിന്ന് പൃഥ്വിരാജ് നേരിടുന്ന സൈബര്‍ അറ്റാക്ക് ചെറുതല്ല. രാജമൗലിയുടെ വാരണാസിയില്‍ നിന്ന് താരത്തെ പുറത്താക്കണമെന്നടക്കം ഇക്കൂട്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം സൈബര്‍ അറ്റാക്കില്‍ തളരാതെയാണ് താരം മുന്നോട്ടുപോകുന്നത്.

Content Highlight: Fans replied to Sangh Parivar supporters post against  Prithviraj’s Temple Visit

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more