തമിഴ്‌നാട്ടില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരാണ് അജിത്തും വിജയ്‌യും റൊമാന്റിക് നായകന്മാരായി കരിയര്‍ ആരംഭിച്ച ഇരുവരും പിന്നീട് ആക്ഷന്‍ ഴോണറിലേക്ക് ചുവടുവെക്കുകയും വലിയ ഫാന്‍ ബേസ് ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അജിത്തിനെ തലയെന്നും വിജയ്‌യെ ദളപതിയെന്നും ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ചു. അജിത് പിന്നീട് തന്നെ തല എന്ന് വിളിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ഇരുവരുടെയും സിനിമകള്‍ തമിഴ്‌നാട്ടില്‍ ആരാധകര്‍ വലിയ ആഘോഷമാക്കാറുണ്ട്. വിജയ്‌യുടെയും അജിത്തിന്റെയും സിനിമകള്‍ ക്ലാഷ് റിലീസിനെത്തുമ്പോള്‍ ആരാണ് വിജയി എന്ന് പലപ്പോഴും ഉറ്റുനോക്കാറുണ്ട്. രാഷ്ട്രീയ പ്രവേശത്തിന് ശേഷം സിനിമാലോകത്തോട് വിടപറയുന്ന വിജയ്‌യുടെ അസാന്നിധ്യം ഇന്‍ഡസ്ട്രിയെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. റേസിങ്ങില്‍ ശ്രദ്ധ നല്‍കുന്നതിനാല്‍ അജിത്തിന്റെ സിനിമകളും വല്ലപ്പോഴും മാത്രമേ ഉണ്ടാകുള്ളൂ.
ഇരുവരും അവസാനമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷമായിരിക്കുകയാണ്. 2023ല്‍ അജിത്തിന്റെ തുനിവും വിജയ്‌യുടെ വാരിസും ഒരേദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. ഒമ്പത് വര്‍ഷത്തിന് ശേഷം ഇരുവരും ക്ലാഷ് നടത്തിയത് തമിഴ് സിനിമാലോകത്ത് വലിയ വാര്‍ത്തയായിരുന്നു. രണ്ട് താരങ്ങളുടെയും ആരാധകര്‍ ജനുവരി 11 ഉത്സവം പോലെ കൊണ്ടാടി.
സ്‌ക്രീന്‍ കൗണ്ടുകളുടെ കാര്യത്തില്‍ ഇരു സിനിമകളും ഒപ്പത്തിനൊപ്പം നിന്നു. എന്നിരുന്നാലും ഷോ കൗണ്ടിന്റെ കാര്യത്തില്‍ തുനിവ് മുന്നിലെത്തി. പുലര്‍ച്ചെ ഒരു മണിക്കായിരുന്നു തുനിവിന്റെ ആദ്യ ഷോ. ആദ്യദിന കളക്ഷനിലും തുനിവ് തന്നെയായിരുന്നു മുന്നില്‍. 26 കോടിയുമായി തുനിവും 24 കോടിയുമായി വാരിസും ഒപ്പത്തിനൊപ്പം നിന്നു.
എന്നാല്‍ ഫൈനല്‍ കളക്ഷനില്‍ വാരിസായിരുന്നു വിജയി. 300 കോടി കളക്ഷനില്‍ വാരിസും 250 കോടിയുമായി തുനിവും ബോക്‌സ് ഓഫീസ് വേട്ട അവസാനിപ്പിച്ചു. എന്നാല്‍ അജിത്തും വിജയ്‌യും തമ്മിലുള്ള അവസാന ക്ലാഷാകും ഇതെന്ന് അന്ന് ആരും തിരിച്ചറിഞ്ഞില്ലായിരുന്നു. ജന നായകന് ശേഷം സിനിമാലോകത്ത് നിന്ന് പടിയിറങ്ങുന്ന വിജയ്‌യെ ആരാധകര്‍ വല്ലാതെ മിസ്സ് ചെയ്യുമെന്ന് ഉറപ്പാണ്.
അതേസമയം ഇരുവരുടെയും അടുത്ത സിനിമയും പ്രതിസന്ധിയിലായിരിക്കുകയാണ്. ഷൂട്ട് പൂര്‍ത്തിയായി സെന്‍സര്‍ ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ചിട്ടും അനുമതി നല്‍കാതെ ജന നായകനെ തടഞ്ഞുവെച്ചു. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം ആദിക് രവിചന്ദ്രനുമായുള്ള പ്രൊജക്ടിന് നിര്‍മാതാക്കളില്ലെന്നതും വാര്‍ത്തയായിരുന്നു.
Content Highlight: Fans remembering the last clash release of Ajith and Vijay