| Friday, 20th February 2026, 10:51 pm

അണ്ടര്‍ടേക്കറിന്റെ ഗെറ്റപ്പും വെച്ച് വാള്‍ട്ടര്‍ ചോക്ക്സ്ലാം ചെയ്തിരുന്നെങ്കില്‍ കലക്കിയേനെ, ചത്താ പച്ചയെക്കുറിച്ചുള്ള ആരാധകരുടെ അഭിപ്രായം വൈറല്‍

അമര്‍നാഥ് എം.

തിയേറ്ററിലെ ഓളം ഒ.ടി.ടിയിലും ആവര്‍ത്തിക്കുകയാണ് ചത്താ പച്ച. ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ ആസ്പദമാക്കി നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ച കഴിഞ്ഞദിവസമാണ് നെറ്റ്ഫ്‌ളിക്‌സിലെത്തിയത്. ഫോര്‍ട്ടുകൊച്ചിയുടെ പശ്ചാത്തലത്തില്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ പറിച്ചുനട്ട ചത്താ പച്ചയെ യുവാക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

റിലീസിന് മുമ്പ് ചത്താ പച്ചയുടെ ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയുടെ അതിഥിവേഷം. ചിത്രത്തിന്റെ തുടക്കം മുതല്‍ നല്‍കിയ ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ മമ്മൂട്ടിയുടെ വാള്‍ട്ടറിന് സാധിച്ചിരുന്നില്ല. ഒ.ടി.ടി റിലീസിലെത്തിയപ്പോള്‍ സിങ്ക് സൗണ്ടിന് പകരം മമ്മൂട്ടി റീഡബ്ബ് ചെയ്യുകയായിരുന്നു.

എന്നാല്‍ റീഡബ്ബ് ചെയ്തിട്ടും വാള്‍ട്ടറിന് പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിമര്‍ശനങ്ങള്‍ക്കൊപ്പം ചില സജഷനുകളും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ക്ലൈമാക്‌സ് ഫൈറ്റില്‍ മമ്മൂട്ടിയും ആക്ടീവായി നില്‍ക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇതിനോടകം വൈറലായി.

ക്ലൈമാക്‌സില്‍ വില്ലനായ ചെറിയാനെ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച സാവിയോയാണ് കീഴ്‌പ്പെടുത്തുന്നത്. ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ ഐക്കോണിക് ഐറ്റമായ ചോക്ക്സ്ലാമിലൂടെയാണ് ചെറിയാനെ വീഴ്ത്തുന്നത്. മുജീബ് മജീദിന്റെ ബി.ജി.എമ്മും ആനന്ദ് ചന്ദ്രന്റെ ഛായാഗ്രഹണവും ഈ സീനിനെ കൂടുതല്‍ മികച്ചതാക്കിയിട്ടുണ്ട്.

എന്നാല്‍ അണ്ടര്‍ടേക്കറിന്റെ ഗെറ്റപ്പില്‍ എത്തിയ വാള്‍ട്ടര്‍ ചോക്ക്സ്ലാമിലൂടെ ചെറിയാനെ വീഴ്ത്തിയിരുന്നെങ്കില്‍ ഗംഭീരമായേനെയെന്നാണ് പോസ്റ്റില്‍ പറയുന്നത്. ആരാധകര്‍ക്ക് ആഘോഷിക്കാനും സിനിമയെ കുറച്ചുകൂടി ബൂസ്റ്റ് ചെയ്യാനും ഈയൊരു സീന്‍ സഹായിച്ചേനെയെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. ലോഗാന്‍ എന്ന ഐ.ഡി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഈ അഭിപ്രായം കുറിച്ചത്.

വന്‍ ബില്‍ഡപ്പില്‍ വന്നെങ്കിലും കസേരയിലിരുന്ന് അനിയന്‍കുട്ടന്മാര്‍ക്ക് നിര്‍ദേശം നല്‍കുന്ന കഥാപാത്രമായി വാള്‍ട്ടര്‍ മാറി. റെസ്‌ലിങ്ങിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ ആക്ഷന്‍ സീനിന് പ്രാധാന്യം നല്‍കിയില്ലെന്നും വിമര്‍ശനമുണ്ട്. വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ബോക്‌സ് ഓഫീസില്‍ 40 കോടിയിലേറെയാണ് ചത്താ പച്ച നേടിയത്.

Content Highlight: Fans post about suggestion in Mammootty’s character in Chatha Pacha movie viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more