| Monday, 17th August 2026, 10:02 pm

അമ്പത് ശതമാനം ഒക്കുപ്പന്‍സി വെച്ച് എണ്‍പത് കോടിയടിച്ച ദുല്‍ഖറാണ്; ട്രോളുകള്‍ക്ക് മറുപടിയുമായി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്ത കാലത്ത് കേരളത്തിലെ സിനിമാ പേജുകളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ കാര്യമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഐ ആം ഗെയ്മിന്റെ റിലീസ് ഓഗസ്റ്റ് 20ല്‍ നിന്നും സെപ്റ്റംബര്‍ 3ലേക്ക് മാറ്റി വെച്ചത്. ഇതിന് പിന്നാലെ വലിയ ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ താരത്തിന് നേരിടേണ്ടി വന്നത്. ഓണത്തിന് ക്ലാഷ് റിലീസായി ചിത്രം റിലീസ് ചെയ്യാന്‍ ദുല്‍ഖറിന് ഭയമാണെന്നും ഇതിനാലാണ് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ റിലീസ് മാറ്റി വെച്ചത് എന്നുമാണ് പലരും പരിഹാസമായി പറയുന്നത്.

Photo: District

പൃഥ്വിരാജ് നായകനായി മോഹന്‍ലാല്‍ കാമിയോ റോളിലെത്തുന്ന ഖലീഫ, നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ചിത്രത്തിന്റെ ക്ലാഷ് റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വലിയ സ്‌കെയിലിലെത്തുന്ന ചിത്രത്തിന് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കാന്‍ വേണ്ടിയാണ് ചിത്രം മാറ്റിവെക്കുന്നതെന്നായിരുന്നു ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് അറിയിച്ചത്. ഖലീഫയുടെയും ബെത്‌ലഹേമിന്റെയും ഓളത്തില്‍ ചിത്രം മുങ്ങിപ്പോകുമെന്ന ഭയമാണ് ദുല്‍ഖറിനെന്നാണ് പലരും ട്രോളുന്നത്.

ഇപ്പോഴിതാ ഇത്തരം ട്രോളുകള്‍ക്കെല്ലാം മറുപടിയായിട്ടാണ് ദുല്‍ഖര്‍ ആരാധകര്‍ രംഗത്തെത്തുന്നത്. കൊവിഡ് സമയത്ത് പല ചിത്രങ്ങളും തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ മടിച്ചപ്പോഴും തിയേറ്ററില്‍ വലിയ നേട്ടം കൊയ്ത കുറുപ്പിനെ ഓര്‍മിപ്പിച്ചാണ് ദുല്‍ഖര്‍ ആരാധകരുടെ പോസ്റ്റുകള്‍ പലതും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിയേറ്ററുകളില്‍ ഒക്കുപ്പന്‍സി അമ്പത് ശതമാനമായി കുറച്ചിട്ടും ബോക്‌സ് ഓഫീസില്‍ നിന്നും എണ്‍പത് കോടിയോളമായിരുന്നു ചിത്രം സ്വന്തമാക്കിയത്.

കുറുപ്പ്. Photo: The Indian Express

2021ല്‍ തന്നെ ഇത്രയും സ്വാധീനം പ്രേക്ഷകരിലുണ്ടാക്കിയ ദുല്‍ഖര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഉണ്ടാക്കിയെടുത്ത റീച്ച് മലയാളത്തിലെ മറ്റൊരു നടനും അവകാശപ്പെടാന്‍ സാധിക്കാത്തതാണെന്നും പലരും അഭിപ്രായപ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മലയാളത്തില്‍ ഇന്നേ വരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ് ഐ ആം ഗെയിം. ചിത്രം വിജയമാകണമെങ്കില്‍ കൂടുതല്‍ സ്‌ക്രീനുകള്‍ ആവശ്യമാണെന്നും എങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള ചിത്രങ്ങളെ കുറിച്ച് ഇനിയും മലയാള സിനിമയ്ക്ക് ആലോചിക്കാന്‍ സാധിക്കുകയുള്ളൂ എന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Fans post about Dulquer Salmaan’s Kurupp Movie goes viral

We use cookies to give you the best possible experience. Learn more