| Wednesday, 24th December 2025, 7:07 pm

ഇപ്പോള്‍ ദിലീപിനും മോഹന്‍ലാലിനും ഭ ഭ ബയുടെ ക്രെഡിറ്റ് വേണ്ടാതായി, വൈറലായി ഫാന്‍ ഫൈറ്റ് പോസ്റ്റ്

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ അടുത്ത 100 കോടി നേടുമെന്ന അവകാശവാദത്തോടെ തിയേറ്ററിലെത്തിയ ചിത്രമാണ് ഭ ഭ ബ. ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ ബോക്‌സ് ഓഫീസില്‍ വീണിരുന്നു. 40 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ ബജറ്റ് പോലും തിരിച്ചുപിടിച്ചിട്ടില്ല.

ചിത്രം പരാജയമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രത്യേകതരം ഫാന്‍ ഫൈറ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. ഭ ഭ ബയില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തിയിരുന്നു. 20 മിനിറ്റോളം വരുന്ന ഗില്ലി ബാല എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. റിലീസിന് മുമ്പ് ഭ ഭ ബയുടെ ഹൈപ്പിന്റെ ക്രെഡിറ്റ് മോഹന്‍ലാലാണെന്ന് ആരാധകര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ദിലീപിന്റെ തിരിച്ചുവരവാകും ഭ ഭ ബയെന്ന് ദിലീപ് ആരാധകരും അവകാശപ്പെട്ടു. ഒടുവില്‍ റിലീസിന് പിന്നാലെ ആര്‍ക്കും സിനിമയുടെ ക്രെഡിറ്റ് ആവശ്യമില്ലെന്ന സ്ഥിതി വന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെയും ദിലീപിന്റെയും ആരാധകരായ രണ്ട് ഐ.ഡികള്‍ തമ്മിലുള്ള കമന്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ഷമീര്‍ എന്ന മോഹന്‍ലാല്‍ ആരാധകന്‍ ഭ ഭ ബയുടെ ക്രെഡിറ്റെല്ലാം ദിലീപ് ആരാധകര്‍ ഏറ്റെടുത്തോളൂ എന്നായിരുന്നു കമന്റ് പങ്കുവെച്ചത്. എന്നാല്‍ ഇതിന് മറുപടിയായി അമീര്‍ അലി എന്ന ദിലീപ് ഫാന്‍ രംഗത്തെത്തി. ‘ അയ്യോ ഞങ്ങള്‍ക്ക് വേണ്ട, നിങ്ങളായിരുന്നല്ലോ റിലീസിന് മുമ്പ് ക്രെഡിറ്റെടുക്കാന്‍ മുന്നിലുണ്ടായിരുന്നത്’ എന്നായിരുന്നു മറുപടി നല്‍കിയത്.

ഈ സ്‌ക്രീന്‍ ഷോട്ട് ട്രോള്‍ പേജുകളിലും വൈറലായി. പട്ടണപ്രവേശം എന്ന ചിത്രത്തില്‍ കുട നന്നാക്കാനെത്തുന്ന ശ്രീനിവാസന്റെയും മോഹന്‍ലാലിന്റെയും മീം വെച്ചുകൊണ്ടുള്ള ട്രോളിന് വന്‍ റീച്ചാണ്. ചിത്രം പരാജയമായതിന് പിന്നാലെ ട്രോളന്മാരുടെ ഇരയായി ഭ ഭ ബ മാറി. അതിജീവിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നൂറിന്‍ മനപൂര്‍വം ദിലീപിനെ വെച്ച് ഈ സിനിമ ചെയ്തതാണെന്ന് ആദ്യദിനം തന്നെ പലരും പലരും ദിലീപിനെ പരിഹസിച്ചിരുന്നു.

റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ ഭ ഭ ബ ബോക്‌സ് ഓഫീസില്‍ വീണിരിക്കുകയാണ്. സ്പൂഫ് ഴോണറില്‍ ലോജിക്കൊന്നും നോക്കരുതെന്ന് അണിയറപ്രവര്‍ത്തകര്‍ ആദ്യമേ പറഞ്ഞെങ്കിലും പ്രേക്ഷകരുമായി കണക്ടാകുന്നതില്‍ ഭ ഭ ബ പരാജയപ്പെട്ടു. ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയമാകുന്ന സിനിമകളുടെ ലിസ്റ്റില്‍ ഭ ഭ ബയും ഇടം നേടി.

Content Highlight: Fans of Mohanlal and Dileep don’t want the credit of Bha Bha Ba movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more