| Saturday, 14th February 2026, 10:48 am

നമ്മുടെ മമ്മൂക്ക ഇപ്പോള്‍ റോമിങ്ങാ, ഇന്റര്‍നാഷണല്‍ റോമിങ്, അക്കാദമി മ്യൂസിയത്തില്‍ ഭ്രമയുഗം പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ മാസ് സ്റ്റാറ്റസുമായി ആരാധകര്‍

അമര്‍നാഥ് എം.

മലയാളസിനിമയുടെ യശസ്സ് വാനോളമുയര്‍ത്തിയിരിക്കുകയാണ് ഭ്രമയുഗം. ഓസ്‌കര്‍ അക്കാദമിയുടെ മ്യൂസിയത്തില്‍ കഴിഞ്ഞദിവസം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ‘വെന്‍ ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ എന്ന വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമകള്‍ക്കൊപ്പമാണ് ഭ്രമയുഗം പ്രദര്‍ശിപ്പിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളസിനിമ കൂടിയാണിത്.

മലയാളസിനിമയുടെ പേര് അക്കാദമി വേദിയില്‍ മുഴങ്ങിക്കേട്ടതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. ഭ്രമയുഗം പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ ഭരിച്ചത്. ഇതിന് പിന്നാലെ മാസ് സ്റ്റാറ്റസുമായി മമ്മൂട്ടിയുടെ ആരാധകരും രംഗത്തെത്തി. മമ്മൂട്ടിയുടെ പല ഹിറ്റ് ഡയലോഗുകളാണ് സ്റ്റാറ്റസിനും പോസ്റ്റുകള്‍ക്കും ഉപയോഗിച്ചത്.

രാജമാണിക്യം എന്ന ഹിറ്റ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം പറയുന്ന ഡയലോഗ് ക്യാപ്ഷനാക്കിക്കൊണ്ടുള്ള പോസ്റ്റാണ് ഏറ്റവുമധികം വൈറലായത്. ‘നമ്മുടെ കൂട്ടുകാരന്‍ ഇപ്പോള്‍ റോമിങ്ങാ, ഇന്റര്‍നാഷണല്‍ റോമിങ്’ എന്ന ഡയലോഗോടെ രാഹുല്‍ രാജ് എന്ന ഐ.ഡി പങ്കുവെച്ച പോസ്റ്റ് ഇതിനോടകം നിരവധി ലൈക്കുകളും കമന്റുകളും സ്വന്തമാക്കി.

അക്കാദമി മ്യൂസിയത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് പങ്കുവെച്ച സ്റ്റോറിയുടെ സ്‌ക്രീന്‍ഷോട്ടും സിനിമാപേജുകളില്‍ വൈറലായി. ഭ്രമയുഗത്തിന്റെ ടൈറ്റില്‍ കാര്‍ഡും പോസ്റ്ററുമാണ് അക്കാദമി പങ്കുവെച്ചത്. മലയാളസിനിമ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷം കഴിഞ്ഞദിവസം പലരും പങ്കുവെച്ചിരുന്നു. ഭ്രമയുഗത്തിന് മുമ്പും ഇന്ത്യന്‍ സിനിമകള്‍ അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ അതെല്ലാം ‘കലൈഡോസ്‌കോപ്പ്: എ മിറര്‍ ഓഫ് ഇന്ത്യന്‍ സിനിമ’ എന്ന വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ സിനിമകള്‍ മാത്രമായിരുന്നു ഈ ലിസ്റ്റില്‍. എന്നാല്‍ ഭ്രമയുഗത്തിനൊപ്പമുണ്ടായിരുന്നതെല്ലാം അന്താരാഷ്ട്ര സിനിമകളായിരുന്നു. മിഡ്‌സോമ്മര്‍, ഹക്‌സാന്‍, യൂ വോണ്ട് ബി എലോണ്‍ തുടങ്ങിയ ക്ലാസിക് ഹൊറര്‍ സിനിമകളാണ് ‘വെന്‍ ഫോറസ്റ്റ് മീറ്റ്‌സ് ദി സീ’ എന്ന വിഭാഗത്തിലെ മറ്റ് സിനിമകള്‍.

17ാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗം പറഞ്ഞത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുങ്ങിയ ചിത്രം സിനിമാപ്രേമികള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. കൊടുമണ്‍ പോറ്റിയായും ചാത്തനായുമുള്ള മമ്മൂട്ടിയുടെ പ്രകടനം ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി. കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ തിളങ്ങിയ ഭ്രമയുഗം ഇനി വരാനിരിക്കുന്ന ദേശീയ അവാര്‍ഡ് വേദിയിലും തിളങ്ങുമെന്നാണ് പലരും കരുതുന്നത്.

Content Highlight: Fans expressing their happiness after Bramayugam screened in Academy museum

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more